നീരവ് മോദിയുടെ തട്ടിപ്പിന് സമാനമായി ഡൽഹിയിലും തട്ടിപ്പ് ;  ദ്വാരകദാസ് ജ്വല്ലറി 390 കോടി തട്ടിച്ചെന്നു പരാതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നീരവ് മോദിയുടെ തട്ടിപ്പിന് സമാനമായി ഡൽഹിയിലും തട്ടിപ്പ് ;  ദ്വാരകദാസ് ജ്വല്ലറി 390 കോടി തട്ടിച്ചെന്നു പരാതി

ന്യൂഡൽഹി∙ വജ്രവ്യാപാരി നീരവ് മോദി 11,400 കോടി  രൂപ  പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) നിന്നു തട്ടിച്ചതിനു സമാനമായി ഡൽഹിയിലും തട്ടിപ്പ്. രാജ്യതലസ്ഥാനം ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ്വാരകദാസ് ജ്വല്ലറി 390 കോടി തട്ടിച്ചെന്ന പരാതിയില്‍ ജ്വല്ലറിക്കെതിരെ കേസെടുത്തു.

389.85 കോടി രൂപ തട്ടിച്ചെന്ന ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സിന്റെ പരാതി ലഭിച്ച് ആറു മാസത്തിനു ശേഷമാണു ദ്വാരകദാസ് ജ്വല്ലറി ശാഖയിൽ സിബിഐ റെയ്ഡ് നടത്തിയത്. നീരവ് മോദിയുടെ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണു സിബിഐ നടപടി സ്വീകരിച്ചത്. വജ്രം, സ്വർണം, വെള്ളി ആഭരണങ്ങൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡൽഹി കരോൾ ബാഗ് ആസ്ഥാനമായ ദ്വാരകദാസ് ജ്വല്ലറിയിലെ തട്ടിപ്പും നീരവ് മോദിയുടെ തട്ടിപ്പും തമ്മിൽ സമാനതയുമുണ്ട്.

 

ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ഗ്രേറ്റർ കൈലാഷ് രണ്ട് ശാഖയിൽനിന്ന് 2007 മുതൽ പല തവണയായി വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ജാമ്യപത്രം ഹാജരാക്കി വായ്പ നേടിയെന്നാണു കണ്ടെത്തൽ. ഡൽഹിയിലെ പഞ്ചാബിബാഗ് സ്വദേശികളായ സഭ്യ സേത്ത്, റീത്ത സേത്ത് എന്നിവരുടെയും സാരയ് കാലെ ഖാൻ നിവാസികളായ കിഷൻ കുമാർ സിങ്, രവി കുമാർ സിങ് എന്നിവരുടെയും ഉടമസ്ഥതയിലുള്ളതാണു ദ്വാരകദാസ് സേത്ത് ഇന്റർനാഷനൽ.