രാജ്യത്തെ റീടെയിൽ പണപ്പെരുപ്പ നിരക്ക്​ ഉയർന്നു; വ്യവസായിക ഉൽപാദനത്തിൽ കുറവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജ്യത്തെ റീടെയിൽ പണപ്പെരുപ്പ നിരക്ക്​ ഉയർന്നു; വ്യവസായിക ഉൽപാദനത്തിൽ കുറവ്

ന്യൂഡൽഹി: ജൂൺ മാസത്തിൽ രാജ്യത്തെ റീടെയിൽ പണപ്പെരുപ്പ നിരക്ക്​ ഉയർന്നു. ജൂണിൽ അഞ്ച്​ ശതമാനമാണ്​ രാജ്യത്തെ റീടെയിൽ പണപ്പെരുപ്പ നിരക്ക്​.  കഴിഞ്ഞ എട്ട്​ മാസവും റിസർവ്​ ബാങ്കി​​ന്റെ ലക്ഷ്യമായ 4 ശതമാനത്തിലേക്ക്​ പണപ്പെരുപ്പം താഴ്​ന്നിരുന്നില്ല. മെയിൽ 4.87 ശതമാനം വരെ എത്തിയിരുന്നു.

 പണപ്പെരുപ്പ നിരക്ക്​ 5.30 ശതമാന​ത്തി​ലെത്തുമെന്നായിരുന്നു റോയിട്ടേഴ്‌സിന്റെ പ്രവചനം. ഇന്ധനവില വർധിച്ചതാണ്​ പണപ്പെരുപ്പം ഉയരുന്നതിലേക്ക്​ നയിച്ചതെന്നാണ്​ സൂചന.  പണപ്പെരുപ്പ നിരക്ക്​ ഉയർന്നതോടെ ആർ.ബി.ഐ  റിപ്പോ, റിവേഴ്​സ്​ റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താനുള്ള സാധ്യത ഏറെയാണ്​.

അതേ സമയം, രാജ്യത്തെ വ്യവസായിക ഉൽപാദനത്തിലും കുറവുണ്ടായിട്ടുണ്ട്​. വ്യവസായിക ഉൽപാദനം നിരക്ക്​ 3.2 ശതമാനമായാണ്​ താഴ്​ന്നത്​. കഴിഞ്ഞ മാസം ഇത്​ 4.9 ശതമാനമായിരുന്നു. അഭ്യന്തര വിപണിയിൽ ഉൽപന്നങ്ങൾക്കുള്ള ആവശ്യകതയിൽ കുറവുണ്ടായതാണ്​ വ്യവസായിക ഉൽപാദനം കുറയുന്നതിലേക്ക്​ ഇടയാക്കിയതെന്നാണ്​ സൂചന.