വാണിജ്യ മേഖലക്ക് ഉണർവ് പകരാൻ സംസ്ഥാന വാണിജ്യ മിഷൻ രൂപീകരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാണിജ്യ മേഖലക്ക് ഉണർവ് പകരാൻ സംസ്ഥാന വാണിജ്യ മിഷൻ രൂപീകരിച്ചു

കേരളത്തിന്റെ തനതായ ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്രവിപണി ഉറപ്പുവരുത്തുന്നതിനും വാണിജ്യമേഖലയിൽ സംസ്ഥാനത്തിന്റെ അനന്ത സാധ്യതകൾ കണ്ടെത്തുന്നതിന് നടപടികൾ നിർദ്ദേശിക്കുന്നതിനും വേണ്ടി സംസ്ഥാന വാണിജ്യ മിഷൻ രൂപീകരിച്ചു. വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രൊഫസർ സുശീൽ ഖന്നയാണ് ചെയർമാൻ.  

വ്യവസായം, നോർക്ക, ടൂറിസം, ധനകാര്യം (എക്‌സ്‌പെൻഡിച്ചർ) വകുപ്പ് സെക്രട്ടറിമാർ, വ്യവസായത്തിന്റെ ചുമതലയുള്ള സംസ്ഥാന ആസൂത്രണ ബോർഡ് അംഗം, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ചെയർമാൻ എന്നിവർ വാണിജ്യ മിഷനിൽ അംഗങ്ങളായിരിക്കും.

വാണിജ്യ മേഖലയിൽ നിലനിൽക്കുന്ന വിവിധ സർക്കാർ സർക്കാതിര ഏജൻസികളുടെ ഏകോപനത്തിന് സർക്കാരിന്റെ നോഡൽ ഏജൻസി ആയിട്ടായിരിക്കും വാണിജ്യമിഷൻ പ്രവർത്തിക്കുക.  വരുമാനത്തിൽ ഏകദേശം 63 ശതമാനത്തോളം നേടിത്തരുന്ന വാണിജ്യവും സേവനവും ഉൾപ്പെടുന്ന ത്രിതീയ മേഖല സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ സുപ്രധാന പങ്കാണ് വഹിക്കുന്നത്.  

കുടുംബശ്രീ ഉൾപ്പെടെയുള്ള കേരളത്തിലെ ചെറുകിട വ്യവസായ സംരംഭങ്ങളുടെ മത്സരശേഷി ഉയർത്തുന്നതോടൊപ്പം ഇവരുടെ ഉല്പന്നങ്ങൾക്ക് ദേശീയ അന്തർദേശീയ തലത്തിൽ നിർണ്ണായക സ്ഥാനം നേടിക്കൊടുക്കാനും മിഷന്റെ രൂപീകരണം വഴി സാധ്യമാകും.