ഇന്ത്യൻ ഓഹരി വിപണിയിൽ വിൽപന സമ്മർദം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യൻ ഓഹരി വിപണിയിൽ വിൽപന സമ്മർദം

കൊച്ചി∙ ഇന്ത്യൻ വിപണിയിൽ ഓരോ ദിവസവും വിൽപന സമ്മർദം ശക്തി പ്രാപിച്ചു വരികയാണ്. ഇന്നലെ നിഫ്റ്റിയിൽ 100 പോയിന്റ് ഇടിവ് ഉണ്ടായി. ഇന്നും തുടക്കം മുതൽ തന്നെ ഇടിവ് പ്രവണതയാണു വിപണിയിൽ കാണുന്നത്. ഇന്നലെ 11085.40ൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഇന്നു രാവിലെ 11034.05ലാണു വ്യാപാരം ആരംഭിച്ചത്. തുടർന്ന് നിഫ്റ്റി നിർണായകമായ 11000 ലവലിനു താഴെ വരെ ഒരവസരത്തിൽ എത്തി. മാർച്ച് ആറിനു ശേഷം ആദ്യമായാണ് ഈ നിലയിലേയ്ക്ക് നിഫ്റ്റി എത്തുന്നത്. സെൻസെക്സാകട്ടെ 37397.24ൽ നിന്ന് 37257.55ലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് ഒരുവേള വ്യാപാരം 37128.26 വരെ ഇടിവ് രേഖപ്പെടുത്തി.

ജൂലൈയിൽ മാത്രം നിഫ്റ്റിയിൽ 1000 പോയിന്റിന്റെ ഇടിവാണ് ഉണ്ടായത്. ബാങ്ക് നിഫ്റ്റി ഈ മാസത്തെ അതിന്റെ ഉയർന്ന നിലയിൽ നിന്ന് 3000 പോയിന്റിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. മധ്യനിര, ചെറുകിട ഓഹരികളുടെ കാര്യത്തിലും ഇതേ രീതിയിലുള്ള ഇടിവാണ് കാണുന്നത്. പ്രധാനമായും ജൂലൈയിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 15000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതാണ് നെഗറ്റീവ് സെന്റിമെന്റ് കൂടുതൽ ശക്തമാകാൻ കാരണം. നിഫ്റ്റിയിൽ ഇന്ന് പ്രകടമാക്കിയ 11000 ലവൽ എന്നുള്ളത് ഇൻട്രാ ഡേയിൽ താഴെ വന്നെങ്കിലും ഇതൊരു സെന്റിമെന്റൽ സപ്പോർട് ആയി വിപണിയിൽ തുടർന്നേക്കുമെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. ഇതിനു താഴെ ഇപ്പോൾ 10950 – 10880 ലവലിലാണ് സപ്പോർട് ഉള്ളത്. വിപണിയുടെ ഇപ്പോഴത്തെ ഏറ്റവും അടുത്ത റെസിസ്റ്റൻസ് അതിന്റെ 200 ദിവസത്തെ മൂവിങ് ആവറേജ് ആയ 11130 – 11140 ലവലിലാണ്.