സെൻസെക്സ് കുതിയ്ക്കുന്നു: നിഫ്റ്റി 11,000 പിന്നിട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സെൻസെക്സ് കുതിയ്ക്കുന്നു: നിഫ്റ്റി 11,000 പിന്നിട്ടു
മുംബൈ ∙ ഇന്ന് റെക്കോർഡ് കുതിപ്പിൽ എത്തിയിരിക്കുകയാണ് സെൻസെക്സ്. രാജ്യത്തെ മുപ്പതു മുൻനിര ഓഹരി ഓഹരി സൂചികയായ സെൻസെക്സ് രാവിലെ 271.55 പോയിന്റ് ഉയർന്ന് 36,538.48 എന്ന തലത്തിലെത്തി. വ്യാപാരം തുടങ്ങി നിമിഷങ്ങൾക്കകം ആണ് സെന്‍സക്സ് റെക്കോര്‍ഡ് വേഗത്തില്‍ കുതിച്ചത്.
 
റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ, യെസ് ബാങ്ക്, മാരുതി സുസുക്കി, കോട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് ഈ കുതിപ്പിന് പിന്തുണയായത്. ഈ ഓഹരികളെല്ലാം 1.5 ശതമാനത്തോളം നേട്ടമുണ്ടാക്കി. രാജ്യത്തെ അൻപതു മുൻനിര ഓഹരികൾ ലിസ്റ്റു ചെയ്യുന്ന നിഫ്റ്റി 83.75 പോയിന്റിന്റെ കുതിപ്പിൽ 11,000 എന്ന തലം പിന്നിട്ട് 11,032.05 ലെത്തി.
 
ബിഎസ്ഇയിൽ ലിസ്റ്റു ചെയ്ത മുപ്പതു ഓഹരികളിൽ ഇരുപത്തിയാറെണ്ണവും ഇന്നു രാവിലെ മികവിന്റെ പാതയിലായിരുന്നു. എഷ്യൻ പെയിന്റസ്, കോൾ ഇന്ത്യ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. ഇൻഫോസിസ് (1.4 ശതമാനം ഇടിവ്), എം ആൻഡ് എം(1.04 ശതമാനം ഇടിവ്), വേദാന്ത(0.89 ശതമാനം ഇടിവ്) തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.
 
ബ്രെന്റ് ക്രൂഡ് വില രണ്ടു വർഷത്തെ ഭേദപ്പെട്ട നിലയിലെത്തിയത് ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ ഓഹരികൾക്കു നേട്ടമായി. നാലു ശതമാനത്തോളമാണ് ഈ ഓഹരികളുടെ വില ഉയർന്നത്. ഇൻഡിഗോ എയർലൈൻസ് ഉടമകളായ ഇന്റർഗ്ലോബ് എവിയേഷൻ ലിമിറ്റഡ്, ജെറ്റ് എയർ ഓഹരികൾ നാലു ശതമാനത്തോളം കുതിപ്പ് രേഖപ്പെടുത്തി.
 
സ്പൈസ്ജറ്റ് ഓഹരിവില മൂന്നു ശതമാനം ഉയർന്നു. ക്രൂഡോയിൽ വിലയിലെ ഇടിവാണ് എയർലൈൻ ഓഹരികൾക്ക് നേട്ടമായതെന്നാണ് വിലയിരുത്തൽ. ബാങ്കിങ് ഓഹരികളിൽ എസ്ബിഐ ഓഹരിവില 263.50 എന്ന തലത്തിലെത്തി.
 
അദാനി പവർ ഓഹരികളാണ് ഇന്ന് രാവിലെ ഏറ്റവുമധികം വിനിമയം ചെയ്യപ്പെട്ടത്. അദാനി പവറിന്റെ 1.88 കോടി ഓഹരികൾ ഇന്ന് കൈമാറ്റം ചെയ്യപ്പെട്ടു. 90 ലക്ഷം ഓഹരികളുടെ വിനിമയത്തിൽ ഐഡിബിഐ ബാങ്കും 75 ലക്ഷം ഓഹരികളുടെ ഓഹരികളുടെ കൈമാറ്റത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷനുമാണ് തൊട്ടുപിന്നിൽ.

LATEST NEWS