വേലി തന്നെ വിളവു തിന്നുന്നു: ഡിജിപിക്ക് ജോലിക്കാരായി 36 പൊലീസുകാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വേലി തന്നെ വിളവു തിന്നുന്നു: ഡിജിപിക്ക് ജോലിക്കാരായി 36 പൊലീസുകാര്‍
തിരുവനന്തപുരം: പോലീസുകാരുടെ ദാസ്യവേല വിവാദമായിരിക്കെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കൂടെ ജോലി ചെയ്യുന്നത് 36 പൊലീസുകാര്‍.11 പേര്‍ ക്യാമ്പ്‌ ഫോളോവേര്സ് ആണ്.സുരക്ഷാചുമതല ഉൾപ്പെടെയുള്ള ജോലികള്‍ക്കാണ് ബാക്കിയുള്ളവരെ നിയമിച്ചിരിക്കുന്നതെന്നാണ് ആരോപണം.ഇവരെ മടക്കിവിളിക്കാന്‍ നടപടി വേണമെന്ന് ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ക്യാംപ് ഫോളോവേഴ്‌സ് വിഷയം വിവാദമായതോടെ ചില പൊലീസുകാരെ ക്യാംപിലേക്കു മടക്കി അയച്ചിട്ടുണ്ട്. 
 
ടോമിന്‍ ജെ. തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് എഡിജിപിയായിരിക്കെ, പൊലീസ് സേനയില്‍ ചുമതലപ്പെടുത്തിയ ഡ്യൂട്ടികള്‍ക്കു പകരം ഡ്യൂട്ടി ചെയ്യുന്നവരുടെയും രാഷ്ട്രീയക്കാരുടെയും മറ്റു വിഐപികളുടേയും സുരക്ഷാ ജീവനക്കാരായി പ്രവര്‍ത്തിക്കുന്നവരുടെയും കണക്കെടുത്തിരുന്നു. ഇത്തരത്തില്‍ 3,200 പേരുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. കണക്കെടുപ്പിനോടു വകുപ്പില്‍നിന്നു സഹകരണവും ലഭിച്ചില്ല.
 
നിയമ പ്രകാരമല്ലാതെ ക്യാംപില്‍നിന്നു മാറി ആറു വര്‍ഷമായി പൊലീസ് ആസ്ഥാനത്തു ജോലി ചെയ്യുന്നയാളെയും പരിശോധനയില്‍ കണ്ടെത്തി. ജോലി പൊലീസ് ആസ്ഥാനത്ത്, ശമ്പളം വാങ്ങുന്നതു ക്യാംപില്‍നിന്ന് പൊലീസ് ആസ്ഥാനത്തെ ലിസ്റ്റില്‍ പേരു കാണാത്തതിനെത്തുടര്‍ന്നു പരിശോധിച്ചപ്പോള്‍ ക്യാംപിലെ റജിസ്റ്ററില്‍ പേരുണ്ട്. ഈ ഉദ്യോഗസ്ഥനുവേണ്ടി ദിവസവും ഒപ്പിടുന്നത് ഒരു വനിതാ ജീവനക്കാരി. പൊലീസ് ബാന്‍ഡില്‍ ജോലി ചെയ്യുമ്പോള്‍ ഒരു എഡിജിപിയുടെ നിര്‍ദേശ പ്രകാരം പൊലീസ് ആസ്ഥാനത്തെത്തിയതാണ്. പിന്നീടു തിരികെപ്പോയില്ല. ആരും അന്വേഷിച്ചുമില്ല.
 
ജോലി ചെയ്യാതെ വര്‍ഷങ്ങളായി ശമ്പളം വാങ്ങിക്കുന്ന ഒരു ഡിവൈഎസ്പിയെയും പരിശോധനയില്‍ കണ്ടെത്തി. പണ്ടെങ്ങോ അസുഖം വന്നതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയായിരുന്നു സുഖവാസം. ഇതെല്ലാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടായില്ല. ഉന്നതരുടെ നിര്‍ദേശപ്രകാരം പകരം ജോലി ചെയ്യുന്നവരെക്കുറിച്ചു പരിശോധിക്കാന്‍ പൊലീസ് ആസ്ഥാനത്തു സംവിധാനവുമില്ല. വിഐപികളുടെ കൂടെയുള്ള ജോലി ഒരു വിഭാഗം പൊലീസുകാര്‍ ചോദിച്ചു വാങ്ങുന്നതാണെന്നു. പൊലീസുകാര്‍ തന്നെ പറയുന്നു.
 
മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, മത നേതാക്കള്‍ എന്നിവര്‍ക്കൊപ്പം ഡ്യൂട്ടി ചോദിച്ചു വാങ്ങുന്നവരുണ്ട്. വിഐപി ഡ്യൂട്ടി കിട്ടിയാല്‍ പിന്നെ കുറേ വര്‍ഷത്തേക്കു തിരിച്ചു വരവുണ്ടാകില്ല. നേതാക്കളുടെ ഇഷ്ടക്കാരായാല്‍ അവരുടെ ശുപാര്‍ശപ്രകാരം കൂടെ നിര്‍ത്തും. നേതാവിനോടൊപ്പം നില്‍ക്കുമ്പോഴുള്ള അധികാരം ആസ്വദിച്ചു പൊലീസുകാര്‍ ആ ജോലിയില്‍ തുടരും. വിഐപി ഡ്യൂട്ടിയിലാണെങ്കില്‍ യൂണിഫോം ധരിക്കേണ്ടെന്ന ആനുകൂല്യമുണ്ട്.
 
ക്രമസമാധാന ഡ്യൂട്ടി, ക്യാംപിലെ പരിശീലനം, സംഘര്‍ഷ മേഖലകളിലെ ഡ്യൂട്ടി എന്നിവയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാം. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കൊപ്പവും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. കോടതി ഡ്യൂട്ടിയും കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

LATEST NEWS