കോഴിക്കോട്ട് യുവാക്കളെ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന; ഒരാള്‍ അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോഴിക്കോട്ട് യുവാക്കളെ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ യുവാക്കൾക്ക് വിൽപനക്കായി കൊണ്ടുവന്ന 23 ഗ്രാം ബ്രൗൺഷുഗറുമായി  നാല്പത്തി മൂന്നുകാരൻ അറസ്റ്റിൽ. കോഴിക്കോട് എരഞ്ഞിക്കൽ കൊന്നാരിമൂല സ്വദേശി ഷൈജു എന്ന വേളാങ്കണ്ണി ഷൈജുവിനെ(43)യാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നാല് വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഷൈജു നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ബ്രൗണ്‍ഷുഗര്‍ വില്‍പ്പന ആരംഭിച്ചത്. ബ്രൗണ്‍ഷുഗര്‍ ഉള്‍പ്പെടെയുള്ള ലഹരി മരുന്നിന് അടിമയായ ഷൈജു ലഹരി വസ്തുക്കള്‍ വാങ്ങാനായാണ് വില്‍പ്പന ആരംഭിച്ചത്. ഇയാള്‍ക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ എന്‍.ഡി.പി ആക്ട് പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 
രാജസ്ഥാനില്‍ നിന്നുമാണ് ഷൈജുവിന് ബ്രൗണ്‍ഷുഗര്‍ ലഭിക്കുന്നത്. രാജസ്ഥാനില്‍ നിന്നും വരുന്ന ബ്രൗണ്‍ഷുഗര്‍ കാസര്‍കോടുള്ള ഏജന്റ് തീവണ്ടി മാര്‍ഗ്ഗമാണ് ഷൈജുവിന് എത്തിച്ചു കൊടുക്കുന്നത്. കോഴിക്കോട്ടെ പൊതുസ്ഥലങ്ങളില്‍ നിരീക്ഷണം നടത്തുന്ന ഡന്‍സാഫ് ഉദ്യോഗസ്ഥര്‍ ആണ് ഷൈജുവിനെക്കുറിച്ചുള്ള വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്നാണ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത ഇടപാടുകാരെ കാത്തുനിന്ന ഇയാളെ പിടികൂടിയത്.