അഭിമന്യു വധം: മൂന്ന് കുറ്റവാളികള്‍ വിദേശത്തേക്ക് കടന്നതായി സൂചന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഭിമന്യു വധം: മൂന്ന് കുറ്റവാളികള്‍ വിദേശത്തേക്ക് കടന്നതായി സൂചന
കൊച്ചി: ഏറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷിക്കുന്ന മൂന്ന് കുറ്റവാളികള്‍ രാജ്യം വിട്ടതായി സൂചന. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് ഇവര്‍ വിദേശത്തേയ്ക്ക് കടന്നതെന്നാണ് വിവരം.
 
ഇതേസമയം പോലീസിനെതിരെ വിമര്‍ശനം ഉണ്ടാകാനും സാധ്യതയുണ്ട്. കൊലപാതകം നടന്ന് അഞ്ചു ദിവസത്തിന് ശേഷമാണ് വിമാനത്താവളങ്ങളില്‍ പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. അതിന് മുന്‍പ് തന്നെ പ്രതികള്‍ വിദേശത്തേക്ക് കടക്കാമെന്നാണ് നിഗമനം. ഇത് പോലീസിന്റെ ഗുരുതര വീഴ്ചയായി കണക്കാക്കപ്പെടാം. കൊച്ചിയില്‍ നിന്ന് റോഡ്‌ മാര്‍ഗ്ഗം ഹൈദരാബാദിലെത്തി അവിടെ നിന്ന് പ്രതികള്‍ വിദേശത്തേക്ക് കടന്നു എന്നാണ് പ്രാഥമിക നിഗമനം.
 
അതേസമയംകേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. ഏതാനും ചിലര്‍ കൂടി അന്വേഷണസംഘത്തിന്‍റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലിസ് പുറത്ത് വിട്ടിട്ടില്ല. പ്രതികള്‍ വിദേശത്തെക്ക് കടന്നു എന്നാ സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് അതേകുറിച്ചും അന്വേഷണം നടക്കുന്നു. കൃത്യം നടത്തിയ ശേഷം കടന്നുകളഞ്ഞ ക്രിമിനല്‍ സംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
 
പ്രതികളെന്ന് സംശയിക്കുന്നവര്‍ ഓട്ടോ ഡ്രൈവറുമായി സംസാരിക്കുന്ന വീഡിയോ ആണ് പുറത്തു വന്നത്. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളുടെ ഉടമകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം വാഹനം ഉപേക്ഷിച്ചാണ് പ്രതികള്‍ രക്ഷപെട്ടത്.