കൊക്കൈന്‍ കടത്ത്: നൈജീരിയക്കാരന്  ഏഴ് വര്‍ഷം തടവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊക്കൈന്‍ കടത്ത്: നൈജീരിയക്കാരന്  ഏഴ് വര്‍ഷം തടവ്

ദോഹ: കൊക്കൈന്‍ അടങ്ങിയ ഗുളികകള്‍ കടത്തുന്നതിനിടെ വിമാനത്താവളത്തില്‍ പിടിയിലായ നൈജീരിയക്കാരന് ദോഹ ക്രിമിനല്‍ കോടതി ഏഴ് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും വിധിച്ചു.
 
തടവ് കാലാവധി കഴിഞ്ഞതിന് ശേഷം പ്രതിയെ നാടു കടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ബ്രസീലില്‍ നിന്നും നൈജീരിയയിലേക്കുള്ള വഴി ദോഹയില്‍ ട്രാന്‍സിറ്റിലിറങ്ങിയ പ്രതിയെ സംശയത്തിന്‍െറ അടിസ്ഥാനത്തില്‍ സുരക്ഷാ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. സൂക്ഷ്മ പരിശോധനയില്‍ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. 

തുടര്‍ന്ന് ഹോട്ടല്‍ റൂമിലെ ബാത്റൂമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 33 കൊക്കൈന്‍ ഗുളികകള്‍ കണ്ടെത്തി. ഹമദ് ആശുപത്രിയില്‍ പ്രതിയെ എക്സ് റേ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ബാക്കിവരുന്ന ഗുളികകള്‍ പ്രതിയുടെ ശരീരത്തിനുള്ളില്‍ കണ്ടെത്തി. 3500 ഡോളറിനാണ് പ്രതി കൊക്കൈന്‍ കടത്താന്‍ ശ്രമിച്ചിരുന്നത്.  1.1 കിലോഗ്രാം തൂക്കമാണ് പിടിച്ചെടുത്ത കൊക്കൈനിന്‍െറ ആകെ അളവ്. ജഡ്ജി മുസ്തഫ അബ്ദുല്‍ മജീദ് അല്‍ ബദവൈഹിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്.