കൊച്ചിയിലെ വൻ കവർച്ച :  പ്രതികളെ സഹായിച്ചയാള്‍ പിടിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊച്ചിയിലെ വൻ കവർച്ച :  പ്രതികളെ സഹായിച്ചയാള്‍ പിടിയില്‍

ബെംഗളൂരു∙ കൊച്ചിയിൽ വീട്ടുകാരെ ബന്ദികളാക്കി വൻ കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പിടിയില്‍. കവർച്ച നടത്തിയ പ്രതികളെ സഹായിച്ച ഷെമീമാണ് ബെംഗളൂരുവിൽ നിന്നു പിടിയിലായത്. അതേസമയം, കഴിഞ്ഞ ദിവസം ഡൽഹിയിൽ അറസ്റ്റിലായ ബംഗ്ലദേശ് സ്വദേശി ഷെംസാദ് (30), ഡൽഹി സ്വദേശികളായ റോണി (18), അർഷാദ് (20) എന്നിവരെ കൊച്ചിയിലെത്തിച്ചു.

കവർച്ചയിൽ പ്രതികളെ സഹായിച്ചയാളാണ് മുഖ്യപ്രതി നൂർഖാൻ എന്ന നസീർഖാന്റെ മരുമകനായ ഷെമീം. കവർച്ചയ്ക്ക് ശേഷം നൂർഖാന്റെ മൊബൈൽ ഫോൺ ഷെമീമിന്റെ പക്കലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാൾ വഴി മറ്റു പ്രതികളിലേക്കെത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം ഡൽഹിയിൽ അറസ്റ്റിലായ അർഷാദ്, ഷെഹ്സാദ്, റോണി എന്നിവരെ കൊച്ചിയിലെത്തിച്ചു.  ഇവരെ തിരിച്ചറിയിൽ പരേഡിനു വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.

മുഖ്യപ്രതി നൂർഖാൻ ബംഗ്ലാദേശിലേക്ക് കടന്നുവെന്നാണ് സംശയം. ഇവർ ഒളിവിൽ കഴിയാൻ സാധ്യതയുള്ള പശ്ചിമബംഗാൾ ബംഗ്ലാദേശ് അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് മറ്റൊരു പൊലീസ് സംഘം തിരച്ചിൽ നടത്തുന്നുണ്ട്.

ഡിസംബർ 15നു പുലർച്ചെ എറണാകുളം പുല്ലേപ്പടിയിലും 16നു പുലർച്ചെ തൃപ്പൂണിത്തുറ എരൂരിലുമാണു കവർച്ച നടന്നത്. പുല്ലേപ്പടിയിലെ വീട്ടിൽ വയോധികയെ ബന്ദിയാക്കി അഞ്ചു പവനും എരൂർ എസ്എംപി കോളനി റോഡിലെ വീട്ടിൽ ഗൃഹനാഥനെ തലയ്ക്കടിച്ചുവീഴ്ത്തിയും വീട്ടുകാരെ കെട്ടിയിട്ടും 54 പവനും 20,000 രൂപയുമാണു കവർന്നത്.ബംഗാളും ഉത്തരേന്ത്യയും കേന്ദ്രീകരിച്ചു നടത്തിയ ഒരു മാസത്തോളം നീണ്ട അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്.