മാതാപിതാക്കള്‍ വൈദ്യസഹായം  നല്‍കിയില്ല; പീഡനത്തിനിരയായ പെണ്‍കുട്ടി രക്തം വാര്‍ന്ന് മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാതാപിതാക്കള്‍ വൈദ്യസഹായം  നല്‍കിയില്ല; പീഡനത്തിനിരയായ പെണ്‍കുട്ടി രക്തം വാര്‍ന്ന് മരിച്ചു

അമൃത്സര്‍: വീട്ടുകാര്‍ വൈദ്യസഹായം   നല്‍കാത്തതിനാല്‍  കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി  രക്തം വാര്‍ന്ന് മരിച്ചു. ഒക്ടോബര്‍ 25 നാണ്  16 കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായത് . നാണക്കേട്‌ ഭയന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍  സംഭവം പോലീസിനെ അറിയിക്കുകയോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്യാഞ്ഞതാണ് മരണത്തില്‍ കലാശിച്ചത് . 

പഞ്ചാബിലെ ഫസിക ഗ്രാമത്തിലാണ് സംഭവം.പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലെ  വിദ്യാര്‍ഥിനിയാണ് കുട്ടി. സ്‌കൂളിലേക്ക് പോകുന്നവഴിയെ പെണ്‍കുട്ടിയെ മൂന്നുപേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് വഴിയരികില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ കണ്ടെത്തി ബന്ധുക്കള്‍ വീട്ടിലെത്തിച്ചു. എന്നാല്‍ ഈ വിവരം പോലീസിനെ അറിയിക്കാന്‍ അവര്‍ തയ്യാറായില്ല.പകരം  വീടിനുള്ളില്‍ വച്ച് പരിചരണം നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നാണ് അനിയന്ത്രിതമായ രക്തസ്രാവം പെണ്‍കുട്ടിയുടെ ജീവനെടുത്തത്.

 

ഗ്രാമവാസികളൊരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് വിവരം അറിയുന്നത്. അപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നുവെന്നാണ് ജലാലാബാദ് ഡിഎസ്പി അമര്‍ജിത് സിങ് പറയുന്നത്. ഏറെ പിന്നോക്കം നില്‍ക്കുന്ന ഗ്രാമങ്ങളിലൊന്നാണ് ഫസിക. പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറയുന്നു. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ കൂടെ പഠിക്കുന്നയാളാണെന്നാണ് വിവരം.


LATEST NEWS