ഇഷ്ടമില്ലാത്ത വിവാഹം...ഒടുവില്‍ കലാശിച്ചത് 13 പേരുടെ കൊലപാതകത്തില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇഷ്ടമില്ലാത്ത വിവാഹം...ഒടുവില്‍ കലാശിച്ചത് 13 പേരുടെ കൊലപാതകത്തില്‍

മുൾട്ടാൻ: വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഇഷ്ടമില്ലാത്ത വിവാഹം ചെയ്ത യുവതി ഭര്‍തൃ വീട്ടിലെ 13 പേരെ വിഷം കൊടുത്ത് കൊന്നു. വിഷം കഴിച്ച് അതീവ ഗുരുതരാവസ്ഥയിലായ മറ്റ് 14 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. 

മധ്യ പാക്കിസ്ഥാനിലെ മുസാഫർഗഡ് ജില്ലയിലാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്.ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ആയിഷ ബീബി വിവാഹിതയായത്. അയൽവാസിയായ യുവാവുമായി പ്രണയത്തിലായിരുന്ന ആയിഷ ബീബിയെ വീട്ടുകാർ നിർബന്ധിച്ച് മറ്റൊരു വിവാഹം കഴിപ്പിക്കുകയായിരുന്നെന്ന് പറയുന്നു.
വിവാഹം കഴിച്ചെത്തിയതു മുതൽ ഇവർക്ക് ഭർതൃവീട്ടുകാരുമായി മാനസിക അടുപ്പം ഉണ്ടായിരുന്നില്ല. ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകാനായിരുന്നു ആദ്യം മുതലേ ശ്രമം. ഇതിന്റെ ഭാഗമായി ഒരാഴ്ച മുൻപ് പാലിൽ വിഷം കലക്കി ഭർത്താവിനു കൊടുത്തെങ്കിലും കുടിച്ചില്ല. പദ്ധതി പാളിയതിൽ ക്രുദ്ധയായ യുവതി വിഷം കലർത്തിയ പാൽ തൈരിൽ കലർത്തി ഭർതൃവീട്ടുകാരുടെ ഒരു പരിപാടിയിൽ വിളമ്പുകയായിരുന്നു. 

സംഭവത്തിൽ ഉൾപ്പെട്ട ആയിഷ ബീബി എന്ന യുവതിയെയും ഇവരുടെ കാമുകനെയും കൊലയ്ക്ക് ഒത്താശ ചെയ്തുകൊടുത്ത ഇയാളുടെ ഒരു ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.