റെയില്‍വെ പാളത്തില്‍ കല്ല് നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റെയില്‍വെ പാളത്തില്‍ കല്ല് നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

കോട്ടയം: റെയില്‍പാളത്തില്‍ കല്ല് നിരത്തി ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമിച്ചതിന് തമിഴ്‌നാട് പുതുക്കോട്ട സ്വദേശി നാഗരാജ്(22)നെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. കോട്ടയം വഴി കടന്നുപോയ ഗരീബ്‌രഥ് എക്‌സ്പ്രസ് തിങ്കളാഴ്ച്ച വൈകീട്ട് സംക്രാന്തി കൊച്ചടിച്ചിറയ്ക്ക് സമീപം പാളത്തില്‍ നിരത്തിയ കല്ലില്‍ തട്ടി ഉലഞ്ഞിരുന്നു. ഇക്കാര്യം അപ്പോള്‍ തന്നെ ലോക്കോ പൈലറ്റ് ഏറ്റുമാനൂര്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിച്ചു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ട്രെയിന്‍ അട്ടിമറി ശ്രമം ബോധ്യമായത്. പാളത്തില്‍ ചെരുപ്പ് കയറ്റി വച്ച ശേഷം അതിന് മുകളിലാണ് കല്ലുകള്‍ നിരത്തിയത്. 

സംഭവസ്ഥലത്തെത്തി കല്ലുകള്‍ നീക്കം ചെയ്ത റെയില്‍വെ പോലീസ് തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നാഗരാജിനെ അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലാണ് കല്ല് വച്ചതെന്നാണ് ഇയാള്‍ ആര്‍പിഎഫിനോട് പറഞ്ഞത്. എന്നാല്‍ ഇയാളെക്കുറിച്ച്‌ വിശദമായി അന്വേഷിക്കുമെന്ന് ആര്‍പിഎഫ് അധികൃതര്‍ അറിയിച്ചു.

സംക്രാന്തിയിലെ ഹോളോബ്രിക്‌സ് സ്ഥാപനത്തിലെ തൊഴിലാളിയാണ് ഇയാള്‍. ട്രെയിന്‍ യാത്രക്കാരുടെ ജീവന്‍ അപകടപ്പെടുത്താനും റെയില്‍പാളത്തില്‍ അതിക്രമിച്ച്‌ കയറിയതിനും റെയില്‍വെ ആക്‌ട് 153, 147 പ്രകാരമാണ് കേസെടുത്തത്.