ജലസംരക്ഷണത്തിനായ്‌ ഒരുമിച്ച്‌ കൈകോര്‍ക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജലസംരക്ഷണത്തിനായ്‌ ഒരുമിച്ച്‌ കൈകോര്‍ക്കാം

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തെക്കാളും ജലത്തിന്റെ ലഭ്യതയില്‍ സമ്പന്നമായിരുന്നു കേരളം. എന്നാല്‍ ആ സമ്പന്നതയും നമുക്ക്‌ നഷ്ടമായിട്ട്‌ കുറച്ചു കാലങ്ങളായി. പ്രകൃതിയെ ദ്രോഹിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഈ ജലക്ഷാമത്തിലേക്ക്‌ നമ്മെ എത്തിച്ചത്‌. കാല വര്‍ഷം വേണ്ടത്ര ലഭിക്കാതാകുകയും, കാലംതെറ്റി പെയ്യുകയും ആണ്‌. ഇതിന്റേയൊക്കെ പശ്ചാത്തലത്തില്‍ ജലത്തിന്റെ ലഭ്യതയും,ഗുണമേന്‍മയും ഉയര്‍ത്തുക എന്നലക്ഷ്യത്തോടെ ജലവിഭവ വകുപ്പിനു കീഴില്‍ 2005ല്‍ പ്രവര്‍ത്തനമാരംഭിച്ചതാണ്‌ കമ്മ്യൂണിക്കേഷന്‍ ഡെവലപ്പ്‌മെന്റ്‌ യൂണിറ്റ്‌(സി.സി.ഡി.യു). ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഒരു വന്‍ദുരന്തം ഒഴിവാക്കാന്‍ ജനങ്ങള്‍ മഴവെള്ളം സംഭരിച്ചു വെക്കുകയാണ്‌ വേണ്ടത്‌. ഈ ലക്ഷ്യത്തിനായി സ്വരാജ്‌, ജലസ്‌മൃതി,ജല ശ്രീ തുടങ്ങി വിവിധ പദ്ധതികള്‍ അടിസ്ഥാന മേഖലയില്‍ നിന്നുതന്നെ സി.സി.ഡി.യു ആരംഭിച്ചിട്ടുണ്ട്‌. കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ തുടര്‍ച്ചയായ മഴവെള്ളശേഖരണം ഇന്നത്തെ ഉപയോഗത്തിന്‌ ആവശ്യമാണ്‌. നമ്മള്‍ മഴവെള്ള ശേഖരണത്തില്‍ വൈമുഖ്യം കാണിക്കുകയാണെങ്കില്‍ അത്‌ അടുത്ത തലമുറയോട്‌ ചെയ്യുന്ന വലിയ അനീതിയായിരിക്കും.

സി.സി.ഡി.യു ഡയറക്‌റ്റര്‍ ഡോ സുഭാഷ്‌ ചന്ദ്ര ബോസ്‌ പറയുന്നു ഓരോരുത്തരും ജലക്ഷാമത്തെക്കുറിച്ച്‌ പരാതി പറയാതെ അതിനെ സംരക്ഷിക്കുക എന്ന പരിശ്രമകരവും, പ്രധാനപെട്ടതുമായ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുകയാണ്‌ വേണ്ടത്‌. ഇപ്പോള്‍ ഇവിടെ ലഭ്യമായ ജലംപോലും മലിനമാണ്‌. നഗരവല്‍ക്കരണമാണ്‌ ഇതിന്റെ പ്രധാന കാരണം. ഈ ഭീഷണികളെ നേരിടാന്‍ പരിശുദ്ധമായ ഭൂമിക്കും,ജലത്തിനും വേണ്ടി ആളുകള്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചു വരികയാണ്‌ സി.സി.ഡി.യു.

സ്‌കൂളുകളിലും,കോളേജുകളിലും സി.സി.ഡി.യുവിന്റെ നേതൃത്വത്തില്‍ ജലശ്രീ ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അനേകം വിദ്യാര്‍ത്ഥികളാണ്‌ ഇതിന്റെ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നത്‌. ജലശ്രീ ക്ലബുകള്‍ ഇതിന്റെ ഭാഗമായി കുട്ടികള്‍ക്കിടയില്‍ വര്‍ക്ക്‌ ഷോപ്പുകളും,സെമിനാറുകളും നടത്തുന്നുമുണ്ട്‌. സി.സിഡി.യുവിന്റെ ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലബുകളുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കിന്‌ വളണ്ടിയര്‍മാര്‍ പാര്‍വതി പുത്തനാര്‍ വ്യത്തിയാക്കുകയുണ്ടായി.

കേരളത്തിലെ പഞ്ചായത്തുകളില്‍ ജലത്തിന്റെ ഗുണമേന്‍മ പരിശോധിക്കുന്നതിനായുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുക, ഗ്രാമീണ ആരോഗ്യ മിഷന്‍ പ്രവര്‍ത്തകര്‍ക്കും, ആശാവര്‍ക്കേഴ്‌സിനും ഇത്തരം ഉപകരണങ്ങള്‍ വഴി എങ്ങനെ വെള്ളത്തിന്റെ പരിശുദ്ധി അറിയാം എന്നത്‌ മനസിലാക്കാനുള്ള പരിശീലനം നല്‍കുക തുടങ്ങി പ്രവര്‍ത്തനങ്ങളും സി.സി.ഡി.യുവിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്‌. പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കി പേപ്പര്‍ ബാഗുകള്‍ ഉപയോഗിക്കുവാനും ഇവര്‍ ജനങ്ങളോട്‌ നിര്‍ദ്ദേശിക്കുന്നു.

ടെലിവിഷന്‍, റേഡിയോ പരസ്യങ്ങളിലൂടേയും, ഫേസ്‌ബുക്ക്‌ പോലുള്ള സോഷ്യല്‍ സൈറ്റുകളിലൂടേയും ആളുകളെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ സിസിഡിയു ശ്രമിക്കുന്നുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : http://www.ccdukerala.org (0471 2320848)


Loading...
LATEST NEWS