വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
ജയശ്രീയും സുഹൃത്തുക്കളും `ഫൊക്കോള്ട്ട്സ്’ പെന്ഡുലത്തെക്കുറിച്ച് വിശദീകരിക്കുന്ന സയന്‍സ് ടീച്ചറിനു ചുറ്റും കൂടി നില്‍ക്കുകയാണ്. കോയമ്പത്തൂരുള്ള പ്രാദേശിക ശാസ്ത്രകേന്ദ്രത്തിലെ ആകര്‍ഷണമാണ് ഈ പെന്‍ഡുലം. ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ നിര്‍ബ്ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ഈ കേന്ദ്രത്തില്‍ ശാസ്ത്രം സന്ദര്‍ശകര്‍ക്ക് ജീവസ്സുറ്റ അനുഭവമായി മാറുന്നു. ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായ ലിയോണ്‍ ഫൊക്കോള്ട്ടിന്റെ കണ്ടുപിടുത്തമായ `ഫൊക്കോള്ട്ട്സ് പെന്‍ഡുലം’ ഭൂമിയുടെ ഭ്രമണത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു ലഘുയന്ത്രമാണ്.
ഭൂമി ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പണ്ടുമുതലേ വിശ്വാസം ഉണ്ടായിരുന്നുവെങ്കിലും അത് ലളിതമായും വ്യക്തമായും തെളിവുസഹിതം വിശദീകരിക്കാന്‍ കഴിഞ്ഞത് 1851-ല്‍ ഫൊക്കാള്ട്ടിന്റെ പെന്‍ഡുലം രംഗത്തെത്തിയതോടെയാണ്.ശാസ്ത്രകേന്ദ്രത്തിലെ `ഫണ്‍ സയന്‍സ്’ ഗാലറിയാണ് കുട്ടികളെ ആകര്‍ഷിക്കുന്ന മറ്റൊരിടം. കുട്ടികള്‍ക്ക് സ്വന്തം നിലയില്‍ പരീക്ഷണങ്ങള്‍ ചെയ്തുനോക്കാനുള്ള അവസരം ഇവിടെ ഒരുക്കിയിട്ടുണ്ട്. അനുഭവപരിചയവും പരീക്ഷണങ്ങള്‍ നടത്തി നോക്കുന്നതിലൂടെ തേടുന്ന അനുഭവവുമാണ് ശാസ്ത്രം നന്നായി മനസ്സിലാക്കാന്‍ എളുപ്പമുള്ള മാര്‍ഗ്ഗം.
ഈ രീതിയില്‍ പഠിക്കുന്നവര്‍ക്ക് സയന്‍സിന്റെ അടിസ്ഥാന തത്വങ്ങള്‍ നന്നായി മനസ്സിലുറപ്പിക്കാന്‍ സാധിക്കും. പ്രാദേശിക ശാസ്ത്രകേന്ദ്രങ്ങളുടെ അപ്പെക്സ് ബോഡി ദേശീയ ശാസ്ത്രമ്യൂസിയം കൗണ്‍സിലാണ്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനമാണിത്. ശാസ്ത്ര കേന്ദ്രങ്ങളുടെയും മ്യൂസിയങ്ങളുടെയും ശൃംഖല രാജ്യമൊട്ടൊകെ വ്യാപിപ്പിക്കുന്നതില്‍ കൗണ്‍സില്‍ ശ്രമിക്കുന്നു. രാജ്യത്തെ 44-ാമത്തെ ശാസ്ത്ര കേന്ദ്രമാണ് തമിഴ്നാട്ടില്‍ ഉദ്ഘാടനം ചെയ്തത്.
പ്രദര്‍ശനങ്ങളിലൂടെയും പ്രവൃത്തി പരിചയത്തിലൂടെയുമാണ് ഈ കേന്ദ്രങ്ങള്‍ ശാസ്ത്രത്തെ സമൂഹത്തിന് അടുത്ത് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. 8.5 കോടി രൂപ ചെലവാക്കി പണിത കോയമ്പത്തൂരിലെ പ്രാദേശിക കേന്ദ്രം 4000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് പണിതിരിക്കുന്നത്. മൂന്ന് സ്ഥിരം ഗാലറികളാണ് കേന്ദ്രത്തിലുള്ളത്. ``ഹാള്‍ ഓഫ് ടെക്സ്റ്റൈയില്‍സ്’‘, ``ഹൗ തിംഗ്സ് വര്‍ക്ക്’‘, ``ഫണ്‍ സയന്‍സ്’’ എന്നിവയാണവ. ``ഹാള്‍ ഓഫ് ടെക്സ്റ്റൈയില്‍സ്’’ ``ഹാള്‍ ഓഫ് ടെക്സ്റ്റൈയില്‍സ്’’ കോയമ്പത്തൂരില്‍ സ്ഥാപിക്കാന്‍ ഒരു പ്രതേ്യക കാരണമുണ്ട്.
ഇന്ത്യയിലെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടന്ന കോയമ്പത്തൂരിലെ കരിമണ്ണ് പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. അതിനാല്‍ ഇന്ത്യന്‍ ടെക്സ്റ്റൈയില്‍ വ്യവസായത്തിന്റെ ഒരു നല്ല പങ്ക് കോയമ്പത്തൂരിലാണ്. ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് കോയമ്പത്തൂരില്‍ മാത്രം 25,000 തുണിവ്യവസായ യൂണിറ്റുകള്‍ ഉണ്ടെന്നാണ്. മനുഷ്യചരിത്രത്തിലെ ഏറ്റവും പുരാതനമായ തൊഴിലുകളിലൊന്നാണ് വസ്ത്രനിര്‍മ്മാണം. ഈജിപ്റ്റില്‍ ലിനനും, യൂറോപ്പില്‍ കമ്പിളിയും, ചൈനയില്‍ സില്‍ക്കും, ഇന്ത്യയില്‍ പരുത്തിയും. വസ്ത്രനിര്‍മ്മാണ വിദ്യ പണ്ടും ഇന്നും ഒന്നുതന്നെ. എന്നാല്‍ അതിനുപയോഗിക്കുന്ന സാങ്കേതികതയില്‍ 12,000 വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ മാറ്റം അനിര്‍വ്വചനീയമാണ്.
പ്രതേ്യകതരം തുണിത്തരങ്ങളുണ്ടാക്കാന് ബയോമെഡിസിനും നാനോ ടെക്നോളജിയും ഉപയോഗപ്പെടുത്തുന്നതുവരെയെത്തി നില്ക്കുന്നു കാര്യങ്ങള്‍. തുണിത്തരങ്ങളെ സംബന്ധിച്ച അതിന്റെ ചരിത്രഗതി വിവരിക്കുന്ന പ്രദര്‍ശനങ്ങളും, പരീക്ഷണങ്ങള്‍ നടത്താനുള്ള സൗകര്യങ്ങളും എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ``ഹൗ തിംഗ്സ് വര്‍ക്ക്’’ ശാസ്ത്രവും ദൈനംദിന ജീവിതവും തമ്മിലുള്ള ബന്ധം വിശദമാക്കുന്ന ഗാലറിയാണ് ``ഹൗ തിംഗ്സ് വര്‍ക്ക്’‘. നമ്മുടെ ദിവസേനയുള്ള ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത നിത്യപരിചിത യന്ത്രങ്ങളുടെ പ്രവര്‍ത്തനതത്വം വിശദീകരിക്കുന്ന പ്രദര്ശനങ്ങളാണിവ. ബാര്‍കോഡ് റീഡര്‍, പലതരം പമ്പുകള്‍, മോട്ടോറുകള്‍ തുടങ്ങിയവ. 50 പ്രദര്‍ശന ഇനങ്ങളുള്ള ഈ വിഭാഗത്തിന്റെ വിസ്തീര്‍ണ്ണം 400 ചതുരശ്ര അടിയാണ്. ഫണ്‍ സയന്‍സ് ഗാലറി ശാസ്ത്രപഠനം രസകരമാക്കാന്‍ വേണ്ട പരീക്ഷണ, പ്രവൃത്തി പരിചയ മേളകളാണ് ഈ ഗാലറിയിലുള്ളത്. ഒപ്റ്റിക്സ്, വേവ് തിയറി, ഇലക്ട്രിസിറ്റി, മാഗ്നറ്റിസം തുടങ്ങിയവയുടെ തത്വങ്ങള്‍ ലളിതമായ പരീക്ഷണങ്ങളിലൂടെ കാഴ്ചക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്നു.
600 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഗാലറിയില്‍ 60 മേളകളാണ് ഒരുക്കിയിട്ടുള്ളത്. കൊച്ചു കുട്ടികള്‍ക്കായുള്ള ഒരു ചില്‍ഡ്രന്‍സ് കോര്‍ണറും, നക്ഷത്ര ബംഗ്ലാവും, സയന്‍സ് പാര്‍ക്കും മറ്റു ചില ആകര്‍ഷണങ്ങളാണ്. സയന്‍സ് പാര്‍ക്ക്8 ഏക്കര്‍ സ്ഥലത്ത് പരന്നു കിടക്കുന്നതാണ് കോയമ്പത്തൂരിലെ സയന്‍സ് പാര്‍ക്ക്. ഗുരുത്വാകര്‍ഷണബലം, പ്രകാശ ശാസ്ത്രം, ലഘുയന്ത്രങ്ങള്‍ തുടങ്ങിയവയുടേതുള്‍പ്പെടെ 45 പ്രദര്‍ശനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിദൂരകോണിലേക്ക് ശബ്ദം പ്രതിഫലിപ്പിക്കുന്ന പാരാബോളിക് റിഫ്ളക്ടറുകള്‍, ഇന്ത്യന്‍ ശാസ്ത്രരംഗത്തെ അതികായന്മാരുടെ ചിത്രങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കടന്നുവരുന്ന സന്ദര്‍ശകര്‍ അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിട്ടാണ് മുന്നോട്ട്പോവുക. ദേശീയ ശാസ്ത്ര മ്യൂസിയം കൗണ്‍സില്‍ (എന്‍.സി.എസ്.എം) ദേശീയ ശാസ്ത്ര മ്യൂസിയം നേരിട്ട് പ്രവര്‍ത്തിപ്പിക്കുന്നത് 25 ശാസ്ത്രകേന്ദ്രങ്ങളാണ്.
ഒരൊറ്റ ഭരണകേന്ദ്രത്തിനു കീഴില്‍ ഇത്രയധികം കേന്ദ്രങ്ങള്‍ ഉള്ളത് ലോകത്ത് തന്നെ അപൂര്‍വ്വമാണ്. വര്‍ഷംതോറും ഒരു കോടിയോളം ആളുകള്‍ ഈ ശാസ്ത്ര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിപ്പോവുന്നു. ഇതുകൂടാതെ 22 മൊബൈല്‍ സയന്‍സ് എക്സിബിഷനുകളും എന്‍.സി.എസ്.എം-നു കീഴിലുണ്ട്. ഈ യൂണിറ്റുകള്‍ വിദൂരഗ്രാമങ്ങളില്‍ പോലും എത്തിച്ചേര്‍ന്ന് കുട്ടികള്‍ക്ക് ശാസ്ത്രതത്വങ്ങളും കൗതുക വസ്തുക്കളും അവരവരുടെ മാതൃഭാഷയില്‍ തന്നെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുന്നു. ഇന്ത്യയുടെയും ലോകത്തിന്റെയും ശാസ്ത്രവളര്‍ച്ചയും പരിണാമങ്ങളും സാധാരണക്കാരായ വിദ്യാര്‍ത്ഥികളില്‍ ഊട്ടിയുറപ്പിച്ച് അവരുടെയുള്ളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തിയെടുക്കുകയാണ് ഈ കേന്ദ്രങ്ങളിലൂടെ എന്‍.സി.എസ്.എം ചെയ്യുന്നത്.