ഇന്ത്യന്‍ ശാസ്ത്രസമൂഹവുമായി കൈകോര്‍ക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ജര്‍മനി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യന്‍ ശാസ്ത്രസമൂഹവുമായി കൈകോര്‍ക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ജര്‍മനി

തിരുവനന്തപുരം: തങ്ങളുടെ സ്ഥാപനങ്ങളിലെ സൗകര്യങ്ങളും സാങ്കേതിക വിദഗ്ദ്ധരേയും സംയുക്ത ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രസമൂഹത്തോട് ജര്‍മനിയുടെ അഭ്യര്‍ഥന. ജര്‍മനിയുടെ പൗരന്മാര്‍ക്കു വേണ്ടി മാത്രമല്ല തങ്ങളുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ലോകമെമ്പാടുമുള്ള മിടുക്കരായ ശാസ്ത്രജ്ഞര്‍ക്കു വേണ്ടിക്കൂടിയാണെന്നും ബാംഗ്ലൂരിലെ ജര്‍മന്‍ കോണ്‍സുലേറ്റ് ജനറലിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ശ്രീ ഹാന്‍സ് ഗുവാന്തര്‍ ലോഫഌ ചൂണ്ടിക്കാട്ടി.

ലേസര്‍ ആപ്ലിക്കേഷനും നാനോ സയന്‍സുമായി ബന്ധപ്പെട്ട ത്രിദിന കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴിലുള്ള ശ്രീനിവാസ രാമാനുജം ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബേസിക് സയന്‍സസ്, ഗൊയ്‌ഥേ സെന്‍ട്രം, ഹുംബോള്‍ട് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ ജര്‍മന്‍ റിസര്‍ച്ച് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ശാസ്ത്രത്തിന്റെ കാര്യത്തില്‍ രാജ്യാന്തര സഹകരണം അത്യാവശ്യമാണ്. പുരോഗതിയിലേക്കു നയിക്കുന്ന ഒരു ഘടകമാണത്. ജര്‍മന്‍ സഹകരണം ഇന്ത്യയിലേക്ക് നല്ലരീതിയില്‍ തന്നെ തിരിച്ചുവിട്ടിരിക്കുകയാണ്. ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ കഴിവുകളെപ്പറ്റി തങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയുടെ പല ഗവേഷണ വികസന സ്ഥാപനങ്ങളും മറ്റുള്ളവര്‍ക്കായി തുറന്നുകൊടുത്തിരിക്കുകയാണ്.

ജര്‍മനിയുടെ പല ശാസ്ത്രസ്ഥാപനങ്ങളുടെയും ഡയറക്ടര്‍മാര്‍ ജര്‍മനിക്കാരല്ല. യാതൊരു അതിരുകളുമില്ലാതെ മികച്ച ശാസ്ത്രസഹകരണം മാത്രം ലക്ഷ്യമിട്ടാണ് അവ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ലേസര്‍ ടെക്‌നോളജിയും നാനോ സയന്‍സുകളും തുറന്നിടുന്ന സാധ്യതകളെപ്പറ്റി ജര്‍മനിക്കു നല്ല ബോധ്യമുണ്ട്. വ്യവസായങ്ങളുടെ ഭാവിയിലെ വളര്‍ച്ചയ്ക്കും പുതിയവ ഉണ്ടാക്കാനും മികച്ച ജോലിസ്ഥലങ്ങള്‍ക്കും ഇവ അത്യാവശ്യമായി മാറുകയാണ്.

  ലബോറട്ടറികളില്‍ നിന്ന് നാനോ ടെക്‌നോളജിയെ വ്യവസായത്തിലേക്കു പറിച്ചു നടുന്നതിനായി 2010ല്‍ ജര്‍മന്‍ സര്‍ക്കാര്‍ നാനോടെക്‌നോളജിക്കായി ഗവേഷണ വികസന വിഭാഗം ആരംഭിച്ചിരുന്നു. ജര്‍മന്‍ നാനോ ടെക്‌നോളജി വ്യവസായം 2015ല്‍ ഏതാണ്ട് 80 ട്രില്യണ്‍ രൂപ മൂല്യമുള്ളതായി മാറ

കാലാവസ്ഥാ വ്യതിയാനം, ലേസര്‍ ആപ്ലിക്കേഷന്‍, നാനോ സയന്‍സ്, ശാസ്ത്ര വിദ്യാഭ്യാസം തുടങ്ങി പ്രത്യേക മേഖലകള്‍ തെരഞ്ഞെടുത്ത് ജര്‍മന്‍ സഹകരണം സാധ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങള്‍ നടത്തിവരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെഎസ്‌സിഎസ്ടിഇ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. വി.എന്‍.രാജശേഖരന്‍ പിള്ള പറഞ്ഞു.

ജര്‍മനയില്‍ സുപരിചിതമായ, കുട്ടികള്‍ക്കു വേണ്ടിയുള്ള ശാസ്ത്ര ലാബ് ഈ വര്‍ഷം ആദ്യം കേരളത്തില്‍ തുടങ്ങിയത് അതിന്റെ ഭാഗമായിട്ടാണ്. ജര്‍മനിക്കു വെളിയിലുള്ള ആദ്യത്തെ കുട്ടികളുടെ ലാബ് തിരുവനന്തപുരത്ത് ശാസ്ത്ര മ്യൂസിയത്തോടനുബന്ധിച്ച് സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

സമ്മേളനത്തിന്റെ അക്കാദമിക് ചെയറും ലെയ്ബ്‌നിസ് യൂണിവേഴ്‌സിറ്റി വിസിറ്റിംഗ് സയന്റിസ്റ്റുമായ പ്രൊഫ. കെ.പി.രാജപ്പന്‍ നായര്‍, ഡിജിഎഫ് ഇന്ത്യ സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. മോണിക്ക ശര്‍മ, ഹുംബോള്‍ട്ട് ക്ലബ്ബ് ഓഫ് കേരള പ്രസിഡന്റ് പ്രൊഫ. (ഡോ) ജോസഫ് ഫ്രാന്‍സിസ്, ഗൊയ്‌ഥേ സെന്‍ട്രം ഡയറക്ടര്‍ ശ്രീ സെയ്ദ് ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.

ഇന്ത്യയില്‍ നിന്നും ജര്‍മനിയില്‍ നിന്നുമായി ശാസ്ത്രജ്ഞരും ഗവേഷകരും വിദഗ്ദ്ധരുമായ നൂറിലേറെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ശാസ്ത്രജ്ഞരും പ്രതിനിധികളുമായുള്ള സംവാദം മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.പി.രാജപ്പന്‍ നായരും ശ്രീ സെയ്ദ് ഇബ്രാഹിമും പരിപാടി മോഡറേറ്റ് ചെയ്യും.