ഗുരുദര്‍ശനത്തിന്റെ മഹത്വം നുകര്‍ന്ന നോബല്‍ സമ്മാനജേതാക്കള്‍

webdesk-592-DkOvl

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗുരുദര്‍ശനത്തിന്റെ മഹത്വം നുകര്‍ന്ന നോബല്‍ സമ്മാനജേതാക്കള്‍

ഗുരുദേവദര്‍ശനത്തിന്റെ മഹിതമായ മഹത്വമറിഞ്ഞ് ശിവഗിരിയിലെത്തിയ ഗുരുദേവന് പ്രമാണങ്ങളര്‍പ്പിച്ച മഹാത്മാവാണ് വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോര്‍. ലോകം മുഴുവന്‍ പല തവണ സഞ്ചരിക്കുകയും ആ സഞ്ചാരത്തിനിടയില്‍ അനേകം നവോത്ഥാന നായകരേയും ആദ്ധ്യാത്മിക പുരുഷന്മാരെയും നേരില്‍ കാണുകയും ചെയ്തിട്ടുള്ള ടാഗോറിനു ഗുരുദേവനു തുല്യനായ ഒരാളെയും ലോകത്തെവിടെയും കാണുവാന്‍ കഴിഞ്ഞില്ല.
ഈ സത്യം 1922 നവംബര്‍ 22 നു ഗുരുദേവനെ സന്ദര്‍ശിച്ച അവസരത്തില്‍ വിശ്വകവി തുറന്നു പറയുകയുണ്ടായി. ഗുരുദര്‍ശനത്തിന്റെ പ്രായോഗികതയും മാനവികമായ മഹത്വവും അറിയുവാന്‍ കഴിഞ്ഞതുകൊണ്ടാണ് ടാഗോറിന് ഇപ്രകാരമൊരു പ്രസ്താവം നടത്തുവാന്‍ സാധിച്ചത്. ഗുരുദേവനെ കേവലം ഒരു നവോത്ഥാന നായകനായോ ചിന്തകനായോ അധഃസ്ഥിതവര്‍ഗ്ഗോദ്ധാരകനായോ മാത്രമല്ല ടാഗോര്‍ കണ്ടത്.
അങ്ങനെ കണ്ടിരുന്നെങ്കില്‍ ഒരു പക്ഷേ ഈയൊരു പ്രസ്താവം നടത്തുവാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നില്ല. ശരീരത്തിന്റെ ഭിന്നഭിന്നങ്ങളായ അവയവങ്ങളെ കണ്ടിട്ട് ഇതാണ് ശരീരം എന്നു പറയുന്നതുപോലെയുള്ളതാണ് ഈ കേവല വീക്ഷണങ്ങള്‍. ചില ചരിത്രകാരന്മാര്‍ പോലും ഇത്തരം ഭാഗികമായ വീക്ഷണങ്ങളില്‍ നിന്നു കൊണ്ടാണ് ഇന്നും ഗുരുദേവനെ വിലയിരുത്തുന്നതും അവതരിപ്പിക്കുന്നതും.

ചാഗോര്‍ ദര്‍ശിച്ചത് ആത്മസാക്ഷാത്കാരം നേടിയ ഗുരുദേവനെയാണ്. ആ പൂര്‍ണ്ണതയാണ് 1913 ലെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌ക്കാരം നേടിയ വിശ്വമഹാകവിയെകൊണ്ട് അങ്ങനെ പറയിപ്പിച്ചത്. 90 സംവല്‍സരങ്ങള്‍ക്കു മുമ്പ് നടന്ന ആ ദിവ്യസമാഗമത്തിന്റെയും മഹാകവിയുടെ പ്രസ്താവത്തിന്റെയും ആഴമറിയാതെ പോയത് നമ്മുടെ പരാജയമാണ്. ഗുരുദേവദര്‍ശനത്തെ ലോകവ്യാപകമായി വേണ്ടവണ്ണം എത്തിക്കുവാന്‍ കഴിയാതെ പോയത് ഈ പരാജയപ്പെടല്‍ കൊണ്ടാണ്. ആ കുറവിനെ നികത്തുവാനായി വീണ്ടും ശിവഗിരിയുടെ പുണ്യഭൂവിലേയ്ക്ക് മറ്റൊരു നോബല്‍ സമ്മാന ജേതാവ് എത്തിയിരിക്കുന്നു.

1989-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ടിബറ്റന്‍ ആത്മീയാചാര്യന്‍ വിശുദ്ധ ദലൈലാമയാണത്. 80-മത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സന്ദേശ വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്യുവാനാണ് ആ ധന്യാത്മാവ് ശിവഗിരിയിലെത്തിയത്. ലോകസമാധാനത്തിനായി ആയുസ്സും വപുസ്സും അര്‍പ്പിച്ചിട്ടുള്ള ശ്രീ ദലൈലാമ ഭഗവാന്‍ ബുദ്ധന്റെ പ്രതിപുരുഷനാണ്. ബുദ്ധധര്‍മ്മത്തിനു വലിയ പ്രാധാന്യം കല്‍പ്പിച്ചിട്ടുള്ള ഗുരുദേവന്‍ ശ്രീ ബുദ്ധന്റെ മഞ്ഞ വസ്ത്രവും പഞ്ചശുദ്ധയുമാണ് ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് പത്തു ദിവസത്തെ വ്രതാനുഷ്ഠാനത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടതെന്നാലോചിക്കുമ്പോള്‍ ഇക്കൊല്ലത്തെ തീര്‍ത്ഥാടന വിളംബരത്തിന് ധന്യതയും മഹത്വവുമേറുന്നു. ശിവഗിരിയിലെത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അതു വലിയ അംഗീകാരമായി കാണുന്നുവെന്നും ശ്രീ ദലൈലാമ ഇക്കഴിഞ്ഞ 2012 നവംബര്‍ 24-നു വെളിപ്പെടുത്തുകയുണ്ടായി.

ഗുരുദേവന്റെ ദാര്‍ശനിക മഹാത്മ്യതതിന്റെ അളക്കാനാവാത്ത ഉയരം ഈ വെളിപ്പെടുത്തലിലുണ്ട്. വിശ്വമഹാകവി ടാഗോര്‍ ഗുരുദേവനെ സന്ദര്‍ശിച്ച വൈദികമഠവും ഗുരുദേവന്‍ വിദ്യാസ്വരൂപിണിയായ ശ്രീശാരദാദേവിയെ പ്രതിഷ്ഠിച്ച ശാരദാമഠവും സന്ദര്‍ശിച്ച ശ്രീ ദലൈലാമ ഗുരുദേവന്‍ നിര്‍വൃതിപഞ്ചകത്തിലൂടെ വെളിവാക്കിയിട്ടുള്ള അദൈ്വതാനുഭൂതിയിലേക്കാഴുന്നതായി കണ്ടു. മഹാസമാധിമന്ദിരത്തിലെ ഗുരുദേവപ്രതിമ ദര്‍ശിച്ച് വണങ്ങുമ്പോള്‍ അലൗകികമായ അനുഭൂതിയിലേയ്ക്ക് ആ ധന്യാത്മാവ് ആമഗ്നനാവുകയും ചെയ്തു. ഗുരുസ്വരൂപത്തിന്റെ അനിര്‍വചനീയ തലത്തിലേക്കു വിലയം ചെയ്ത ശ്രീ ദലൈലാമ ബുദ്ധധര്‍മ്മത്തിന്റേയും ഗുരുധര്‍മ്മത്തിന്റേയും അപൂര്‍വ്വ പാരസ്പര്യത്തിന്റെ പ്രതീകമായി നിലകൊള്ളുകയായിരുന്നു ഈ ധന്യ മുഹൂര്‍ത്തത്തില്‍.ഗുരുദേവന്റേയും ശിവഗിരിയുടെയും മാഹാത്മ്യം അനുഭവിക്കുവാനും വെളിവാക്കുവാനും സാഹിത്യത്തിന്റെയും സമാധാനത്തിന്റെയും നോബല്‍ സമ്മാന ജേതാക്കള്‍ ശിവഗിരിയിലെത്തിയത് നവംബര്‍ മാസത്തിലാണ്. കാലത്തിന്റെ സാങ്കല്‍പ്പികമായി അകലത്തെ ഇല്ലാതാക്കുന്ന ഈ മഹത്‌സന്ദര്‍ശനങ്ങള്‍ ഗുരുദേവനെ വേണ്ടവിധം അറിയുവാനും പഠിക്കുവാനും ഏവരെയും പ്രേരിപ്പിക്കുന്നതായിത്തീരട്ടെ.    


LATEST NEWS