സ്‌കൂള്‍ ജീവനക്കാരെ പോലീസ് വെരിഫിക്കേഷനും മാനസികാരോഗ്യ പരിശോധനയും നടത്തണം; സി.ബി.എസ്.ഇ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്‌കൂള്‍ ജീവനക്കാരെ പോലീസ് വെരിഫിക്കേഷനും മാനസികാരോഗ്യ പരിശോധനയും നടത്തണം; സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സ്‌കൂളുകള്‍ക്ക് സി.ബി.എസ്.ഇ.യുടെ കര്‍ശന നിര്‍ദേശം. ഇതോടൊപ്പം സ്‌കൂള്‍ ജീവനക്കാര്‍ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയമാകണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. അധ്യാപ - അനധ്യാപക ജീവനക്കാര്‍, ബസ് ഡ്രൈവര്‍മാര്‍ എന്നിവരാണ് പരിശോധനയ്ക്ക് വിധേയമാകേണ്ടത്.

വീഴ്ചവരുത്തുന്ന സ്‌കൂളുകളുടെ അഫിലിയേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് സ്‌കൂളുകള്‍ക്കയച്ച സര്‍ക്കുലറില്‍ സി.ബി.എസ്.ഇ. വ്യക്തമാക്കി. ഹരിയാണയിലെ ഗുരുഗ്രാം റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെടുകയും ശാഹ്ദ്രയിലെ സ്വകാര്യസ്‌കൂളില്‍ പെണ്‍കുട്ടി പീഡനത്തിനിരയാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍.

സുരക്ഷാപരിശോധന നടത്തി വിവരങ്ങള്‍ രണ്ടുമാസത്തിനകം എല്ലാ സ്‌കൂളുകളും www.cbse.nic.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. അതത് സ്ഥലത്തെ പോലീസ് സ്റ്റേഷനാണ് സുരക്ഷാപരിശോധനയുടെ ചുമതല. ഇവര്‍ നല്‍കുന്ന സുരക്ഷാനിര്‍ദേശങ്ങള്‍ സ്‌കൂളുകള്‍ നടപ്പാക്കണം.വീട്ടില്‍നിന്ന് സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രകളിലും സ്‌കൂളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മാനവവിഭവശേഷി മന്ത്രാലയവും സി.ബി.എസ്.ഇ.യും കാലാകാലങ്ങളില്‍ നല്‍കിയ മാര്‍ഗരേഖകള്‍ കര്‍ശനമായി നടപ്പാക്കണം സര്‍ക്കുലറില്‍ പറയുന്നു.

സ്‌കൂള്‍ വളപ്പില്‍ മര്‍മസ്ഥാനങ്ങളിലെല്ലാം സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കണം. 24 മണിക്കൂറും ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

മുഴുവന്‍ ജീവനക്കാരുടെയും പോലീസ് വെരിഫിക്കേഷനും മാനസികാരോഗ്യ പരിശോധനയും നടത്തണം. ബസ് ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, പ്യൂണ്‍, അസിസ്റ്റന്റുമാര്‍ എന്നിവരുടെ ഇത്തരത്തിലുള്ള പരിശോധന വിശദമായിത്തന്നെ നടത്തണം.

അംഗീകൃത ഏജന്‍സികളില്‍നിന്നു മാത്രമായിരിക്കണം നിയമനം. നിയമിക്കപ്പെടുന്നവരുടെ വിശദവിവരങ്ങള്‍ സ്‌കൂളില്‍ സൂക്ഷിക്കണം.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധ്യാപകരക്ഷാകര്‍തൃവിദ്യാര്‍ഥി സമിതി രൂപവത്കരിക്കണം. മതാപിതാക്കളുമായി പതിവായി ആശയവിനിമയം നടത്തണം.

പൊതുസമൂഹത്തിന്റെയും ജീവനക്കാരുടെയും മാതാപിതാക്കളുടെയും വിദ്യാര്‍ഥികളുടെയും പരാതികള്‍ പരിഹരിക്കാനും ലൈംഗികാതിക്രമങ്ങള്‍ പരിശോധിക്കാനും സമിതികള്‍ രൂപവത്കരിക്കണം. സമതികളുടെ വിശദവിവരങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കണം.
 


LATEST NEWS