എന്‍ജിനീയറിങ് കഴിഞ്ഞു... പക്ഷേ ജോലി..?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എന്‍ജിനീയറിങ് കഴിഞ്ഞു... പക്ഷേ ജോലി..?

സംസ്ഥാനത്ത് 67 ശതമാനത്തോളം എന്‍ജിനീയറിങ് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്! ഇന്ന് 162 ഓളം എന്‍ജിനീയറിങ് കോളേജുകളില്‍ 55,000ത്തോളം സീറ്റുകളാണ് കേരളത്തിലുള്ളത്. അടുത്തയിടെ എ.ഐ.സി.ടി.ഐ. രാജ്യത്ത് ഫലപ്രദമല്ലാത്തരീതിയില്‍ പ്രവര്‍ത്തിക്കുന്ന 800 എന്‍ജിനീയറിങ് കോളേജുകളാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതില്‍ 30 കോളേജുകള്‍ കേരളത്തിലുമുണ്ട്.

അടുത്തയിടെ പുറത്തിറങ്ങിയ നാസ്‌കോം, അസോചം റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയില്‍നിന്നു പഠിച്ചിറങ്ങുന്ന എന്‍ജിനീയറിങ് ബിരുദധാരികളില്‍ തൊഴില്‍ലഭ്യതാ മികവ് 25 ശതമാനമാണെന്നാണ് കണ്ടെത്തിയത്. തൊഴില്‍വൈദഗ്ധ്യം, അറിവ്, ഇംഗ്ലീഷ് പ്രാവീണ്യം, ആശയ വിനിമയം, പൊതുവിജ്ഞാനം എന്നിവയില്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ ഏറെ പിറകിലാണെന്നാണ് കണ്ടെത്തല്‍!

സേവനമേഖലയ്ക്ക് അനുസൃതമാകണം

എന്‍ജിനീയറിങ് വിദ്യാഭ്യാസ മേഖലയിലെ മൂല്യച്യുതി തൊഴില്‍ലഭ്യതാ മികവിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം. ലോകത്ത് അനുദിനം മാറുന്ന തൊഴില്‍ മേഖലയില്‍ സേവനമേഖലയാണ് കരുത്താര്‍ജിക്കുന്നത്. കാര്‍ഷിക, വ്യവസായമേഖലകളെ പിന്തള്ളിക്കൊണ്ട് സേവനമേഖല മുന്നേറുമ്പോള്‍ സേവന മേഖലയ്ക്കിണങ്ങിയ തൊഴിലുകളിലേക്ക് എന്‍ജിനീയറിങ് ബിരുദധാരികളെ മാറ്റേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ബാങ്കിങ്, ഇന്‍ഷുറന്‍സ്, അക്കൗണ്ടിങ്, ഐ.ടി., അഗ്രിബിസിനസ്, ഇകൊമേഴ്‌സ്, ഭക്ഷ്യസംസ്‌കരണം, റീട്ടെയില്‍, സപ്ലൈ ചെയിന്‍, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലേക്ക് എന്‍ജിനീയറിങ് ബിരുദധാരികള്‍ മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു! ഐ.ടി. രംഗത്ത് അഡ്വാന്‍സ്ഡ് ഐ.ടി., ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, അനലിറ്റിക്‌സ്, മെഷീന്‍ ലേണിങ്,  ക്ലൗഡ് സേവനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍  ഇന്റലിജന്‍സ് എന്നിവ കരുത്താര്‍ജിക്കുമ്പോള്‍ കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എന്‍ജിനീയറിങ് കോളേജുകള്‍ തയ്യാറാകുന്നില്ല.

എന്‍ജിനീയറിങ്, സാങ്കേതികവിദ്യാരംഗത്ത് വ്യവസായ സ്ഥാപനങ്ങളുമായുള്ള ഇന്‍ഡസ്ട്രി ഇന്‍ഫ്രാസ്ട്രക്ചര്‍ അത്യന്താപേക്ഷിതമാണ്. അഭിരുചി, താത്പര്യം, മനോഭാവം എന്നിവ വിലയിരുത്താതെയാണ് ഭൂരിഭാഗം വിദ്യാര്‍ഥികളും എന്‍ജിനീയറിങ് പഠനത്തിനെത്തുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍, തൊഴില്‍ സാധ്യതകള്‍, ഉപരിപഠന മേഖലകള്‍ എന്നിവ അറിയാതെ ലക്ഷ്യബോധമില്ലാത്ത ഇവരുടെ പഠനം തൊഴിലില്ലായ്മയിലേക്കാണെത്തുന്നത്. കോഴ്‌സ് പാതി വഴിയില്‍ ഉപേക്ഷിച്ച് മറ്റ് കോഴ്‌സുകള്‍ക്ക് ചേരുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

സ്‌കില്‍ വികസന കേന്ദ്രങ്ങളാകണം

എന്‍ജിനീയറിങ് കോളേജുകളിലെ ബ്രാഞ്ചുകളില്‍ വൈവിധ്യമില്ല എന്നതാണ് കേരളത്തില്‍ കോഴ്‌സിനു ചേരാന്‍ ആളെ കിട്ടാത്തതിന്റെ മുഖ്യകാരണം! എല്ലാ കോളേജുകളിലും കാലഘട്ടത്തിന്റെ മാറ്റത്തിനിണങ്ങിയ പുതിയ ബ്രാഞ്ചുകളില്ല എന്നതാണ് വസ്തുത! മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍ ഭൗതികസൗകര്യങ്ങളുണ്ടെങ്കിലും പ്രവേശനത്തിനാളില്ലാത്ത ഗതികേടിലാണ്.

ഉപരിപഠനം, വിദേശപഠനം, കാമ്പസ് റിക്രൂട്ട്‌മെന്റ്, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്ന എന്‍ജിനീയറിങ് കോളേജുകളില്‍ പ്രവേശനം ലഭിക്കാനാണ് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും താത്പര്യപ്പെടുന്നത്. ഇത് മറ്റു എന്‍ജിനീയറിങ് കോളേജുകളും മാതൃകയാക്കേണ്ടതാണ്.

വിദ്യാര്‍ഥികളെ ലഭിക്കാത്ത കോളേജുകള്‍ എന്‍ജിനീയറിങ് ബിരുദധാരി കള്‍ക്കുള്ള തൊഴില്‍ വൈദഗ്ധ്യ/സ്‌കില്‍ വികസനകേന്ദ്രങ്ങളാക്കി മാറ്റുന്നതാണ് നല്ലത്. ഇപ്പോഴുള്ള സൗകര്യം പ്രയോജനപ്പെടുത്തി അവയ്ക്ക് ഫിനിഷിങ് സ്‌കൂളുകളുമാകാം. സാധ്യതയുള്ള അക്കൗണ്ടിങ്, ഐ.ടി., ബാങ്കിങ്, ഇക്കണോമിക്‌സ്, ഇകൊമേഴ്‌സ് തുടങ്ങിയ കോഴ്‌സുകളുമാരംഭിക്കാം.

വിദ്യാഭ്യാസരംഗത്ത് ആഗോള ഗ്രാമത്തിന് പ്രസക്തിയേറുമ്പോള്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ലോകത്തെവിടെയും തൊഴില്‍ചെയ്യാവുന്ന വൈദഗ്ധ്യമാണാവശ്യം! ഇതിനുതകുന്ന രീതിയിലേക്ക് എന്‍ജിനീയറിങ് കോളേജുകളെ മാറ്റിയാല്‍ മാത്രമേ ഇപ്പോഴുള്ള പ്രതിസന്ധിക്ക് പരിഹാരമാകൂ!l


LATEST NEWS