പഴയകാലത്തെ പോലെ തട്ടികൂട്ട് ജോലിയല്ല ഇപ്പോള്‍ ഫ്രീലാൻസിങ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പഴയകാലത്തെ പോലെ തട്ടികൂട്ട് ജോലിയല്ല ഇപ്പോള്‍ ഫ്രീലാൻസിങ്

പഴയകാലത്തു ജോലി കിട്ടുന്നതു വരെ പിടിച്ചുനിൽക്കാനുള്ള തട്ടിക്കൂട്ടു മേൽവിലാസമായിരുന്നു ഫ്രീലാൻസിങ്.കാലം മാറി. ഇന്നു മറ്റുരാജ്യങ്ങളിൽ പ്രഫഷനലിസത്തിന്റെ ഏറ്റവും മുകൾത്തട്ടിലാണു ഫ്രീലാൻസർമാരുടെ സ്ഥാനം. പഠിച്ചിറങ്ങുന്നവരും കോർപറേറ്റ് ജോലി മടുത്തവരും റിട്ടയർമെന്റ് ജീവിതം സജീവമാക്കാൻ ആഗ്രഹിക്കുന്നവരും ഇതിൽപ്പെടും. പലരുടെയും വരുമാനം സങ്കൽപിക്കാവുന്നതിനുമപ്പുറം. വലിയ കമ്പനികൾ പോലും ചില സേവനങ്ങൾക്കു ഫ്രീലാൻസർമാരെ തേടുന്നു.

എന്നാൽ ഇന്ത്യയിൽ ഇപ്പോഴും ‘സ്ഥിരം ജോലി പ്രണയം’ അസ്ഥിയിൽ പിടിച്ചുനിൽക്കുന്നതിനാൽ മുഴുവൻ സമയ ഫ്രീലാൻസിങ് അത്ര സജീവമല്ല. എങ്കിലും അവസരങ്ങളേറെ; പ്രത്യേകിച്ച് ഐടി അനുബന്ധ മേഖലകളിൽ.

സെർച് എൻജിൻ ഓപ്ടിമൈസേഷൻ, വെബ് ഡവലപ്മെന്റ് തുടങ്ങിയവ മുതൽ എത്തിക്കൽ ഹാക്കിങ്, ഗെയിം ടെസ്റ്റിങ്, സോഫ്റ്റ്‌വെയർ ടെസ്റ്റിങ് തുടങ്ങിയ നൂതന മേഖലകൾ വരെ ഐടി ഫ്രീലാൻസർമാർക്കായി തുറന്നു കിടക്കുന്നു.

ഇന്നത്തെ കാലത്തെ  ഫ്രീലാൻസിങ് ജോലികൾ ചിലത് ഇതാ:

ഗെയിം ടെസ്റ്റിങ്

പല ഗെയിമുകളുടെയും ബജറ്റ് ഒരു സിനിമയുടേതിനു തുല്യമാണ്. അതിനാൽ ഒരു പിഴവും പറ്റരുത്. അക്കാര്യം ഉറപ്പ് വരുത്താൻ ഏറ്റവും നല്ല മാർഗമാണു ടെസ്റ്റിങ്. വികസിപ്പിക്കുന്ന ഗെയിം ഫ്രീലാൻസർമാരെ കൊണ്ടു കളിപ്പിക്കുക. ന്യൂനതകൾ കൃത്യമായി കണ്ടുപിടിക്കണം. ഗെയിം കളിക്കാനുള്ള താൽപര്യം കൊണ്ടുമാത്രം നല്ല ഗെയിം ടെസ്റ്റർ ആകില്ല, അതിന്റെ സൂക്ഷ്മ വശങ്ങളിലേക്കു പോകാനും കഴിയണം.

സോഫ്റ്റ്‌വെയർ ടെസ്റ്റിങ്

പുതുതായി ഇറക്കുന്ന സോഫ്റ്റുവെയർ പതിപ്പുകളിലെ ബഗുകൾ കണ്ടുപിടിക്കുകയാണു ദൗത്യം. കംപ്യ‌ൂട്ടർ മേഖലയിൽ അറിവുള്ളവർക്കു കൂടുതൽ ശോഭിക്കാൻ കഴിയുന്ന മേഖല.

പുതുതായി ഇറക്കുന്ന സോഫ്റ്റുവെയർ പതിപ്പുകളിലെ ബഗുകൾ കണ്ടുപിടിക്കുകയാണു ദൗത്യം. കംപ്യ‌ൂട്ടർ മേഖലയിൽ അറിവുള്ളവർക്കു കൂടുതൽ ശോഭിക്കാൻ കഴിയുന്ന മേഖല.


ഗൂഗിൾ സെർച് നടത്തുമ്പോൾ ഏറ്റവും ആദ്യം കാണുന്ന സൈറ്റുകളിലേക്കാണു നാം ക‌ൂടുതലും പോകാറുള്ളത്. ഇതിനിട വരുത്തുന്നതു സെർച് എൻജിൻ ഓപ്ടിമൈസേഷൻ (എസ്ഇഒ) ആണ്. സെർച് എൻജിനുകൾ തേടുന്ന കീവേഡുകൾ കൂടുതലായി ഉൾപ്പെടുത്താൻ വെബ്സൈറ്റുകളുടെ എച്ച്ടിഎംഎൽ ഘടനയിലുള്ള എഡിറ്റിങ്ങാണ് ഇവിടെ പ്രധാനമായും നടക്കുന്നത്. താരതമ്യേന സാധാരണമായ ഫ്രീലാൻസിങ് മേഖലയാണ് എസ്ഇഒ.

ആനിമേഷൻ, ഗ്രാഫിക് ഡിസൈനിങ്

വളരെയേറെ ആവശ്യക്കാരുള്ള മേഖലയാണിത്. സോഷ്യൽ മീഡിയ സജീവമായതോടെ ഗ്രാഫിക് ഉള്ളടക്കം സൃഷ്ടിക്കുന്നവർക്കു വേണ്ടിയുള്ള പരക്കം പാച്ചിലിലാണു കമ്പനികൾ. വളരെയേറെപ്പേർ അധിക വരുമാനത്തിനു പാർട്‌ടൈമായി ജോലി ചെയ്യുന്ന മേഖല.

എത്തിക്കൽ ഹാക്കിങ്


ഫ്രീലാൻസുകളിലെ താരമാണ് എത്തിക്കൽ ഹാക്കിങ്. വെബ്സൈറ്റുകളിൽ ആക്രമിച്ചുകയറി വിവരങ്ങൾ ചോർത്തുന്നവർ മാത്രമല്ല ഹാക്കർമാർ. പുതുതായി ഇറങ്ങുന്ന മൊബൈലുകളിലെയും മറ്റും സുരക്ഷാപാളിച്ചകൾ കണ്ടുപിടിക്കുകയാണു നല്ല ഹാക്കർമാരുടെ ജോലി. കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്ങില്‍ ബിരുദമൊന്നും വേണമെന്നില്ല. പക്ഷേ എച്ച്ടിഎംഎല്‍, കോഡിങ് തുടങ്ങിയവയില്‍ നല്ല അവഗാഹം വേണം. എത്തിക്കല്‍ ഹാക്കിങ് പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ ഇന്നു രാജ്യത്തുടനീളമുണ്ട്.

ടെക് ലോകത്തിനപ്പുറത്തും

സാങ്കേതികവിദ്യയ്ക്കപ്പുറമുള്ള ഫ്രീലാന്‍സ് ജോലികളുമുണ്ട്. ജര്‍മന്‍, ഫ്രഞ്ച് തുടങ്ങിയ യൂറോപ്യന്‍ ഭാഷകള്‍ അറിയുന്നവര്‍ക്കു ഫ്രീലാന്‍സ് സൈറ്റുകളില്‍ ആവശ്യക്കാരേറെയാണ്. വെബ് കണ്ടന്റ് റൈറ്റിങ്, ഇംഗ്ലിഷ് എഡിറ്റിങ് തുടങ്ങിയ മേഖലകളിലും അവസരങ്ങളുണ്ട്.

എങ്ങനെ ആരംഭിക്കാം

 

  • ഇഷ്ട മേഖല കണ്ടെത്തുക. താല്‍പര്യമല്ല, നൈപുണ്യമാണു പ്രധാനം.
  • ജോലി ഉപേക്ഷിക്കാതെയും ഫ്രീലാന്‍സിങ് തുടങ്ങാം. പ്രതീക്ഷിച്ച വിധം മുന്നേറാനാകുന്നുവെങ്കിൽ ഫുള്‍ടൈം ആകാം.
  • ലിങ്ക്ഡ്ഇന്‍ തുടങ്ങിയ പ്രഫഷനല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ചേർന്നാൽ ഫ്രീലാന്‍സ് സേവനം തേടുന്നവരെ കണ്ടെത്താം.
  • ഫ്രീലാന്‍സിങ്ങിനു വേണ്ടിയുള്ള വെബ്സൈറ്റകള്‍ ധാരാളം ഇവയില്‍നിന്നും അവസരങ്ങള്‍ ലഭിക്കും.
  • മേഖലയിലുള്ള നിങ്ങളുടെ അറിവും താല്‍പര്യവും വ്യക്തമാക്കുന്ന ബ്ലോഗും ഫെയ്സ്ബുക് പോസ്റ്റുകളും ശ്രദ്ധിക്കപ്പെടാന്‍ നല്ലതാണ്.