സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശന ഫീസ് അഞ്ചുലക്ഷം രൂപ; ഹൈക്കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശന ഫീസ് അഞ്ചുലക്ഷം രൂപ; ഹൈക്കോടതി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഫീസ് നിര്‍ണയസമിതി തീരുമാനിച്ച അഞ്ചുലക്ഷം രൂപ ഫീസ് ഈടാക്കി പ്രവേശനവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിനേക്കാള്‍ ഉയര്‍ന്ന ഫീസ് നിശ്ചയിച്ച് സര്‍ക്കാര്‍ കരാറുണ്ടാക്കിയ കോളേജുകളില്‍ ഫീസിലെ അഞ്ചുലക്ഷത്തിനുശേഷമുള്ള തുകയ്ക്ക് വിദ്യാര്‍ഥികളില്‍നിന്ന് ബാങ്ക് ഗ്യാരന്റി ഈടാക്കണം. കഴിഞ്ഞവര്‍ഷത്തെ ഫീസ് നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ കോളേജുകളുമായി സര്‍ക്കാര്‍ കരാറുണ്ടാക്കരുതെന്നും ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു.

കോഴിക്കോട് കെ.എം.സി.ടി., പാലക്കാട് കരുണ, പറവൂര്‍ എസ്.എന്‍., ഒറ്റപ്പാലം നെഹ്രു മെഡിക്കല്‍ കോളേജുകളുടെയും രണ്ടു വിദ്യാര്‍ഥികളുടെയും ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. 21-ന് അന്തിമവാദം കേള്‍ക്കും. സമിതിയുടെ ഫീസ് നിര്‍ണയം, സര്‍ക്കാരുണ്ടാക്കിയ കരാര്‍ എന്നിവയിലെ അന്തിമവാദമാണ് നടക്കുക.

ചില സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി സര്‍ക്കാര്‍ കരാറുണ്ടാക്കുന്നത് ചോദ്യംചെയ്യുന്നതാണ് ഒരു വിദ്യാര്‍ഥിയുടെ ഹര്‍ജി. ഫീസ് നിര്‍ണയത്തില്‍ രാജേന്ദ്രബാബു കമ്മിറ്റിക്കാണ് അധികാരമെന്നും കരാറുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നുമാണ് വാദം.

ഇതിനകം മൂന്ന് കോളേജുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെ ചോദ്യംചെയ്യുന്നതാണ് മറ്റൊരു വിദ്യാര്‍ഥിയുടെ ഹര്‍ജി. പരിയാരം മെഡിക്കല്‍ കോളേജില്‍ ചില സീറ്റുകളില്‍ പത്തുലക്ഷം വരെയാണ് കരാര്‍പ്രകാരമുള്ള ഫീസ്. എം.ഇ.എസ്., കാരക്കോണം സി.എസ്.ഐ. കോളേജുകളില്‍ പതിനൊന്നുലക്ഷം രൂപയാണ് ചില സീറ്റുകളിലെ കൂടിയ ഫീസ്.

പ്രവേശനനടപടികള്‍ സെപ്റ്റംബര്‍ പത്തിനകം പൂര്‍ത്തിയാക്കേണ്ടതിനാലാണ് ഇടക്കാല ഉത്തരവ് നല്‍കുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. താത്കാലികഫീസ് നിര്‍ണയിച്ചതില്‍ അപാകമില്ലെന്ന് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു. അത് ചോദ്യംചെയ്ത് മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി നിര്‍ദേശിച്ചപ്രകാരമാണ് ഹൈക്കോടതി ഇപ്പോള്‍ ഇക്കാര്യം വീണ്ടും കേള്‍ക്കുന്നത്.

സ്വാശ്രയ മെഡിക്കല്‍ കോളേജിലെ 85 ശതമാനം സീറ്റില്‍ വാര്‍ഷികഫീസ് അഞ്ചുലക്ഷം രൂപയാണ് സമിതി താത്കാലികമായി നിര്‍ണയിച്ചിട്ടുള്ളത്. എന്‍.ആര്‍.ഐ. സീറ്റിലെ ഫീസ് 20 ലക്ഷമാണ്. സര്‍ക്കാരുമായി കരാറുണ്ടാക്കാത്ത കോളേജുകള്‍ക്കാണിത്.

കോളേജ് മാനേജ്‌മെന്റുകള്‍ നടത്തിപ്പുചെലവിന്റെ രേഖകള്‍ ഹാജരാക്കുന്നമുറയ്ക്ക് ഓരോ കോളേജിന്റെയും ഫീസ് പുനര്‍നിര്‍ണയിക്കുമെന്ന് രാജേന്ദ്രബാബു കമ്മിറ്റി കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. യഥാസമയം രേഖകള്‍ നല്‍കാതിരുന്നതിനാലാണ് കമ്മിറ്റി ഫീസ് നിര്‍ണയിച്ചത്.

കോടതിയുടെ മറ്റ് നിര്‍ദേശങ്ങള്‍

  • വിദ്യാര്‍ഥികള്‍ ഫീസ് തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് പ്രവേശനപരീക്ഷാ കമ്മിഷണറുടെ പേരില്‍ നല്‍കണം. അവിടെനിന്നുള്ള രസീതുമായി കോളേജിലെത്തി പ്രവേശനം നേടാം. ഈ ഫീസ് പ്രവേശന പരീക്ഷാ കമ്മിഷണര്‍ പിന്നീട് കോളേജുകള്‍ക്ക് കൈമാറും.
  • താത്കാലികമായാണ് അഞ്ചുലക്ഷം രൂപ ഈടാക്കുന്നതെന്നും നടപടിക്രമത്തിനുശേഷം ഫീസ് വര്‍ധിപ്പിച്ചാല്‍ അധികതുക നല്‍കേണ്ടിവരുമെന്നും വിദ്യാര്‍ഥികളെ അറിയിക്കണം. ഇതുസംബന്ധിച്ച് ഔദ്യോഗിക വെബ്‌സൈറ്റിലും മറ്റും അറിയിപ്പുനല്‍കണം.

വിധിയില്‍ ആശ്വാസം -മന്ത്രി ശൈലജ

അലോട്ട്‌മെന്റ് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ഓഗസ്റ്റ് 31-നകം സ്‌പോട്ട് അലോട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. അതിനുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ എന്‍.ആര്‍.ഐ. ഫീസില്‍നിന്ന് അഞ്ചുലക്ഷം രൂപവീതം നീക്കിവെയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കോടതി അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.


LATEST NEWS