ബ്രിട്ടനില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്രിട്ടനില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന

ചെന്നൈ:  ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ബ്രിട്ടനില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധന. ആറുവര്‍ഷമായി ഇന്ത്യയില്‍നിന്ന് പഠനവിസയ്ക്കുള്ള അപേക്ഷകര്‍ കുറഞ്ഞുവരികയായിരുന്നെങ്കിലും ഇപ്പോള്‍ സാഹചര്യം മാറിയെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ഭരത് ജോഷി പറഞ്ഞു.


2016 ഏപ്രില്‍മുതല്‍ ഇക്കൊല്ലം മാര്‍ച്ച്വരെയുള്ള കാലയളവില്‍ തമിഴ്‌നാട്, കേരളം, ആന്ധ്ര, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള അപേക്ഷകള്‍ പരിഗണിച്ച് 11,700 പഠനവിസകള്‍ അനുവദിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തോളം കൂടുതലാണിതെന്നും ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ പറഞ്ഞു.


ബ്രിട്ടനിലെ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച ധാരണയുണ്ടായതാണ് അപേക്ഷകരുടെ എണ്ണം കൂടാന്‍ കാരണമെന്ന് ഭരത് ജോഷി പറഞ്ഞു.


ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. ജോലിചെയ്യുകയെന്ന ലക്ഷ്യവുമായി പഠനവിസയ്ക്ക് അപേക്ഷിക്കാന്‍ പാടില്ല. പഠനവിസ പഠനത്തിനുവേണ്ടിമാത്രം ഉപയോഗിക്കണം. പഠനശേഷം യു.കെ.യില്‍ത്തന്നെ ജോലിചെയ്യുന്നതിന് തടസ്സമില്ല. എന്നാല്‍, അത് നിയമാനുസൃതമായിരിക്കണം. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 120-ല്‍പ്പരം പൂര്‍ണസമയ കോഴ്‌സുകളിലെ പഠനത്തിന് സ്‌കോളര്‍ഷിപ്പ് ലഭ്യമാണെന്നും ഭരത് ജോഷി പറഞ്ഞു.


ജൂണ്‍വരെയുള്ള കണക്കുപ്രകാരം കഴിഞ്ഞ ഒരുവര്‍ഷം ഇന്ത്യയില്‍നിന്നുള്ള ബ്രിട്ടീഷ് വിസാ അപേക്ഷകരില്‍ 87 ശതമാനത്തിനും അനുമതി ലഭിച്ചു. താത്കാലിക വിസയ്ക്കുള്ള നടപടികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു -അദ്ദേഹം അറിയിച്ചു.


LATEST NEWS