തമിഴിൽ നീറ്റ് പരീക്ഷയെഴുതിയ വിദ്യാർഥികൾക്കു 196 മാർക്ക് അധികമായി നൽകാൻ മദ്രാസ് ഹൈക്കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തമിഴിൽ നീറ്റ് പരീക്ഷയെഴുതിയ വിദ്യാർഥികൾക്കു 196 മാർക്ക് അധികമായി നൽകാൻ മദ്രാസ് ഹൈക്കോടതി
ചെന്നൈ: നീറ്റ് ചോദ്യങ്ങളിൽ തെറ്റ് വന്നതിനെ തുടര്‍ന്ന് തമിഴിൽ പരീക്ഷയെഴുതിയ വിദ്യാർഥികൾക്കു 196 മാർക്ക് അധികമായി നൽകാൻ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്‍റെ ഉത്തരവ്. പരീക്ഷയിലെ 49 ചോദ്യങ്ങൾ മൊഴിമാറ്റം നടത്തിയതിൽ പിഴവുണ്ടെന്നു ചൂണ്ടിക്കാട്ടി സിപിഎം രാജ്യസഭാ എംപി ടി. കെ. രംഗരാജൻ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് ഉത്തരവ്.
 
പിഴവുള്ള 49 ചോദ്യങ്ങൾക്കുമുള്ള മുഴുവൻ മാർക്കും വിദ്യാർഥികൾക്കു നൽകാനാണ് ഉത്തരവ്. ഈ മാർക്ക് കൂടി ഉൾപ്പെടുത്തി രണ്ടാഴ്ചയ്ക്കകം പുതുക്കിയ നീറ്റ് റാങ്ക് പട്ടിക പുറത്തുവിടണമെന്നു സിബിഎസ്ഇക്കു കോടതി നിർദേശം നൽകി. 180 ചോദ്യങ്ങൾക്ക് ആകെ 720 മാർക്കാണു നീറ്റ് പരീക്ഷയിലുള്ളത്. ചോദ്യപേപ്പറിലെ പിഴവിനു വിദ്യാർഥികളെ ശിക്ഷിക്കരുതെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
 
ഈ വർഷത്തെ മെഡിക്കൽ പ്രവേശനത്തിനു പ്ലസ്ടു മാർക്ക് ആധാരമാക്കണം, അല്ലെങ്കിൽ ചോദ്യങ്ങൾക്കുള്ള മുഴുവൻ മാർക്ക് വിദ്യാർഥികൾക്കു നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഈ വാദം പൂർണമായി അംഗീകരിച്ചാണ്, ജസ്റ്റിസ് സി.ടി.ശെൽവം, എ.എം.ബഷീർ അഹമദ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിധി. പ്രാദേശിക ഭാഷയിൽ നീറ്റ് പരീക്ഷയെഴുതിയതുകൊണ്ട് വിദ്യാർഥികൾക്ക് അർഹമായ മാർക്ക് നിഷേധിക്കുന്ന അവസ്ഥയുണ്ടാകരുതെന്നു കോടതി ചൂണ്ടിക്കാട്ടി.
 
നീറ്റ് ദേശീയതലത്തിൽ നടത്തുന്ന പരീക്ഷയാണ്. അതിനാൽ, തെറ്റുള്ള ചോദ്യങ്ങൾക്കു മുഴുവൻ മാർക്ക് നൽകി തമിഴിൽ പരീക്ഷയെഴുതിയ വിദ്യാർഥികളുടെ അവകാശം സംരക്ഷിക്കണം. ചോദ്യപേപ്പർ വിവർത്തനം ചെയ്തതു ഭാഷാ വിദഗ്ധരാണെന്നും പരീക്ഷ നടത്തുക മാത്രമാണു തങ്ങളുടെ ജോലിയെന്നുമുള്ള സിബിഎസ്ഇയുടെ വാദം അംഗീകരിക്കാനാവില്ല.
 
വിദഗ്ധരുടെ വിലയിരുത്തലിനുശേഷം ഏറ്റവും യോജിച്ച ഉത്തരത്തിനാണു മാർക്കു നൽകിയതെന്ന സിബിഎസ്ഇ വാദത്തെയും കോടതി വിമർശിച്ചു. ഉത്തരത്തെക്കുറിച്ചു വ്യക്തതയില്ലാതെയാണോ ഇത്രയും പ്രധാനപ്പെട്ട പരീക്ഷ നടത്തുന്നതെന്നു കോടതി ചോദിച്ചു. ഏറ്റവും അടുത്തു നിൽക്കുന്ന ചോദ്യത്തിനു മാർക്കു നൽകുകയെന്ന രീതി സിവിൽ സർവീസ് പരീക്ഷയിൽ അനുവദിക്കാം എന്നാൽ, 17-18 വയസ്സ് മാത്രമുള്ള വിദ്യാർഥികൾ എഴുതുന്ന പരീക്ഷയിൽ ഇത് അംഗീകരിക്കാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
 
നീറ്റുമായി ബന്ധപ്പെട്ട മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നു സിബിഎസ്ഇ. അടിയന്തര സാഹചര്യം കണക്കിലെടുത്ത് അപ്പീൽ ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.