നീറ്റ്​, നെറ്റ്, ജെ.ഇ.ഇ പരീക്ഷകൾ ഇനിമുതൽ ദേശീയ ടെസ്റ്റിങ്​ ഏജൻസി നടത്തും; വര്‍ഷത്തില്‍ രണ്ട് തവണ പരീക്ഷ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നീറ്റ്​, നെറ്റ്, ജെ.ഇ.ഇ പരീക്ഷകൾ ഇനിമുതൽ ദേശീയ ടെസ്റ്റിങ്​ ഏജൻസി നടത്തും; വര്‍ഷത്തില്‍ രണ്ട് തവണ പരീക്ഷ

ന്യൂഡൽഹി: നിലവിൽ സി.ബി.എസ്​.ഇ നടത്തി വരുന്ന നീറ്റ്​, ജെ.ഇ.ഇ പരീക്ഷകളും നെറ്റ്​ എൻട്രൻസ്​ പരീക്ഷയും ഇനിമുതൽ ദേശീയ ടെസ്റ്റിങ്​ ഏജൻസി (എൻ.എ.ടി) നടത്തുമെന്ന്​ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ്​ ജാവദേക്കർ. ഇനി മുതൽ എല്ലാ പരീക്ഷകളും കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയാണെന്നും മന്ത്രി പറഞ്ഞു. സിലബസ്, ഫീസ് എന്നിവയിൽ മാറ്റമില്ല. തിരഞ്ഞെടുത്ത കംപ്യൂട്ടർ സെന്ററുകളിലായിരിക്കും പരീക്ഷ.

പൂര്‍ണ്ണമായും കമ്പ്യൂട്ടറിലൂടെ നടത്തുന്ന പരീക്ഷകള്‍ ഒബ്ജക്റ്റീവ് മാതൃകയിലായിരിക്കുമെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. പരീക്ഷ സെന്ററുകളിലെ കമ്പ്യൂട്ടറുകളില്‍ അതീവ സുരക്ഷിതത്വമുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാനുള്ള മത്സര പരീക്ഷകളുടെ നടത്തിപ്പിലാണ് കേന്ദ്രസര്‍ക്കാര്‍ സമൂലമായ ഉടച്ചുവാര്‍ക്കല്‍ നടത്തിയത്. പരീക്ഷ നടത്തിപ്പിനുള്ള ചുമതലയുമായാണ് ദേശീയ പരീക്ഷാ ഏജന്‍സി നിലവില്‍ വന്നത്. നീറ്റ്, നെറ്റ് പരീക്ഷകൾ ഇനിമുതൽ വർഷത്തിൽ രണ്ടെണ്ണം നടത്തും. വിദ്യാർഥികൾക്കു രണ്ടു പരീക്ഷകളും എഴുതാം. ഇതിൽ ഉയർന്ന സ്കോർ പരിഗണിക്കും. അതേസമയം, ഉന്നതവിദ്യാഭ്യാസത്തിനുള്ള യോഗ്യത പരീക്ഷാനടത്തിപ്പ് രീതിയിലും മാറ്റം വരുത്തുകയാണ് കേന്ദ്രസർക്കാർ. 

കഴിഞ്ഞ വർഷമാണു പരീക്ഷാ നടത്തിപ്പിനായി ദേശീയ ഏജൻസിക്കു രൂപം നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. 45 ലക്ഷത്തിലേറെ വിദ്യാർഥികളാണു പുതിയ ഏജൻസിക്കു കീഴിൽ വരിക. യുജിസി നെറ്റ് (2018 ഡിസംബർ), ജെഇഇ മെയിൻ (2019 ജനുവരി, ഏപ്രിൽ), നീറ്റ് (2019 ഫെബ്രുവരി, മേയ്), സിമാറ്റ്, ജിപാറ്റ് (2019 ജനുവരി) പരീക്ഷകളാണ് എൻടിഎ ‌ഏറ്റെടുക്കുക. ഇതുവരെ ഇവ നടത്തി വന്നത് സിബിഎസ്ഇയും എഐസിടിഇയുമാണ്. കംപ്യൂട്ടറിലാണു പരീക്ഷയെങ്കിലും അത് ഓൺലൈൻ ആവില്ലെന്നു വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവഡേക്കർ വിശദീകരിച്ചു.

ഗ്രാമീണ മേഖലകളില്‍ സ്ഥാപിക്കുന്ന പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ ഓഗസ്റ്റ് അവസാനം പ്രവര്‍ത്തനം തുടങ്ങും. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഇവിടങ്ങളില്‍ കമ്പ്യൂട്ടര്‍ പരീക്ഷാ രീതി പരിശീലിക്കാം. ഡിസംബര്‍ രണ്ടുമുതല്‍ നെറ്റ് പരീക്ഷയും ജനുവരി ഏപ്രില്‍ മാസങ്ങളില്‍ ജെഇഇയും നടത്തും വിധമാണ് സമയക്രമം. ഫെബ്രവരി, മെയ് മാസങ്ങളില്‍ നീറ്റ് പരീക്ഷയും.


LATEST NEWS