പുതിയ സ്വാശ്രയ കോളേജുകള്‍ക്കുള്ള വിലക്ക് നീക്കി ഹൈക്കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുതിയ സ്വാശ്രയ കോളേജുകള്‍ക്കുള്ള വിലക്ക് നീക്കി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് പുതിയ സ്വാശ്രയ കോളേജോ കോഴ്സോ അനുവദിക്കേണ്ടെന്ന സർക്കാർ ഉത്തരവ് റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു.നിയമനിർമാണത്തിലൂടെയല്ലാതെ നയതീരുമാനത്തിന്റെ ഭാഗമായുള്ള ഉത്തരവിലൂടെ നിയന്ത്രണം സാധ്യമല്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

തിരുവനന്തപുരം കണിയാപുരം എം.ജി.എം. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസാണ് 2016 ഓഗസ്റ്റ് 22-ലെ ഉത്തരവിനെ ചോദ്യംചെയ്ത് ആദ്യം കോടതിയെ സമീപിച്ചത്. സർക്കാർ കൊണ്ടുവന്ന സ്വാശ്രയവിലക്ക് ഡിസംബർ 21-ന് സിംഗിൾബെഞ്ച് റദ്ദാക്കി. അതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഇപ്പോഴത്തെ ഉത്തരവ്.

നിയന്ത്രണമില്ലെങ്കിൽ സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങൾ കൂണുപോലെ മുളച്ചുപൊങ്ങുമെന്ന കേരളസർവകലാശാലയുടെ വാദം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. കൂടുതൽ സ്ഥാപനങ്ങൾ വരുന്നതിൽ ഒരു തെറ്റും കാണുന്നില്ല. ആവശ്യക്കാരുണ്ടെങ്കിൽ മാത്രമേ കോളേജുകൾ വരികയുള്ളൂ.

വേണ്ടത്ര കോളേജുകളില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നതും തുടരാൻ അനുവദിക്കുന്നതും വിദ്യാഭ്യാസമേഖലയുടെ അടിത്തറയിളകാനിടയാക്കും. ജനങ്ങളുടെ വിദ്യാഭ്യാസാവശ്യം നിഷേധിക്കലാവുമതെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി. വിദ്യാഭ്യാസം ജീവിതത്തിൻറെയും സ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യ ഭാഗമാണ്. എവിടെ, ഏതു കോളേജിൽ, ഏതു കോഴ്സിന്‌ ചേരണമെന്ന് തീരുമാനിക്കുന്നത് വിദ്യാർഥികളും രക്ഷിതാക്കളുമാണ്. സമ്പൂർണസാക്ഷരത നേടിയെന്നഭിമാനിക്കുന്ന സംസ്ഥാനത്ത് വേണ്ടത്ര ഉന്നതവിദ്യാഭ്യാസ സൗകര്യമില്ലെന്ന് കോടതി വിലയിരുത്തി.

ഒട്ടേറെ വിദ്യാർഥികൾ ഉപരിപഠനത്തിന് മറ്റു സംസ്ഥാനങ്ങളിൽ പോകുന്നു. അതിനിടെയാണ് സംസ്ഥാനസർക്കാർ പുതിയ സ്വാശ്രയകോളേജുകളും കോഴ്സുകളും വിലക്കിയത്.പഠിക്കാനും പഠിപ്പിക്കാനുമുള്ള അവകാശത്തെയും ബാധിക്കുന്നതാണിത്. വർഷങ്ങളുടെ പരിശ്രമത്തിനും മുതൽമുടക്കിനും ശേഷം അവസാനഘട്ടത്തിൽ അനുമതി നിഷേധിക്കാൻ സർക്കാരിന് അധികാരം നൽകുന്നത് നീതിയുക്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

നിലവാരം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് സർവകലാശാലയാണ്. തക്കകാരണമില്ലാതെ സർക്കാർ അനുമതി നിഷേധിക്കുന്നത് സ്വേച്ഛാപരമാണ്.അക്കാര്യത്തിൽ സർവകലാശാലകൾക്ക് ചട്ടപ്രകാരം അധികാരമുണ്ട്. അത് ഉത്തരവിലൂടെ കവർന്നെടുക്കാൻ സർക്കാരിനാവില്ല. സർവകലാശാലാ ചട്ടത്തിലെ അഫിലിയേഷൻ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്നതിനു തുല്യമാണ് നയതീരുമാനം. അതിന് സാധുത അകാശപ്പെടാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.