നിപ്പ വൈറസ്: ഹയര്‍ സെക്കന്ററി സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിപ്പ വൈറസ്: ഹയര്‍ സെക്കന്ററി സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: നിപ വൈറസ് ബാധയെ തുടര്‍ന്ന് ഹയര്‍ സെക്കന്ററി സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി. ജൂണ്‍ അഞ്ചിന് ആരംഭിക്കാനിരുന്ന രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകളാണ് മാറ്റിയത്. 

ഈ പരീക്ഷകള്‍ ജൂണ്‍ 12 ന് മാത്രമേ ആരംഭിക്കുകയുള്ളുവെന്ന് ഹയര്‍സെക്കന്ററി വകുപ്പ് അറിയിച്ചു. പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ ഹയര്‍സെക്കന്ററി പോര്‍ട്ടലില്‍ ലഭ്യമാകുമെന്നും അറിയിച്ചു. 

നിപ്പയെ തുടർന്ന് നേരത്തെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എൻട്രൻസ് പരീക്ഷകൾ ഉൾപ്പെടെ എല്ലാ പരീക്ഷകളും മാറ്റിവച്ചിരുന്നു. പിഎസ്‌സി വുമൺ പോലീസ് പരീക്ഷയും മറ്റു പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഇവയുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. 

തിരുവനന്തപുരം എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല ജൂണ്‍ ആറ് മുതല്‍ 13 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

അതേസമയം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സ്‌കൂൾ തുറക്കുന്നത് ജൂൺ 12 ലേക്ക് മാറ്റിയിട്ടുണ്ട്. തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലും സ്‌കൂളുകൾ തുറക്കുന്നത് ജൂൺ 12 ലേക്ക് മാറ്റിയിട്ടുണ്ട്. വയനാട് ജൂൺ 5 ന് സ്‌കൂളുകൾ തുറക്കും. സംസ്ഥാനത്ത് മറ്റിടത്തെല്ലാം സ്‌കൂളുകൾ ജൂൺ ഒന്നിന് തന്നെ പ്രവർത്തനമാരംഭിച്ചിരുന്നു.