സർവകലാശാലകളിൽ വൈസ്ചാൻസലറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു- പി.സദാശിവം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സർവകലാശാലകളിൽ വൈസ്ചാൻസലറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു- പി.സദാശിവം

കോട്ടയം: കേരളത്തിലെ 13 സർവകലാശാലകളിൽ നാലിടത്ത് വൈസ്ചാൻസലറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്ന് ചാൻസലർ കൂടിയായ ഗവർണർ പി.സദാശിവം പറഞ്ഞു. നിയമന നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തതാണ് കാരണം. സ്റ്റേ നീക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.ജി.സർവകലാശാലാ ആസ്ഥാനത്ത് ചാൻസലേഴ്സ് കൗൺസിലിനുശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ, കേരള കലാമണ്ഡലം, ശ്രീ ശങ്കരാചാര്യ, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലകളിലാണ് വൈസ്ചാൻസലർ ഒഴിവുള്ളത്. 2010ലെ യു.ജി.സി. ചട്ടങ്ങൾ അനുസരിച്ചുമാത്രമേ വി.സി., പി.വി.സി. നിയമനങ്ങൾ നടത്തൂവെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ടെന്നും സദാശിവം പറഞ്ഞു.

2014 നവംബറിലാണ് വൈസ്ചാൻസലർമാരെ ഉൾപ്പെടുത്തി ചാൻസലേഴ്സ് കൗൺസിൽ രൂപവൽക്കരിച്ചത്. ഇതിന്റെ പ്രവർത്തനഫലമായി ഒട്ടേറെ മാറ്റങ്ങളുണ്ടായി. അടുത്തിടെ നടന്ന ദേശീയ റാങ്കിങ്ങിൽ കേരള, കാലിക്കറ്റ്, എം.ജി., കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലകൾക്ക് ഉയർന്ന സ്ഥാനങ്ങൾ‌ നേടാനായത് ഗവർണർ ചൂണ്ടിക്കാട്ടി.

സർവകലാശാലകൾ നിശ്ചിത ഇടവേളകളിൽ തനിക്ക് പ്രവർത്തന റിപ്പോർട്ട് അയച്ചുതരും. അവിടങ്ങളിൽനിന്ന് കിട്ടുന്ന പരാതികളിൽ നടപടി സ്വീകരിക്കാൻ വൈസ്ചാൻസലർമാരോട് നിർദേശിച്ചിട്ടുണ്ട്. സർവകലാശാലയെക്കുറിച്ച് വിവിധ മാധ്യമങ്ങളിൽ വരുന്ന വാർത്തകളിലും വൈസ്ചാൻസലർമാരോട് വിശദീകരണം തേടാറുണ്ട്.

പഠിച്ചിറങ്ങിയാൽ ജോലി കിട്ടുമെന്ന പ്രതീക്ഷ പകരാൻ സർവകലാശാലകൾക്ക് കഴിയണമെന്ന് അദ്ദേഹം നിർദേശിച്ചു. തൊഴിൽ കൂടി പഠിപ്പിക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കണം. കാർഷിക സർവകലാശാല പോലുള്ളവ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും നടപടി സ്വീകരിക്കണം. വിദ്യാർഥികൾക്കിടയിൽ രക്തദാനം പ്രോത്സാഹിപ്പിക്കണം.

വിദ്യാഭ്യാസമേഖലയിൽ സംഘർഷങ്ങളുണ്ടാകാതെ നോക്കണം. തിരുവനന്തപുരം ലോ അക്കാദമിയിലെ സമരം തുടർന്നപ്പോൾ താൻ അവിടെനിന്നുള്ള ആറ് വിദ്യാർഥികളെ രാജ്ഭവനിലേക്ക്‌ വിളിപ്പിച്ചു. അവരുടെ സമരമാർഗം ശരിയല്ലെന്ന് ഉപദേശിച്ചു. നാല് ദിവസത്തിനുള്ളിൽ സമരം തീർന്നെന്നും ഗവർണർ പറഞ്ഞു.

സർവകലാശാലാ സിൻഡിക്കേറ്റിലും സെനറ്റിലും മറ്റും എത്തിയാൽ രാഷ്ട്രീയംനോക്കി തീരുമാനങ്ങളെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ നടപ്പാക്കിയ കാര്യങ്ങൾ വൈസ്ചാൻസലർമാർ കൗൺസിലിൽ അവതരിപ്പിച്ചു. മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, എം.ജി.സർവകലാശാലാ വൈസ്ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, ഗവർണറുടെ സെക്രട്ടറി ദേവേന്ദ്രകുമാർ ദൊഡാവത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.