പുതിയ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചതോടെ ചിത്രത്തെ തകർക്കാൻ സമൂഹ മാധ്യമങ്ങളിലൂടെ പലരും ശ്രമം തുടങ്ങിയെന്ന വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ. തന്റെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങളുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്റെ വിശദീകരണം.
‘‘റിലീസ് പോലും ചെയ്യാത്ത ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യാൻ നിങ്ങൾക്ക് എത്രനാൾ കഴിയും? ഒരു സിനിമയെ കൊല്ലാൻ നിങ്ങൾ ജനുവരി 1 മുതൽ ആരംഭിച്ച പരിശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ഞാൻ ഒരിക്കലും പറയാത്ത വാക്കുകളും ഒരിക്കലും പറയാത്ത സ്റ്റേറ്റ്മെന്റുകളുമാണ് ഒരു സിനിമയെ തകർക്കാൻ വേണ്ടി നിങ്ങൾ എന്റെ പേരിൽ പ്രചരിപ്പിക്കുന്നത്.
ഇതൊക്കെ ആരു ചെയ്താലും നിങ്ങൾ ഉറപ്പിച്ചോളൂ, ഇതുകൊണ്ടൊന്നും ഞാനും എന്റെ സിനിമയും പരാജയപ്പെടുമെന്നത് നിങ്ങൾ സ്വപ്നം കാണുക പോലും വേണ്ട.
എനിക്ക് മെസേജ് അയച്ചയാളോട് ഞാൻ പറഞ്ഞതു പോലെ തന്നെ ഇവിടെയും പറയുന്നു, എന്നെ ശരിക്കും അറിയുന്നവർ വിവേകത്തോടെ പെരുമാറും. നിങ്ങളെയെല്ലാവരെയും തിയറ്ററിൽ വച്ച് കാണാം. ജയ് ഗണേഷ് ഏപ്രിൽ 11 നിങ്ങളുടെ അടുത്തുള്ള തിയറ്ററുകളിൽ എത്താൻ തയാറെടുക്കുകയാണ്.
യുഎംഎഫ് ആദ്യമായി തിയറ്റർ വിതരണത്തിനെത്തിക്കുന്ന ചിത്രമായിരിക്കും ജയ് ഗണേഷ്.’’–ഉണ്ണി മുകുന്ദന്റെ വാക്കുകൾ.
READ MORE: Ankita Lokhande| ബിഗ്‌ബോസിന് ശേഷം തന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു അങ്കിത ലോഖണ്ഡേ
അയോധ്യയിലെ രാമപ്രതിഷ്‌ഠയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്റേതെന്ന രീതിയിൽ വ്യാജ പ്രസ്താവന സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ‘‘ശ്രീരാമ ജ്യോതി തെളിക്കാത്തവരും ഉച്ചത്തിൽ ജയ് ശ്രീറാം വിളിക്കാത്തവരും എന്റെ സിനിമ കാണണ്ട’’ എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞുെവന്നായിരുന്നു പ്രചാരണം.
രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജയ് ഗണേഷ്.’ മഹിമ നമ്പ്യാർ, ജോമോൾ, ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവഹിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ