ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശീല ഉയരും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശീല ഉയരും

ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശീല ഉയരും. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് മേള ആരംഭിക്കുക. 65 രാജ്യങ്ങളിൽ നിന്നുള്ള 190 ചിത്രങ്ങളാണ് ഇത്തവണ മേളയിൽ പ്രദർശനത്തിന് എത്തുന്നത്. ബംഗാളി നടി മാധവി മുഖര്‍ജി, പ്രകാശ് രാജ് തുടങ്ങിയവരാണ് മേളയിലെ മുഖ്യാതിഥികൾ. 

നിശാഗന്ധിയില്‍ ലെബനീസ് ചിത്രം ദി ഇന്‍സട്ടിന്‍റെ പ്രദര്‍ശനത്തോടെയാണ് ചലച്ചിത്രമേളക്ക് തുടക്കമാകുന്നത്. പത്തൊമ്പത് വിഭാഗങ്ങളിലായാണ് 190 സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. പതിനാല് സിനിമകള്‍ മാറ്റുരയ്ക്കുന്ന മത്സരവിഭാഗത്തില്‍ മലയാളത്തിന് അഭിമാനമായി സഞ്‍ജു സുരേന്ദ്രന്‍റെ ഏദനും പ്രേം ശങ്കര്‍ സംവിധാനം ചെയ്ത രണ്ടു പേരും കാഴ്ച്ചക്കാര്‍ക്ക് മുന്നിലെത്തും.   

അഭയാര്‍ത്ഥി പ്രശ്നം പ്രമേയമാക്കിയ കഴിഞ്ഞ മേളയുടെ സ്വീകാര്യത ഇക്കുറിയും നിലനിര്‍ത്താന്‍ വ്യത്യസ്തമായ പാക്കേജുകളാണ് അക്കാദമി ഒരുക്കിയിട്ടുള്ളത്. സ്വത്വത്തിന്റെ പേരില്‍ ഇടം നഷ്ടപ്പെടുന്നവര്‍ക്ക് ഐക്യദാര്‍ഡ്യവുമായി ഐഡന്റിറ്റി ആന്‍ഡ് സ്പേസ് വിഭാഗത്തില്‍ ആറ് സിനിമകള്‍. മലയാളികളുടെ ഇഷ്ടതാരം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ലയേഴ്സ് ഡയസും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഓഖിയുടെ പശ്ചാത്തലത്തില്‍ ആര്‍ഭാഡങ്ങള്‍ ഒഴിവാക്കിയാണ് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടനം. ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ചാകും മേളയുടെ തുടക്കം. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക പാസ്സ് നല്‍കികഴിഞ്ഞു. സുരക്ഷയ്ക്കായി ഇക്കുറി 30 വനിതാ വോളന്‍റിയര്‍മാരെയും ചലച്ചിത്ര അക്കാദമി നിയോഗിച്ചിട്ടുണ്ട്. പതിനാല് തീയേറ്ററുകളിലായി 8848 സീറ്റുകൾ ഒരുക്കിയിട്ടുണ്ട്. ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി വിവിധ ശില്പശാലകളും പ്രഭാഷണ പരമ്പരകളും സംഘടിപ്പിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സിനിമയുടെ പൂരത്തിന് അനന്തപുരിയും കേരളവും ഒരുങ്ങിക്കഴിഞ്ഞു. 


LATEST NEWS