നടന്‍ ജയ് കോടതിയില്‍ കീഴടങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നടന്‍ ജയ് കോടതിയില്‍ കീഴടങ്ങി

മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ നടന്‍ ജയ് കോടതിയില്‍ കീഴടങ്ങി. ഒളിവില്‍പോയ നടനെ രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് സൈതാര്‍പേട്ട കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് താരം ഇന്നലെ കീഴടങ്ങിയത്.

മദ്യപിച്ചാണ് താന്‍ വാഹനമോടിച്ചതെന്ന് കോടതിക്ക് മുമ്പാകെ ജയ് സമ്മതിച്ചു. താരത്തിന്റെ ഡ്രൈവിങ് ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദ് ചെയ്തു. കൂടാതെ 5500രൂപ പിഴയും അടയ്ക്കാനും കോടതി ആവശ്യപ്പെട്ടു.

ഈ മാസം മൂന്നാം തിയതി കേസ് കോടതി പരിഗണിച്ചിരുന്നു. ജയ് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. അഞ്ചാം തിയതി കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്നും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും നടനോട് കോടതി ആവശ്യപ്പെട്ടു. എന്നാല്‍ താരം ഹാജരായില്ല.

കഴിഞ്ഞ ദിവസം വീണ്ടും കേസ് കോടതിയുടെ പരിഗണനയില്‍ എത്തി. ജയ് ഹാജരായില്ല. നടന്‍ ഒളിവിലാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് രണ്ട് ദിവസത്തിനുള്ളില്‍ നടനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടത്.

 ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിലെ ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയ്. ജയ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് അടയാര്‍ ഫ്ലൈ ഓവറില്‍ ഇടിച്ചു നിന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് ജയ് മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. പിന്നീട് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. 2014ലും സമാനമായ കേസ് നടനെതിരെ ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.


LATEST NEWS