ആകാശവാണി ശ്രീ സ്വാതി തിരുനാള്‍ ജയന്തിയോടനുബന്ധിച്ച്‌ ത്രിദിന സംഗീതോത്സവം സംഘടിപ്പിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആകാശവാണി ശ്രീ സ്വാതി തിരുനാള്‍ ജയന്തിയോടനുബന്ധിച്ച്‌ ത്രിദിന സംഗീതോത്സവം സംഘടിപ്പിക്കുന്നു

ആകാശവാണി തൃശൂര്‍ നിലയം ശ്രീ സ്വാതി തിരുനാള്‍ ജയന്തിയോടനുബന്ധിച്ച്‌ ത്രിദിന സംഗീതോത്സവം സംഘടിപ്പിക്കുന്നു. പാലക്കാട്‌, തൃപ്പുണിത്തുറ, തൃശൂര്‍ എന്നിവിടങ്ങളില്‍ യഥാക്രമം മാർച്ച്  22, 23, 24 തീയതികളില്‍ സംഗീതക്കച്ചേരികള്‍ നടക്കും.  ശ്രീ സ്വാതി തിരുനാള്‍ ജയന്തിയോടനുബന്ധിച്ച്‌ ആകാശവാണിയുടെ തിരുവനന്തപുരം, തൃശ്ശൂര്‍ ,കോഴിക്കോട്‌, കണ്ണൂര്‍ നിലയങ്ങള്‍ അവതരിപ്പിക്കുന്ന കച്ചേരികള്‍ ഉള്‍പ്പെടെ ആകാശവാണിയുടെ കേരളം നിലയങ്ങള്‍ ഏപ്രില്‍ 10 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ രാത്രി 9 .30 ന്‌ പ്രക്ഷേപണം ചെയ്യും. ജയന്തി ദിവസമായ ഏപ്രില്‍ 20 ന്‌ രാവിലെ 8.30 മുതല്‍ തിരുവനന്തപുരം ലേവി ഹാളില്‍ നിന്നുമുള്ള തത്സമയ കച്ചേരികളുടെ പ്രക്ഷേപണവും ഉണ്ടായിരിക്കും.

മാര്‍ച്ച്‌ 22 വൈകിട്ട്‌ 6.30 ന്‌ പാലക്കാട്‌ ഫൈന്‍ ആര്‍ട്ട്‌സ്‌ സൊസൈറ്റിയുടെ സഹകരണത്തോടെ പാലക്കാട്‌ ഫൈന്‍ ആര്‍ട്ട്‌സ്‌ ഹാളില്‍ ഡോ. ജി ബേബിയുടെ സംഗീതക്കച്ചേരി നടക്കും. എന്‍ സമ്പത്ത്‌ വയലിനിലും ജി ചന്ദ്രശേഖരന്‍ നായര്‍ മൃദംഗത്തിലും ഹരിപ്പാട്‌ എം എസ്‌ രാജശേഖരന്‍ ഘടത്തിലും കെ ഹരികൃഷ്‌ണന്‍ മുഖര്‍ശംഖിലും പക്കമേളം ഒരുക്കും. 

23 ന്‌ വൈകിട്ട്‌ 6.30 ന്‌ തൃപ്പുണിത്തുറ ശ്രീ പൂര്‍ണത്രയീശ സംഗീത സഭയുടെ സഹകരണത്തോടെ തൃപ്പുണിത്തുറ കളിക്കോട്ട പാലസില്‍ എം കെ ശങ്കരന്‍ നമ്പൂതിരിയുടെ സംഗീതക്കച്ചേരി. ഇടപ്പള്ളി എ അജിത്‌ കുമാര്‍-വയലിന്‍, പാലക്കാട്‌ എ ഗണേശന്‍ -മൃദംഗം, മാഞ്ഞൂര്‍ ഉണ്ണികൃഷ്‌ണന്‍-ഘടം, പയ്യന്നൂര്‍ ടി ഗോവിന്ദപ്രസാദ്‌-മുഖര്‍ശംഖ്‌. 

24 ന്‌ വൈകിട്ട്‌ 6 ന്‌ തൃശ്ശൂര്‍ ത്യാഗബ്രഹ്മ സംഗീത സഭയുടെ സഹകരണത്തോടെ തൃശ്ശൂര്‍ ചിന്മയ നീരാഞ്‌ജലി ഹാളില്‍ എസ്‌ ആര്‍ മഹാദേവശര്‍മ, എസ്‌ ആര്‍ രാജശ്രീ എന്നിവര്‍ ചേര്‍ന്ന്‌ വയലിന്‍ കച്ചേരി അവതരിപ്പിക്കും. ഡോ. കെ ജയകൃഷ്‌ണന്‍-മൃദംഗം, വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത്ത്‌-ഘടം. 

ആകാശവാണി അഖിലേന്ത്യാ തലത്തില്‍ നടത്തിയ സംഗീത മത്സരത്തില്‍ ഘടത്തില്‍ രണ്ടാം സമ്മാനം നേടിയ ബിജയ്‌ ശങ്കറിനുള്ള സമ്മാനദാനം പ്രശസ്‌ത വയലിന്‍ വിദ്വാന്‍ സി രാജേന്ദ്രന്‍ ഈ അവസരത്തില്‍ നിര്‍വഹിക്കും.