അഴകിയ തമിഴ് മകനല്ല ‘ഭൈരവ’ ; റിവ്യു വായിക്കാം!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഴകിയ തമിഴ് മകനല്ല ‘ഭൈരവ’ ; റിവ്യു വായിക്കാം!

ഒരു പ്രൈവറ്റ് ബാങ്കില്‍ കലക്ഷന്‍ ഏജന്റായി ജോലി ചെയ്യുന്ന യുവാവാണ് നമ്മുടെ നായകന്‍ ഭൈരവ. നീതി ബോധത്തോടെ മാത്രം കാര്യങ്ങളെ സമീപിയ്ക്കുന്ന ചെറുപ്പക്കാരന്‍. മലര്‍വിഴി എന്ന പെണ്‍കുട്ടിയുമായി ഭൈരവ പ്രണയത്തിലാകുന്നു. രാജ്യത്ത് ഒരുപാട് അഴിമതികള്‍ നടക്കുന്നുണ്ട് എന്നും, അത്തരത്തിലുള്ള വിദ്യാഭ്യാസ കച്ചവട അഴിമതിയുടെ ഭാഗമായിട്ടാണ് ഡോക്ടറാകാനുള്ള തന്റെ സ്വപ്‌നം ഇല്ലാതായത് എന്നും മലര്‍വഴി പറയുന്നു. തുടര്‍ന്ന് അഴിമതി തുടച്ചു നീക്കാനുള്ള നായകന്റെ പടയൊരുക്കമാണ് സിനിമ.സാമൂഹ്യ പ്രശ്‌നങ്ങളാണ് സിനിമ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിച്ചത്. ഉദ്ദേശം നല്ലതായിരുന്നുവെങ്കിലും ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമ ആക്കാന്‍ ശ്രമിച്ചിടത്താണ് പണി പാളിയത്. ആദ്യ പകുതിയില്‍ കോമഡിയും റൊമാന്റിക്കും മാത്രം, പിന്നെ ഒരു 20 മിനിട്ട് നീണ്ടു നില്‍ക്കുന്ന ഫ്ലാഷ്ബാക്കും. രണ്ടാം പകുതിയിലാണ് കഥയിലേക്ക് കടക്കുന്നത്. അത് വിജയ്ക്ക് വേണ്ടി മാത്രമുള്ളതായിരുന്നു.

വിജയ് മികച്ച പെര്‍ഫോമന്‍സ് നടത്തിയപ്പോള്‍ നായികയായി എത്തിയ കീര്‍ത്തി സുരേഷ് തന്റെ വേഷം ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. വില്ലനായി എത്തിയ ജഗുപതി ബാബു മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. എന്നാല്‍ സതീഷിന്റെ കോമഡികള്‍ തിയറ്ററില്‍ പൊട്ടാത്ത പടക്കമായി മാറി.

തുപ്പാക്കിയും തെരിയും പ്രതീക്ഷിച്ച് ഭൈരവ കാണാന്‍ കയറിയാല്‍ ഒരു പക്ഷേ നിരാശ സമ്മാനിച്ചേക്കാം ചിത്രം. എന്നാല്‍ വിജയ് ആരാധകരെ പൂര്‍ണ്ണമായും ഭൈരവ തളര്‍ത്തില്ലെന്ന് ഉറപ്പ്. കിടിലന്‍ ഡാന്‍സും പാട്ടും പശ്ചാത്തല സംഗീതവും ഇളയദളപതിയുടെ ഡയലോഗും കൊണ്ട് ഭൈരവ മാസാണ്. പ്രതീക്ഷകളില്ലാതെ സിനിമ കാണാന്‍ കയറുന്നവര്‍ക്ക് ചിത്രം നന്നായി ഇഷ്ടപ്പെട്ടേക്കാം.

അഴകിയ തമിഴ് മകന്‍ പോലെ മികച്ച ഒരു ചിത്രമായി ഭദ്രന്‍ - വിജയ് കൂട്ടുകെട്ടിലെ ഭൈരവയെ വിശേഷിപ്പിക്കാനാകില്ല. കാരണം അഴകിയ തമിഴ് മകന്‍ ആനയും ഭൈരവ ആടുമാണ്. യാതൊരു പുതുമയും അവകാശപ്പെടാന്‍ സിനിമയ്ക്ക് കഴിയുന്നില്ല. ഇഴഞ്ഞുളള സിനിമയുടെ മെല്ലെ പോക്ക് ചിലയിടങ്ങളില്‍ കല്ലുകടിയാകുന്നുണ്ട്. രണ്ടാം പകുതിയിലാണ് സിനിമ പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്.

എം സുകുമാറിന്റെ ഛായാഗ്രാഹണ ഭംഗി പ്രശംസ അര്‍ഹിയ്ക്കുന്നു. പ്രവീണ്‍ കെ എല്ലിന്റെ ചിത്ര സംയോജനും വിജയ് ആരാധകരെ സംതൃപ്തി പെടുത്തുന്ന തരത്തില്‍ മികച്ചു നില്‍ക്കുന്നു. സന്തോഷ് നാരായണന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയുടെ പ്ലസ് പോയിന്റാണ്.

 


LATEST NEWS