വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
‘സേക്രഡ് ഗെയിംസ്’ രണ്ടാം സീസണ് ആഗസ്റ്റ് 15ന് പുറത്തിറങ്ങാനിരിക്കുകയാണ്. ഇന്ത്യൻ സിനിമയില്‍ ലൈംഗികത, മതം, രാഷ്ട്രീയം എന്നീ മൂന്ന് വലിയ ‘നോ’കള്‍ ഉണ്ടെന്നും, ആ മൂന്നിനേയുമാണ് സേക്രഡ് ഗെയിംസ് അഭിസംബോധന ചെയ്യുന്നതെന്നും പറയുകയാണ് ഈ നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ വെബ് സീരീസിന്റെ സംവിധായകരില്‍ ഒരാളായ അനുരാഗ് കശ്യപ്. രാഷ്ട്രീയ – പോലീസ് രംഗത്തെ അഴിമതി, സംഘടിത കുറ്റകൃത്യങ്ങൾ, മതപരമായ പിരിമുറുക്കം, ആണവ ഭീകരത തുടങ്ങി കാലികപ്രസക്തമായ വിഷയങ്ങളാണ് സീരീസ് കൈകാര്യം ചെയ്യുന്നത്.
നവാസുദ്ദീന്‍ സിദ്ദീഖിയുടെ ഗണേഷ് ഗയ്തോണ്ടെ എന്ന അധോലോക നായകന്റെ വളര്‍ച്ചയും, അതിന് സമാന്തരമായി പറയുന്ന സെയ്ഫ് അലിഖാന്റെ സര്‍താജ് സിംഗ് എന്ന സിഖ് പൊലീസുകാരന്റെ അന്വേഷണങ്ങളും രണ്ട് കാലത്തില്‍ നിന്ന് ആവിഷ്കരിക്കുകയാണ് സേക്രഡ് ഗെയിംസ്. അതില്‍ ചോരയും, ലൈംഗികതയും, അക്രമവുമുണ്ട്. മുഖ്യധാരാ സിനിമയിൽ അങ്ങനെയൊന്നു ചെയ്യാനും പ്രേക്ഷകസ്വീകാര്യത ലഭിക്കാനും പ്രയാസമാണെന്ന്’ അനുരാഗ് കശ്യപ് പറയുന്നു. ‘ഇന്ത്യയിൽ സിനിമ കാണുന്നത് ഒരു കുടുംബാനുഭവമാണ്, ഒരു കമ്മ്യൂണിറ്റി അനുഭവമാണ്. അതുകൊണ്ടുതന്നെ സേക്രഡ് ഗെയിംസ് കാണാന്‍ ആരും കുടുംബവുമൊത്ത് ഇരിക്കില്ല’.
ഇന്ത്യൻ സിനിമയിലെ ഒറ്റയാനാണ് അനുരാഗ് കശ്യപ്. 15 വർഷമായി അദ്ദേഹം വാണിജ്യ – മുഖ്യധാരാ സിനിമകള്‍ക്ക് പുറത്താണ് പ്രവർത്തിക്കുന്നത്. യാഥാസ്ഥിതിക സമൂഹത്തെ പ്രകോപിപ്പിക്കുന്ന, താരതമ്യേന ചെലവു കുറഞ്ഞ സിനിമകള്‍ക്ക് പിന്നിലായിരുന്നു ഇത്രകാലവും അദ്ദേഹം. എന്നാലിപ്പോള്‍, ഇന്ത്യന്‍ സിനിമയുടെ നവതരംഗത്തെ മുന്നില്‍ നിന്ന് നയിക്കുകയും സമൂലമായൊരു മാറ്റത്തിന് തിരികൊളുത്തുകയും ചെയ്തിരിക്കുകയാണ് കശ്യപ്. 1.3 ബില്യൺ ആളുകളും 500 ദശലക്ഷത്തിലധികം ഇന്റർനെറ്റ് വരിക്കാരും ഉള്ള രാജ്യത്തെക്കാണ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഭീമന്മാർ സേക്രഡ് ഗെയിംസ് പോലുള്ള വിഭവങ്ങളുമായി എത്തുന്നത്.