രാജേന്ദര്‍ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ധന്‍സിക

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജേന്ദര്‍ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ധന്‍സിക

വിഴിത്തിരു സിനിമയുടെ വാര്‍ത്താ സമ്മേളന വേദിയില്‍ നടനും സംവിധായകനുമായ ടി രാജേന്ദര്‍ ധന്‍സികയെ പരസ്യമായി വഴക്ക് പറഞ്ഞതും ധന്‍സിക വേദിയിലിരുന്ന് കരഞ്ഞതും വലിയ വാര്‍ത്തയായിരുന്നു.  സായി ധന്‍സിക തനിക്ക് നന്ദി പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിരൂക്ഷമായ ഭാഷയില്‍ രാജേന്ദര്‍ സംസാരിച്ചത്. അത് വെറും തെറ്റിദ്ധാരണയാണെന്നും തനിക്ക് രാജേന്ദറോട് ബഹുമാനം മാത്രമേയുള്ളൂ എന്ന് ധന്‍സിക പറയാന്‍ ശ്രമിച്ചെങ്കിലും എനിക്ക് നിന്റെ ബഹുമാനം വേണ്ടെന്നായിരുന്നു രാജേന്ദറിന്റെ നിലപാട്.

എന്നാല്‍, ഇതേക്കുറിച്ച് ധന്‍സിക പിന്നീട് ഒരു അക്ഷരം പോലും പ്രതികരിച്ചില്ല. സംഭവം നടന്ന് ആഴ്ച്ചകള്‍ പിന്നിടുമ്പോള്‍ ധന്‍സികയ്ക്ക് പറയാനുള്ളത് ഇതാണ്. 'താന്‍ മനപ്പൂര്‍വമായി ഇക്കാര്യത്തില്‍ ഒരു പ്രതികരണം നടത്തേണ്ട എന്ന തീരുമാനത്തില്‍ മൗനം തുടര്‍ന്നതാണ്. ആളുകള്‍ പറയുന്നത് രാജേന്ദര്‍ ആത്മീയനായ ഒരു മനുഷ്യനാണെന്നാണ്. എന്നാല്‍, ആത്മീയനായ ഒരാള്‍ക്ക് ഒരിക്കലും ഒരാളെ വേദനിപ്പിക്കാന്‍ കഴിയില്ല. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയാണ് ഞാന്‍. എന്നാല്‍ എന്റെ ആ സ്വഭാവം മാറ്റിയെടുത്തത് എന്റെ ആത്മീയതയാണ്.

രാജേന്ദര്‍ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍നിന്ന് പുറത്തുകടക്കാന്‍ എനിക്ക് ഏഴു ദിവസത്തിലേറെ വേണ്ടി വന്നു. അത് എന്നെ മാനസികമായി പോലും ബാധിച്ചിരുന്നു. എല്ലാ മേഖലകളിലുമുള്ള സ്ത്രീകള്‍ വിവിധ മേഖലകളില്‍ ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഞാന്‍ എല്ലാ പുരുഷന്മാരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷെ, എനിക്കൊരു ദുരനുഭവമുണ്ടായപ്പോള്‍ എന്റെ ഒപ്പം നിന്ന പുരുഷന്മാര്‍ക്ക് നന്ദി പറയാനുള്ള അവസരമായി ഞാനീ സംഭവത്തെ നോക്കി കാണുകയാണ്.'


LATEST NEWS