അപര്‍ണ അവതരിപ്പിച്ചത് എന്‍റെ ജീവിതം; ഹിമ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അപര്‍ണ അവതരിപ്പിച്ചത് എന്‍റെ ജീവിതം; ഹിമ

സിനിമയെ പിന്തുണക്കാതെ തന്റെ വാക്കുകള്‍ മാത്രം വാര്‍ത്തയാക്കിയതില്‍ വിഷമമുണ്ടെന്ന് നടി ഹിമ ശങ്കര്‍. സര്‍വോപരി പാലാക്കരന്‍ എന്ന സിനിമയുടെ പ്രചാരണത്തിനിടെ ഹിമ പറഞ്ഞ പ്രസ്താവനകളാണ് മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സര്‍വോപരി പാലാക്കാരന്‍ എന്ന സിനിമയില്‍ അപര്‍ണ അവതരിപ്പിച്ച അനുപമ എന്ന കഥാപാത്രത്തെ ഹിമയുടെ ജീവിതത്തില്‍ നിന്നും പ്രോചദനം ഉള്‍ക്കൊണ്ടാണ് എഴുതിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ടാണ് ഹിമ പത്രസമ്മേളനത്തിനെത്തിയതും, എന്നാല്‍ അതില്‍ നിന്നും ഹിമ പറഞ്ഞൊരു സംഭവത്തെ പെരുപ്പിച്ച് കാട്ടിയാണ് എല്ലാ വാര്‍ത്തകളും വന്നത്. സിനിമയെ പിന്തുണക്കാതെ തന്റെ വാക്കുകള്‍ മാത്രം വാര്‍ത്തയായതില്‍ വിഷമമുണ്ടെന്നും ഒരു മികച്ച സിനിമയെ അവഗണിക്കരുതെന്നും ഹിമ പറയുന്നു.

ഹിമയുടെ വാക്കുകളിലേക്ക്

സര്‍വോപരി പാലാക്കാരന്‍ എന്ന സിനിമയുമായി എനിക്കുള്ള ബന്ധം വെളിവാക്കാനാണ് ആ പത്രസമ്മേളനത്തിനെത്തിയത്. എന്റെ ജീവിതത്തിലെ ചില സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അപര്‍ണ അവതരിപ്പിച്ച അനുപമ എന്ന കഥാപാത്രം അവര്‍ ചെയ്തിരിക്കുന്നത്. ഞാനും സുഹൃത്തും രാത്രി 12.30യ്ക്ക് ബൈക്കില്‍ പോയപ്പോള്‍ പൊലീസ് പിടിച്ച് നിറുത്തിയതും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും, സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുമ്പോള്‍ രാത്രിയില്‍ പ്രോഗ്രാം കഴിഞ്ഞ് പോകുമ്പോള്‍ പൊലീസുമായിട്ടുള്ള കുറച്ച് പ്രശ്‌നങ്ങളൊക്കെയാണ് ആ സിനിമയില്‍ ഉള്ളത്.

കൂടാതെ എന്നെപ്പോലെ ഒറ്റയ്ക്ക് താമസിക്കുന്ന പെണ്‍ കുട്ടികള്‍ അനുഭവിക്കുന്ന കുറേ പ്രശ്‌നങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നു. ഞങ്ങളുടെ ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന കഥാപാത്രമാണ് അപര്‍ണ ചെയ്ത അനുപമ എന്ന കഥാപാത്രം. ഈ കാര്യങ്ങളെക്കുറിച്ച് പറയാനാണ് അവിടെ പോയത്. അപ്പോള്‍ അവിടെയുള്ള ഒരു പത്രക്കാരന്‍ എന്നോട് ചോദിച്ചു കാസ്റ്റിങ് കൗച്ചിങ്ങിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ് എന്ന്.

എനിക്ക് മറയിട്ടൊന്നും സംസാരിക്കാന്‍ അറിയില്ല. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുമ്പോള്‍ രണ്ടു മൂന്ന് ആളുകള്‍ എന്നെ വിളിച്ചിട്ട് പാക്കേജിനെക്കുറിച്ച് പറഞ്ഞു അതെന്താണ് എന്ന് ചോദിച്ചപ്പോള്‍ ബെഡ് വിത്ത് ആക്ടിങ്ങ് ആണെന്ന് പറഞ്ഞു. അങ്ങനെയാണെങ്കില്‍ അത് മാത്രം പഠിച്ചാല്‍ പോരേ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പോയി ആക്ടിങ് സീരിയസ് ആയി എടുക്കേണ്ട കാര്യമില്ലല്ലോ എന്ന് പറഞ്ഞു. പൊതുവെ എന്റെ സ്വഭാവമറിയാവുന്നതുകൊണ്ടാണോ എന്നറിയില്ല പിന്നീട് ഇതുപോലെ ഒരു ശല്യം ഉണ്ടായിട്ടില്ല. ഗ്ലാമറായിട്ട് അഭിനയിച്ചിട്ട് പോലും ഫെയ്‌സ്ബുക്കില്‍ പോലും ഒരു ശല്യവുമില്ല.

ബോള്‍ഡ് ആയിട്ട് കാര്യങ്ങള്‍ പറയുന്നത് കൊണ്ട് ഞങ്ങളെപ്പോലുള്ളവരെ പ്രശ്‌നക്കാരികളും അഹങ്കാരികളുമായിട്ടാണ് കാണുന്നത്. പലരും ഞങ്ങളെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. പക്ഷേ ഇതില്‍ വാര്‍ത്ത വന്നപ്പോള്‍ സിനിമയെക്കുറിച്ച് ഒരുവാര്‍ത്തപോലും വന്നില്ല. അത് കുറച്ച് വിഷമിപ്പിച്ചു.

ആ സിനിമയോടുള്ള ബന്ധം , ആ സിനിമ എന്നെപ്പോലെയുള്ള ആളുകളുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം കൂടിയാണ്. കൃത്യമായി അഭിപ്രായം പറയുന്നവര്‍ക്ക് ഒരു പ്രോത്സാഹനം കിട്ടുന്ന സിനിമയാണ് ഇത്. അതിനെ പ്രൊമോട്ട് ചെയ്യുന്നതിനുപകരം ബെഡ് വിത് ആക്ടിങ്ങിനെ പ്രൊമോട്ട് ചെയ്തത് വളരെ മോശമായിപ്പോയി.ഹിമ പറഞ്ഞു.

അതേസമയം ബെഡ് വിത്ത് ആക്ടിങ് എന്നറിയപ്പെടുന്ന പാക്കേജ് സംവിധാനം മലയാള സിനിമയിലുണ്ടെന്നും നടി വ്യക്തമാക്കുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്നു പറഞ്ഞു സിനിമാ മേഖലയില്‍നിന്നു ചിലര്‍ വിളിച്ചിട്ടുണ്ടെന്നു ഹിമ പറഞ്ഞു.

സിനിമയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോടു തന്നെ ചോദിച്ചു. ‘ബെഡ് വിത്ത് ആക്ടിങ്’ എന്നായിരുന്നു മറുപടി. ഇത്തരത്തില്‍ മൂന്നു പേര്‍ സമീപിച്ചിരുന്നു. അവസരത്തിനായി കിടക്ക പങ്കിടാന്‍ കഴിയില്ല എന്ന് അവരോടെല്ലാം പറഞ്ഞു. അതിനുശേഷം വിളി വന്നിട്ടില്ല.

ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യം ഇല്ലാത്തത്. ആണ്‍ മേല്‍ക്കോയ്മാ മനോഭാവം മലയാള സിനിമയിലുമുണ്ട്. സ്ത്രീകള്‍ സ്വന്തം അഭിപ്രായം തുറന്നു പറയണമെന്ന് സമൂഹത്തില്‍ എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അഭിപ്രായം തുറന്നു പറയുന്ന സ്ത്രീകളെ പഴി പറയുന്നതും ഇതേ സമൂഹം തന്നെയാണെന്നു ഹിമ പറഞ്ഞു