ഇതിഹാസയുടെ സംവിധായകന്‍ ബിനു എസിനെതിരെ കടുത്ത വിമര്‍ശനവുമായി തിരകഥാകൃത്ത് രംഗത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇതിഹാസയുടെ സംവിധായകന്‍ ബിനു എസിനെതിരെ കടുത്ത വിമര്‍ശനവുമായി തിരകഥാകൃത്ത് രംഗത്ത്

ഇതിഹാസയുടെ സംവിധായകന്‍ ബിനു എസിനെതിരെ കടുത്ത വിമര്‍ശനവുമായി തിരക്കഥാകൃത്ത് അനീഷ്‌ ലീ അശോക്‌ രംഗത്ത്.  താനറിയാതെ ഇതിഹാസയുടെ രണ്ടാം ഭാഗവുമായി സംവിധായകനും അണിയറപ്രവര്‍ത്തകരും മുന്നേറുകയാണെന്നും ഇതിനായി സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നാലും ഇവരുടെ ഈ ലക്ഷ്യത്തിനു പൂട്ടിടുമെന്ന് അനീഷ്‌ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷമാണ്‌ ബിനു ഇതിഹാസ 2 എന്ന ചിത്രം അനൌണ്‍സ് ചെയ്യുന്നത്.തിരക്കഥയിലും ബിനുവിന്‍റെ പേര് ആയിരുന്നു.

ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ രൂപം :


ഇതിഹാസ എന്നാ ചിത്രം എഴുതിയ ഞാന്‍ പോലും അറിയാതെ ഇപ്പോള്‍ 'ഇതിഹാസ 2' എന്ന പേരില്‍ പലരും എവിടെയൊക്കെയോ ഇരുന്നു അതിനു രണ്ടാം ഭാഗം എഴുതുന്നുവെന്ന ഒരു വാര്‍ത്ത കേള്‍ക്കാനിടയായി.
എന്താണ് അവരുടെ ലക്ഷ്യം എന്നറിയില്ല. ഇവരൊക്കെ ഭയങ്കര ബുദ്ധി രാക്ഷസന്മാര്‍ ആണെന്ന് തോന്നുന്നു. ഇങ്ങനെ രണ്ടാം ഭാഗം എടുക്കാന്‍ പറ്റുമെങ്കില്‍ ഈ നാട്ടില്‍ ഇറങ്ങിയ എല്ലാ സിനിമയ്ക്കും, കഥകള്‍ക്കും, നോവലുകള്‍ക്കും മറ്റൊരാള്‍ക്ക് രണ്ടാം ഭാഗം ഇറക്കാമല്ലോ?... എന്തായാലും എന്‍റെ ജീവിതാവസാനം വരെ ഇതിഹാസ എന്ന സിനിമയുടെ  കഥ, തിരക്കഥ, റൈറ്റ്സ്, രണ്ടാം ഭാഗത്തിനായി മറ്റാര്‍ക്കും ഞാന്‍ വിട്ടുകൊടുക്കാന്‍ ഉദേശിക്കുന്നില്ല.

കഥ എഴുതി ഉണ്ടാക്കുന്ന കഥാകൃത്തിന് അതിനുള്ള സ്വാതന്ത്ര്യം ഈ ഇന്ത്യ മഹാരാജ്യത്തെ നിയമങ്ങളില്‍ ഉണ്ട് എന്നു തന്നെയാണ് അധികാരപെട്ടവരുമായി ബന്ധപ്പെട്ടപ്പോള്‍ എനിക്കു അറിയുവാന്‍ കഴിഞ്ഞത്.
ഞാന്‍ ഒന്നിനും പോകില്ലെന്ന ചിലരുടെ തോന്നലാകാം, അല്ലെങ്കില്‍ കഥ കയ്യില്‍ കിട്ടി കഴിഞ്ഞാല്‍ അത് രാപ്പകല്‍ ഉറക്കമൊഴിച്ചു എഴുതി ഉണ്ടാക്കിയവനെ ഒതുക്കുന്ന ചിലരുടെ ചിന്താഗതി ആകാം, അല്ലേല്‍ അവര്‍ എന്ത് ചെയ്താലും ഒരുത്തനും ചോദിച്ച് പോകരുതെന്ന ചിലരുടെ ധാര്‍ഷ്ട്യം ആവാം ഇതിനു പിന്നില്‍.
അത് ചോദിക്കാന്‍ ചെന്നാല്‍ മുന്‍കാലങ്ങളില്‍ പലര്‍ക്കും പറ്റിയത് പോലെ ഒരു സുപ്രഭാതത്തില്‍ സ്വന്തം സൃഷ്ടിയുടെ പിതൃത്വം മറ്റു പലരും ഏറ്റെടുത്ത്, 'നീ എഴുതിയത് ശരിയല്ല'  എന്ന് പറഞ്ഞു അവന്‍ ആട്ടി ഓടിക്കപ്പെടും. അതും അല്ലെങ്കില്‍ എന്തെങ്കിലും നക്കാപിച്ച കൊടുത്ത് ചതിച്ചു എഗ്രിമെന്‍റ് വാങ്ങും. മറ്റുള്ളവരെ നശിപ്പിച്ചു വളരാതെ, സ്വന്തം കഴിവ് കൊണ്ട് വളരൂ സുഹൃത്തേ... ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടേണ്ടി വരും എന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല, ഒന്നും അറിയാതെ തന്‍റെ കഥയുമായി സിനിമയില്‍ വരുന്ന ഒരു പാവപ്പെട്ടവനും ഇനി ബാലിയാടായിക്കൂട എന്ന തോന്നലുണ്ടായിട്ടാണ് ഇപ്പോള്‍ ഈ ഗുരുവായൂരപ്പന്‍റെ മുന്‍പില്‍ നിന്നും ഞാന്‍ ഈ പോസ്റ്റ്‌ ഇടുന്നത്... ധര്‍മ്മം വിജയിക്കട്ടെ.


LATEST NEWS