ഉലക നായകന് ഇന്ന് അറുപത്തിയഞ്ചാം പിറന്നാള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉലക നായകന് ഇന്ന് അറുപത്തിയഞ്ചാം പിറന്നാള്‍

ഉലക നായകന്‍ എന്ന വിളിപ്പേരുള്ള തമിഴകത്തിന്‍റെ സ്വന്തം കമല്‍ ഹാസന് ഇന്ന് അറുപത്തിയഞ്ചാം പിറന്നാള്‍. പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ പകര്‍ന്നാട്ടങ്ങള്‍ക്ക് പരിതിയോ പരിമിതിയോ ഇല്ല. പ്രതിഭയും വൈവിധ്യവും തുല്യ അളവില്‍ ഒത്തുചേര്‍ന്ന അതുല്യ പ്രതിഭ പ്രായത്തെ തോല്‍പിച്ചുകൊണ്ട് ജൈത്രയാത്ര തുടരുകയാണ്. എല്ലാ സിനിമയിലും വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടായിരിക്കണമെന്ന പിടിവാശിയോടെ അവയെ സമീപിക്കുന്ന ഒരു നടന്‍. എന്തും ഒരുകൈ പയറ്റിനോക്കാന്‍ കമല്‍ എപ്പോഴും തയ്യാറായിരുന്നു. അഭിനയവും സംഗീതവും സംവിധാനവുമെല്ലാം അതില്‍ ഉള്‍പ്പെടുന്നു.

1960ല്‍ 'കളത്തൂര്‍ കണ്ണമ്മ' എന്ന ചിത്രത്തില്‍ ബാലതാരമായെത്തി മികച്ച ബാലനടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയതു മുതല്‍ ഈ പ്രതിഭക്ക് തിരശീലയില്‍ എന്ത് ചെയ്യാനും ഒരു മടിയുമുണ്ടായിട്ടില്ല. കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗങ്ങളാണ് കമല്‍ നായകനായി അഭിനയിച്ച ആദ്യ ചിത്രം. കഥാപാത്രം മികച്ചതാക്കാന്‍ വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ കമല്‍ തയ്യാറായിരുന്നു. അവര്‍കള്‍ എന്ന ചിത്രത്തിന് വേണ്ടി വിഡംബനം എന്ന കല കമല്‍ അഭ്യസിച്ചു. അപൂര്‍വ്വ രാഗങ്ങള്‍ക്ക് വേണ്ടി മൃദംഗം പഠിച്ചു. സികപ്പ് റോജാക്കളില്‍ മാനസിക വൈകല്യമുള്ള കൊലയാളിയുടെ വേഷമായിരുന്നു കമലിന്. സാഗരസംഗമത്തില്‍ നര്‍ത്തകനായി. അപൂര്‍വ്വ സഹോദരങ്ങളില്‍ കള്ളനും കോമാളിയുമായി. അവ്വൈ ഷണ്മുഖിയില്‍ സ്ത്രീയായി. ലോക സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരാള്‍ ഒരു സിനിമയില്‍ പത്ത് കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ദശാവതാരത്തിലൂടെയായായിരുന്നു. അതിലൂടെയും കമല്‍ പ്രേക്ഷകരെ അതിശയിപ്പിച്ചു കൊണ്ടിരുന്നു. പിന്നീട് മക്കള്‍ നീതി മയ്യത്തിലൂടെ തമിഴകത്തിന്‍റെ രാഷ്ട്രീയ വാഴ്ചകള്‍ക്ക് ബദല്‍ മുന്നോട്ടുവെക്കാനുള്ള ശ്രമവും. കമല്‍ ഒരു അത്ഭുതമാകുന്നത് ഇങ്ങനെയെല്ലാമാണ്.