ഉലകനായകന്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നു;  ഈ മാസം അവസാനം പ്രഖ്യാപനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉലകനായകന്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നു;  ഈ മാസം അവസാനം പ്രഖ്യാപനം

ചെന്നൈ :  തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടിയുമായി കമല്‍ഹാസന്‍ എത്തുന്നു. പുതിയ രാഷ്ട്രീയപാര്‍ട്ടിയുടെ രൂപീകരണ ശ്രമത്തിലാണ് കമല്‍ഹാസനെന്ന്, പ്രമുഖ ദേശീയദിനപത്രമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം അവസാനത്തോടെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും, ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച നടപടികള്‍ അന്തിമഘട്ടത്തിലാണ്. അടുത്തുതന്നെ പാര്‍ട്ടി പ്രഖ്യാപനമുണ്ടായേക്കും. വിജയദശമി ദിനം, ഗാന്ധിജയന്തി ദിനം എന്നിവയാണ് പാര്‍ട്ടി പ്രഖ്യാപനത്തിന് പരിഗണിക്കുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.തദ്ദേശ തെരഞ്ഞെടുപ്പില്‍ 4000 ഓളം സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കാനാണ് ഉലകനായകന്റെ ആലോചന. ജില്ലകളിലും താലൂക്കുകളിലുമുള്ള തന്റെ ഫാന്‍സ് അസോസിയേഷനുകളെ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ലയിപ്പിക്കും.  ഭരണസ്ഥാപനങ്ങളിലേക്ക് പാര്‍ട്ടി അംഗങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്ന് കമല്‍ഹാസന്‍ കണക്കുകൂട്ടുന്നു.

ഈ മാസം 15 ന് ചെന്നൈയിലും, 16 ന് കോഴിക്കോടും കമല്‍ഹാസന്‍ സംബന്ധിക്കുന്ന പരിപാടികള്‍, രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തിന്റെ സൂചനയാണ് നല്‍കുന്നതെന്ന് താരത്തിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. വര്‍ഘീയ ഫാസിസത്തിനെതിരെ, മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഐഎം നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയിലാണ് കമല്‍ഹാസന്‍ സംബന്ധിക്കുന്നത്.

നേരത്തെ ശശികല-പളനിസാമി-പനീര്‍ശെല്‍വം വിഭഗങ്ങള്‍ തമ്മിലുള്ള എഐഎഡിഎംകെയിലെ അധികാര വടംവലിയെ നിശിതമായി വിമര്‍ശിച്ച് കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. പളനിസാമി-പനീര്‍ശെല്‍വം ലയനത്തെയും താരം പരിഹസിച്ചിരുന്നു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ തലയില്‍ വിഡ്ഢികളുടെ തൊപ്പികളാണ് ഇരിക്കുന്നതെന്നും ഇത് ഉപേക്ഷിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും കമലഹാസന്‍ ആവശ്യപ്പെട്ടിരുന്നു.


LATEST NEWS