പേരൻപ് സിനിമയുടെ രണ്ടാം പകുതിയില്‍ എവിടെയോ  സിനിമ വലിഞ്ഞുപോയി; കാരണം വ്യക്തമാക്കി മേജര്‍ രവി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പേരൻപ് സിനിമയുടെ രണ്ടാം പകുതിയില്‍ എവിടെയോ  സിനിമ വലിഞ്ഞുപോയി; കാരണം വ്യക്തമാക്കി മേജര്‍ രവി

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി പ്രഖ്യാപിക്കുമ്പോള്‍ മമ്മൂട്ടി മികച്ച നടനാകുമെന്ന കരുതലിലായിരുന്നു ആരാധകര്‍. ജൂറിയുടെ പ്രഖ്യാപനത്തിന്റെ ലൈവ് വീഡിയോയില്‍ കമന്റുകളായും മമ്മൂട്ടിക്ക് അവാര്‍ഡ് എന്ന് ആരാധകര്‍ പറഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍ മമ്മൂട്ടിക്ക് അവാര്‍ഡ് ലഭിച്ചില്ല. എന്തുകൊണ്ടാണ് മമ്മൂട്ടി തഴയപ്പെട്ടത് എന്ന് ജൂറി അംഗം മേജര്‍ രവി പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി അവാര്‍ഡ് നിര്‍ണ്ണയത്തെ കുറിച്ച് പറയുന്നത്.

പേരൻപ് എന്ന സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ മമ്മൂക്കയുടെ പ്രകടനത്തെ കുറിച്ച് എല്ലാവരും പരാമര്‍ശിച്ചിരുന്നു. ഞാനും വിചാരിച്ചിരുന്നു. പക്ഷേ സിനിമയുടെ രണ്ടാം പകുതിയില്‍ എവിടെയോ  സിനിമ വലിഞ്ഞുപോയി. അങ്ങനെ സംഭവിച്ചപ്പോള്‍ നടനോടുള്ള ഏകാഗ്രത എവിടെയോ വലിഞ്ഞുപോയി എന്നാണ് ചര്‍ച്ചയില്‍ വന്നത്. അങ്ങനെയാണ് മമ്മൂക്കയുടെ പേര് അവിടെ നില്‍ക്കട്ടെയെന്ന് വന്നത്. രണ്ട്, രണ്ടര മണിക്കൂറുള്ള സിനിമ രണ്ടാം പകുതിയില്‍ എവിടെയോ വലിച്ചലുണ്ടെന്ന തോന്നലില്‍ മമ്മൂക്ക മാറി. അല്ലെങ്കില്‍ മമ്മൂക്ക അര്‍ഹനായിരുന്നു. ഞാൻ അക്കാര്യം കൃത്യമായി പറഞ്ഞിരുന്നു. മമ്മൂക്കയുടെ പേര് അന്തിമതലത്തിലേക്ക് വന്നിരുന്നതായിരുന്നു. പക്ഷേ ഏറ്റവും ഒടുവില്‍ ഇവരെല്ലാം പോയിക്കഴിഞ്ഞിരുന്നു, ജയസൂര്യയുമെല്ലാം. പിന്നെ മമ്മൂക്കയ്‍ക്ക് പരമാര്‍ശമൊന്നും കൊടുക്കാൻ പറ്റില്ല. അവാര്‍ഡ് പങ്കിടുന്നതും നടക്കില്ല. മമ്മൂക്കയ്‍ക്ക് ബെസ്റ്റ് ആക്ടര്‍ മാത്രമേ കൊടുക്കാനാകൂ- മേജര്‍ രവി പറയുന്നു.

ഒരു മലയാളിയെന്ന നിലയില്‍ അവാര്‍ഡ് കുറഞ്ഞുപോയിയെന്ന് തോന്നുന്നു. പക്ഷേ അപ്പുറത്ത് കൂടുതല്‍ മെച്ചപ്പെട്ട സിനിമ കാണുന്നു. പണ്ട് നമ്മുടെ സിനിമകള്‍ ആയിരുന്നു മുന്നില്‍. നമ്മുടെ നിലവാരം കുറഞ്ഞിട്ടില്ല. പക്ഷേ മത്സരം കൂടിക്കൊണ്ടിരിക്കുകയാണ്. പുതിയ പുതിയ പിള്ളേര് എടുക്കുന്ന സിനിമകള്‍ അതുപോലെ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നമ്മളുടെ സിനിമകള്‍ നിലവാരം ഉള്ളതുതന്നെയാണ്. പക്ഷേ മെച്ചപ്പെടണം. നമ്മളും അപ്‍ഡേറ്റ് ചെയ്യണം- മേജര്‍ രവി പറയുന്നു.


LATEST NEWS