മെര്‍സല്‍ വീണ്ടും സെന്‍സര്‍ ചെയ്യരുതെന്ന്  കമല്‍ഹാസന്‍; വിജയ്‌യോടൊപ്പം മെര്‍സല്‍ സിനിമ കണ്ട് കമല്‍ഹാസന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 മെര്‍സല്‍ വീണ്ടും സെന്‍സര്‍ ചെയ്യരുതെന്ന്  കമല്‍ഹാസന്‍; വിജയ്‌യോടൊപ്പം മെര്‍സല്‍ സിനിമ കണ്ട് കമല്‍ഹാസന്‍

 മെര്‍സലിലെ ചില രംഗങ്ങള്‍ മാറ്റണമെന്ന് തമിഴ്‌നാട് ബിജെപി ഘടകം ആവശ്യപ്പെട്ടപ്പോള്‍ എതിര്‍പ്പുമായി  കമല്‍ഹാസന്‍.  ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യരുതെന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്.കഴിഞ്ഞ ദിവസം കമല്‍ഹാസന് വേണ്ടി മെര്‍സല്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. ആഴ്‌വാര്‍പ്പേട്ടയിലെ  ഓഫീസിലെ ഡിജിറ്റല്‍ തിയേറ്ററിലിരുന്നാണ് കമല്‍ സിനിമ കണ്ടത്.  വിജയ്, സംവിധായകന്‍ അറ്റ്‌ലി,  മുരളി രാമസാമി, ഹേമ രുക്മണി എന്നിവരും ഉണ്ടായിരുന്നു. 

 കമല്‍ഹാസനും വിജയ്‌യും കൂടിക്കാഴ്ച്ച നടത്തി. ഇതൊരു രാഷ്ട്രീയ ചര്‍ച്ചയാണോ സിനിമയെ സംബന്ധിച്ചാണോ എന്നത് വെളിപ്പെടുത്തിയിട്ടില്ല.

സിംഗപ്പൂരില്‍ ഏഴു ശതമാനം മാത്രം ചരക്ക്, സേവന നികുതി(ജിഎസ്ടി)യുള്ളപ്പോള്‍ ഇന്ത്യയിലത് 28 ശതമാനമാണ്. കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ല. പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട്. ഈ സംഭാഷണങ്ങളാണു ബിജെപിയെ ചൊടിപ്പിച്ചത്. ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും മോശമായി ചിത്രീകരിച്ച രംഗങ്ങള്‍ നീക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

എന്നാല്‍ ‘പ്രധാനപ്പെട്ട’ വിഷയമാണ് മെര്‍സല്‍ കൈകാര്യം ചെയ്തിരിക്കുന്നതെന്ന് രജനീകാന്ത് പറഞ്ഞു. അതു നന്നായി ചെയ്തതിന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും രജനീകാന്ത് ട്വീറ്റ് ചെയ്തു. എന്നാല്‍ എന്താണു വിഷയമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

‘മെര്‍സല്‍’ എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മറികടന്നാണു അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം ദീപാവലിക്കു തീയറ്ററുകളിലെത്തിയത്. എന്നാല്‍ റിലീസിനു ശേഷം ചിത്രത്തിലെ സംഭാഷണങ്ങളാണ് ഇപ്പോള്‍ വിവാദമായത്. ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് എതിരായി തമിഴ് സിനിമായിലെ പ്രമുഖരും അണിനിരന്നു.

നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും തമിഴ് സിനിമാ നിര്‍മാതാക്കളുടെ സംഘടനാ പ്രസിഡന്റുമായ വിശാല്‍, അഭിനേതാക്കളായ വിജയ് സേതുപതി, അരവിന്ദ് സ്വാമി, ശ്രീപ്രിയ, സംവിധായകന്‍ പാ രഞ്ജിത് തുടങ്ങിയവര്‍ സിനിമയ്ക്കെതിരായ നീക്കങ്ങളെ അപലപിച്ചു.

വിമര്‍ശനങ്ങളെ ഇത്തരത്തില്‍ നിശബ്ദമാക്കുകയല്ല വേണ്ടതെന്നു പറഞ്ഞാണു സംവിധായകന്‍ പാ രഞ്ജിത് പിന്തുണയുമായെത്തിയത്.

സിനിമയിലെ രംഗങ്ങള്‍ നീക്കണമെന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നു വിശാല്‍ പറഞ്ഞു. ഹോളിവുഡില്‍ യുഎസ് പ്രസിഡന്റിനെ കളിയാക്കുന്ന എത്രയോ സിനിമകള്‍ റിലീസ് ചെയ്യാറുണ്ട്. അവിടെയൊന്നും പ്രശ്നമില്ല. ഇത് ജനാധിപത്യമാണ്. നമുക്ക് എല്ലാവര്‍ക്കും അഭിപ്രായ സ്വതന്ത്ര്യമുണ്ട്. ഒരു വട്ടം സെന്‍സര്‍ ചെയ്ത സിനിമ വീണ്ടും സെന്‍സര്‍ ചെയ്യണമെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും വിശാല്‍ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെ ഇന്ത്യയെ ഒരിക്കലും ജനാധിപത്യ രാജ്യമെന്നു വിളിക്കരുത്. ശബ്ദം ഉയരേണ്ട സമയമായി എന്നുമാണു വിജയ് സേതുപതി ട്വിറ്ററില്‍ കുറിച്ചത്.


LATEST NEWS