കർണ്ണാടകയിൽ ഇന്നു മുതൽ രജനീകാന്തിന്റെ കാലാ പ്രദർശനത്തിന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കർണ്ണാടകയിൽ ഇന്നു മുതൽ രജനീകാന്തിന്റെ കാലാ പ്രദർശനത്തിന്

 കാവേരി പരാമര്‍ശം കന്നഡിഗരുടെ വികാരത്തെ വൃണപ്പെടുത്തുന്നെന്ന ആരോപണത്തില്‍ കുടുങ്ങി കര്‍ണാടക അതിര്‍ത്തി കടക്കാന്‍ കഴിയാതിരുന്ന രജനീകാന്തിന്റെ കാലായ്ക്ക് മുന്നില്‍ ഒടുവില്‍ കന്നഡത്തിലെ തീയറ്ററുകള്‍ വാതില്‍ തുറക്കുന്നു. തീയറ്ററുകളിലും മള്‍ട്ടി പ്‌ളക്‌സുകളിലും സിനിമയ്ക്കായി ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ന് മുതല്‍ ചിത്രം കര്‍ണാടകത്തില്‍ വ്യാപകമായി പ്രദര്‍ശിപ്പിച്ചു തുടങ്ങും.

കഴിഞ്ഞ ദിവസം റിലീസായ കാലാ ആദ്യദിവസം ബംഗലുരുവിലെ ഏതാനും മള്‍ട്ടിപ്‌ളക്‌സുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമയില്‍ രജനികാന്തിന്റെ നായക കഥാപാത്രം കാവേരി വിഷയം ചര്‍ച്ച ചെയ്യുന്നു എന്നാരോപിച്ച് സിനിമയ്‌ക്കെതിരേ വലിയ പ്രതിഷേധമായിരുന്നു അരങ്ങേറിയത്. 

തുടര്‍ന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് സിനിമ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കന്നഡിഗരുടെ വികാരം വൃണപ്പെടുത്തുന്ന പ്രസ്താവന രജനീകാന്ത് നടത്തുന്നു എന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ സിനിമയുടെ വിതരണക്കാരുടെ ഓഫീസ് ആക്രമിക്കപ്പെടതായും വാര്‍ത്തകള്‍ പുറത്തുവന്നു. 

സിനിമ റിലീസ് ചെയ്യുന്ന തീയറ്ററുകള്‍ക്ക് സംരക്ഷണം നല്‍കാമെന്ന് പറഞ്ഞെങ്കിലും സുരക്ഷിതത്വം മാനിച്ച് സിനിമ റിലീസ് ചെയ്യാതിരിക്കുകയാണ് നല്ലതെന്ന അഭിപ്രായപ്രകടനമാണ് കര്‍ണാടകാ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നടത്തിയത്. എന്തെല്ലാം പ്രതിഷേധങ്ങള്‍ നടന്നെങ്കിലൂം റിലീസ് ചെയ്ത സിനിമയ്ക്ക് വലിയ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. ഓണ്‍ലൈന്‍ ബുക്കിംഗില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലൂം തീയറ്ററില്‍ സിനിമ ആരാധകര്‍ ഏറ്റെടുത്തു.