രണ്ടാമൂഴം വി എ ശ്രീകുമാര്‍ സിനിമയാക്കുന്നതിനെതിരെ എം.ടി സുപ്രീംകോടതിയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രണ്ടാമൂഴം വി എ ശ്രീകുമാര്‍ സിനിമയാക്കുന്നതിനെതിരെ എം.ടി സുപ്രീംകോടതിയിൽ


ന്യൂഡല്‍ഹി: രണ്ടാംമൂഴം സിനിമയാക്കുന്നതില്‍ നിന്ന് വി.എ ശ്രീകുമാര്‍ മേനോനെ തടയണമെന്നാവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. തങ്ങളുടെ വാദം കേള്‍ക്കാതെ മറ്റുഹരജികള്‍ പരിഗണിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് എം.ടി വാസുദേവന്‍ സുപ്രീം കോടതിയെ സമീപിച്ചത്. തർക്കം മധ്യസ്ഥചർച്ചയ്ക്ക് വിടണം എന്ന ശ്രീകുമാറിന്‍റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

മദ്ധ്യസ്ഥതയ്ക്ക് ഒരുക്കമല്ലെന്നും തിരക്കഥ തിരിച്ചു തരണമെന്നുമായിരുന്നു എം.ടിയുടെ തുടക്കം മുതലേയുള്ള നിലപാട്. രണ്ടാമൂഴം സിനിമയ്ക്കുള്ള തിരക്കഥ നല്‍കി നാല് വര്‍ഷമാകുമ്ബോഴും ചിത്രീകരണം ആരംഭിക്കാത്ത ഘട്ടത്തിലായിരുന്നു എം.ടി.വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്. 

കരാർ പ്രകാരം മൂന്ന് വർഷത്തിനകം ചിത്രീകരണം തുടങ്ങണമായിരുന്നു എം.ടിയും വി.എ ശ്രീകുമാറുമായുള്ള ധാരണ. നാല് വർഷം പിന്നിട്ടിട്ടും ഒന്നും തന്നെ നടക്കാത്ത സാഹചര്യത്തിലാണ് എം.ടി സംവിധായകനും നിർമ്മാണക്കമ്പനിക്കും എതിരെ കോടതിയെ സമീപിച്ചത്. 

തുടര്‍ന്ന് മധ്യസ്ഥതാ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും എം.ടി വാസുദേവന്‍ നായര്‍ ഒരു തരത്തിലുമുള്ള അനുനയങ്ങള്‍ക്കും വഴങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതിന് ശേഷവും വി.എ ശ്രീകുമാര്‍ മേനോന്‍ പുതിയ വലിയ പ്രൊജക്ട് പ്രഖ്യാപിച്ചിരുന്നു. ഇതിലേക്ക് പിന്നണി പ്രവര്‍ത്തകരെ ക്ഷണിച്ചുള്ള പോസ്റ്ററും സംവിധായകന്‍ പുറത്തുവിട്ടിരുന്നു.