‘സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ്’  ഉടന്‍  പ്രേക്ഷകര്‍ക്കരികിലേക്ക്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ്’  ഉടന്‍  പ്രേക്ഷകര്‍ക്കരികിലേക്ക്‌


ദുബൈ:ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന 'സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ്' എന്ന ചിത്രം ഈ മാസം 26ന് പുറത്തിറങ്ങും. ജെയിംസ് എര്‍സ്‌കിനാണ് സംവിധായകന്‍. 24 വര്‍ഷക്കാലം താന്‍ കളിച്ചതെല്ലാം ജനങ്ങള്‍ക്കറിയാം. എത്ര പന്ത് നേരിട്ടു, എത്ര റണ്‍സടിച്ചു, എത്ര സെഞ്ച്വറി എന്നതെല്ലാം എല്ലാവര്‍ക്കുമറിയാം.എന്നാല്‍ ആ സമയത്ത് തന്റെ മനസ്സിലെന്തായിരുന്നെന്ന് ആര്‍ക്കും അറിയില്ല. അതേക്കുറിച്ച് സുഹൃത്തുക്കളും കുടുംബവുമെല്ലാം ഈ സിനിമയില്‍ പറയുന്നുണ്ട്. ജീവചരിത്ര സിനിമയെക്കുറിച്ച് ദുബൈയില്‍ ഞായറാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍. ഒപ്പം നിര്‍മ്മാതാവ് രവി ഭഗ്ചന്ദകും ഉണ്ടായിരുന്നു. 

അഞ്ചു വയസ്സുമുതല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതുവരെയുള്ള തന്റെ ജീവിത യാത്രയാണ് ഈ സിനിമയെന്ന് സചിന്‍ പറഞ്ഞു. റീ ടേക്കില്ലാത്ത സിനിമയാണിത്. ആരാധകരുമായി കൂടുതല്‍ അടുക്കാന്‍ ഈ സിനിമ കാരണമാകും. അവരോട് കൂടുതലായി അടുക്കാന്‍ ഞാനും ആഗ്രഹിക്കുന്നുണ്ട്. എന്നെ എത്രയോ വര്‍ഷമായി ഞാന്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനിലും ടിവിയിലും കാണുന്നു. എന്നാല്‍ 70 എം.എം. വലിയ സ്‌ക്രീനില്‍ അത് വരുമെന്ന് ഇതുവരെ കരുതിയില്ല. അതാണിപ്പോള്‍ സംഭവിക്കാന്‍ പോകുന്നത്. സ്വപ്‌നങ്ങള്‍ക്ക് പിന്നാലെയുള്ള ആ യാത്രയാണ് ഈ സിനിമ സച്ചിന്‍ വിശദീകരിക്കുന്നു.

 സിനിമയെടുക്കുന്നതിന് സമ്മതം നല്‍കുന്നതിന് മുമ്പ് ഞാന്‍ ഒരു കാര്യത്തില്‍ നിബന്ധന വെച്ചിരുന്നു. ഞാന്‍ അഭിനയിക്കില്ല, ഞാന്‍ എന്താണോ അതായിരിക്കും സിനിമയായി വരേണ്ടത്. എന്റെ വീട്ടുകാരും അഭിനയിച്ചിട്ടില്ല. വീട്ടിനകത്ത് നടക്കാറുള്ള ഞങ്ങളുടെ സംസാരം, ചര്‍ച്ചകള്‍. എല്ലാം അതുപോലെ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. സച്ചിന്റെ ഭാര്യ അഞ്ജലി, മകന്‍ അര്‍ജുന്‍, മകള്‍ സാറ, കൂടെ കളിച്ച മഹേന്ദ്രസിങ് ധോണി, വീരേന്ദര്‍ സെവാഗ് തുടങ്ങിയവരെല്ലാം അവരായി തന്നെ സിനിമയിലെത്തുന്നുണ്ട്. സച്ചിന്റെ കളികളുടെ വീഡിയോകളും സിനിമയില്‍ ധാരാളമായി ഉപയോഗിച്ചിരിക്കുന്നു.

എ.ആര്‍.റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച മൂന്നു ഗാനങ്ങള്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റാണ്. ഹിന്ദി, മറാത്തി, ഇംഗ്ലീഷ്. തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരേസമയം സിനിമ ഇറങ്ങുന്നുണ്ട്. 


 


LATEST NEWS