വൈനില്ലാതെ എന്ത് ക്രിസ്മസ്...വൈനൊരുക്കാന്‍ ഇപ്പോഴേ തുടങ്ങിക്കോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വൈനില്ലാതെ എന്ത് ക്രിസ്മസ്...വൈനൊരുക്കാന്‍ ഇപ്പോഴേ തുടങ്ങിക്കോ

ക്രിസ്മസിന്റെ ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വൈന്‍. മുന്തിരി കൊണ്ടുണ്ടാക്കുന്ന വൈറ്റ് വൈനും റെഡ് വൈനുമാണ് നമ്മുടെ അച്ചായന്മാര്‍ക്ക് ഇഷ്ടം. എത്ര വിദേശ ബ്രാന്‍ഡുകള്‍ നമ്മുടെ മനസ്സ് കീഴടക്കിയാലും വൈനില്ലാതെ ക്രിസ്മസ് ആഘോഷിക്കാന്‍ പറ്റില്ല. ക്രിസ്മസിനായി വൈനുണ്ടാക്കാന്‍ ഇപ്പോഴേ തുടങ്ങിയാലോ...  

വീട്ടില്‍ തന്നെയുണ്ടാക്കാം വീര്യം കൂടിയ വൈന്‍. അതിനായി ആവശ്യമുള്ള സാധനങ്ങള്‍-

വൈറ്റ് വൈന്‍ 
പച്ചമുന്തിരി (മധുരമുള്ളത്) - രണ്ടര കിലോ
പഞ്ചസാര - ഒന്നര കിലോ
തിളപ്പിച്ചാറിയ വെള്ളം - ഒരു ലീറ്റര്‍
പെപ്ടിക് എന്‍സൈം - അര ടീസ്പൂണ്‍
യീസ്റ്റ് - അര ടീസ്പൂണ്‍

പാകമായ പച്ചനിറത്തിലുള്ള മുന്തിരി ഉപ്പുവെള്ളത്തില്‍ നന്നായി കഴുകി വാരിവയ്ക്കുക. കുലയില്‍നിന്ന് അടര്‍ത്തി തൊലി ചെറുതായി പൊട്ടിച്ച് പെപ്ടിക് എന്‍സൈം ചേര്‍ത്ത് ഒരു രാത്രി ഭരണിയില്‍ മൂടിക്കെട്ടി വയ്ക്കുക. പിറ്റേന്നു കൈകൊണ്ടു നന്നായി ഉടച്ചു മുന്തിരി നീര് എടുക്കുക. തൊലിയും കുരുവും അരിച്ചു മാറ്റുക. യീസ്റ്റ് അല്‍പം പഞ്ചസാരയും ചെറുചൂടുവെള്ളവും ചേര്‍ത്തു ചെറിയ പാത്രത്തില്‍ 10 മിനിറ്റ് മൂടിവച്ചു പതഞ്ഞു പൊങ്ങിയശേഷം ഇതില്‍ ചേര്‍ക്കുക. പിന്നീടു ബാക്കി പഞ്ചസാരയും വെള്ളവും ചേര്‍ത്തിളക്കി അല്‍പം അയവില്‍ ഭരണി മൂടിക്കെട്ടിവയ്ക്കുക. ദിവസവും കൃത്യസമയത്തു മൂടി തുറന്നു മരത്തവി കൊണ്ട് ഇളക്കുക. 25 ദിവസം കഴിഞ്ഞാല്‍ മറ്റൊരു പാത്രത്തിലേക്ക് അരിച്ചുമാറ്റി കുപ്പിയിലാക്കുക. രണ്ടാഴ്ചകൂടി അനക്കാതെ വച്ചാല്‍ സൂപ്പര്‍ വൈനായി.

റെഡ് വൈന്‍ 
കുരുവുള്ള കറുത്ത മുന്തിരി  2 കിലോഗ്രാം
പഞ്ചസാര  2 കിലോഗ്രാം
തിളപ്പിച്ചാറിയ വെള്ളം  മൂന്നു ലീറ്റര്‍
ഏലക്ക  12
കറുവാപ്പട്ട  5
ഗ്രാമ്പു  10
കഴുകി ഉണക്കിയ ഗോതമ്പ്  ഒരു പിടി
ബീറ്റ്‌റൂട്ട് ഒരു ചെറിയ കഷണം

മുന്തിരി നന്നായി കഴുകിയെടുത്ത് ഉണങ്ങിയ ഭരണിയില്‍ മുന്തിരിയും പഞ്ചസാരയും ഇടകലര്‍ത്തി ഇടുക. ഗ്രാമ്പു, ഏലക്ക, കറുവാപ്പട്ട എന്നിവ ചതച്ചതും ബീറ്റ്‌റൂട്ടും ഗോതമ്പും ചേര്‍ത്തിളക്കുക. ഇതില്‍ മൂന്നുലീറ്റര്‍ വെള്ളം ചേര്‍ത്തു തുണികൊണ്ടു മൂടിക്കെട്ടി വയ്ക്കുക. ഒന്നിടവിട്ട ദിവസങ്ങളില്‍ മൂടി തുറന്നു തടിത്തവികൊണ്ടു നന്നായി ഇളക്കണം. 25 ദിവസം കഴിഞ്ഞു പിഴിഞ്ഞ് അരിപ്പയില്‍ അരിച്ചെടുത്തു കുപ്പിയിലോ അതേ ഭരണിയിലോ സൂക്ഷിക്കുക. 30 ദിവസം അനക്കാതെ സൂക്ഷിച്ചുവച്ചാല്‍ കൂടുതല്‍ നന്ന്.


LATEST NEWS