മുള ഗുണങ്ങൾ നിരവധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുള ഗുണങ്ങൾ നിരവധി

ആഹാരം മുതൽ ഒൗഷധം വരെ സകലതിനും ആശ്രയിക്കാവുന്ന മുള മനുഷ്യരാശിയുടെ നാളത്തെ ഉൗന്നുവടിയാകുമെന്നതിൽ സംശയമില്ല.

മുളകൾക്കും പൂക്കലാമുണ്ട്. എന്നാൽ മുള ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കുകയുള്ളൂ. അതോടെ അതു നശിക്കും. പുല്ലുവർഗത്തിൽപെട്ട മിക്കവയുടെയും സ്ഥിതി അതാണ്. എന്നാൽ വർഷം തോറും പൂക്കുന്ന ചുരുക്കം ചില ഇനങ്ങളും മുളക്കുടുംബത്തിലുണ്ട്. അവ പുഷ്പിക്കലിനെ തുടർന്ന് നശിക്കുകയുമില്ല. പൂക്കുന്നതിന് മുമ്പ് മൂത്ത ഇലകൾ കൊഴിഞ്ഞു പോകും. പിന്നെ ഇലയില്ലാതെ പൂക്കൾ മാത്രമേ ഉണ്ടാകുകയുള്ളൂ. പൂക്കൾ പൊതുവെ വളരെ ചെറുതാണ്. അവ ഒന്നുചേർന്ന് കുലകളായി കാണപ്പെടുന്നു. സാധാരണയായി നവംബർ മുതൽ ജനുവരി വരെയുള്ള കാലയളവിലാണ് മുള പൂത്തുതുടങ്ങുന്നത്.

 

മുളയരിക്ക് നെല്ലിനും ഗോതമ്പിനുമൊക്കെ സമാനമായ ആകൃതിയും പോഷകഗുണവുമുണ്ട്. മുളയരി പോറു വയ്ക്കാൻ നല്ലതാണ്. ആദിവാസികളും മറ്റും ആഹാരത്തിനായി മുളയരി ഉപയോഗിക്കാറുണ്ട്. ഒരിക്കൽ മാത്രം പുഷ്പിക്കുന്ന മുളകൾ അവയുടെ കായ മൂത്തു പാകമാകുമ്പോഴേക്കും ഉണങ്ങിക്കഴിഞ്ഞിരിക്കും.

വിശപ്പ് മാറ്റാം വിശപ്പ് വരുത്താം

മുളങ്കൂമ്പ് ഭക്ഷിക്കുന്നവരിൽ ഭാരതീയരും ഉൾപ്പെടും. ഇന്ത്യയിൽ മണിപ്പൂരിലുള്ളവരാണ് മുളങ്കൂമ്പ് തിന്നുതിൽ മുൻപന്തയിൽ. ബാംബൂ സബാംബോസ്, ഡെൻഡ്രോകലാമസ് ജൈജാന്റിയസ് എന്നിവയുടെ കൂമ്പകളാണ് മുഖ്യമായും ഉപയോഗിക്കുന്നത്. എണ്ണയിൽ വറുത്തും കറിവച്ചും ഉപയോഗിക്കുന്നു. വിശപ്പുണ്ടാവാനും കൂമ്പ് ഗുണകരമാണ്.

 

ക്ഷാമകാലത്ത് ആദിവാസികളുടെ പ്രധാന ഭക്ഷണമാണ് മുളയരി. നെല്ലുൾപ്പെട്ട പുൽവർഗ്ഗത്തിൽപെട്ട മറ്റു സസ്യങ്ങളിൽ നിന്നു ലഭിക്കുന്ന അരിക്കു തുല്യമായ ഗുണമേന്മയും ഗോതമ്പിനു സമാനമായ പ്രോട്ടീനും മുളയരിയിൽ ഉണ്ട്. കൂടാതെ മുളങ്കൂമ്പും ഭക്ഷണത്തിന് പറ്റിയതാണ്. അച്ചാറുകളും മറ്റു സ്വാദുള്ള കറികളും ഉണ്ടാക്കുവാൻ ഇവ ഉപയോഗിക്കാം.

 

മുളയുടെ ഒൗഷധഗുണവും പരക്കെ പ്രചാരമുള്ളതാണ്. ചൈനയിലും മറ്റും മുളകൊണ്ട് ഉണ്ടാക്കുന്ന കഷായം പനിയും മറ്റും സുഖപ്പെടുത്താൻ ഉപയോഗിക്കുന്നു. രക്തശുദ്ധീകരണം, നീര്, പനി, കഫക്കെട്ട്, ആസ്ത്മ, ചുമ, പക്ഷാഘാതം, ക്ഷയം, ശക്തിഹീനത എന്നിവയ്ക്കെല്ലാം ആയുർവേദത്തിൽ മുളയുടെ ഇല ഉപയോഗിക്കുന്നുണ്ട്.

 

ഒൗഷധ ഗുണമുള്ള മുളയരി കൊണ്ട് മുളയരിക്കഞ്ഞി, ചോറ്, ഉപ്പുമാവ്, പുട്ട്, പായസം, അച്ചാർ എന്നിങ്ങനെ വിവിധ വിഭവങ്ങൾ ഉണ്ടാക്കുന്നവരുണ്ട്. ക്ഷാമകാലത്തും പൊതുവേ ജോലികൾ കുറവായ ജുൺ, ജൂലൈ മാസങ്ങളേയും അതിജീവിക്കാൻ വയനാട്ടിലെ സാധാരണക്കാരും ആദിവാസികളുമെല്ലാം ഒരുകാലത്ത് പ്രധാനമായി ആശ്രിയിച്ചിരുന്നത് മുളയരിയായിരുന്നു. 1943-ലെ ബംഗാൾ ക്ഷാമകാലത്തും കേരളത്തിലെ പലർക്കും മുളയരി ആഹാരമായിട്ടുണ്ട്. ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധിയായ പല രോഗങ്ങൾക്കും ഉത്തമ ഒൗഷധം കൂടിയാണ് മുളയരിക്കൊണ്ടുള്ള വിഭവങ്ങൾ.