ക്ഷീരാമൃതം; പാലിന്റെ ഗുണങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക്ഷീരാമൃതം; പാലിന്റെ ഗുണങ്ങള്‍

ഓണക്കാലത്ത് അതിര്‍ത്തികടന്നെത്തുന്ന പാലിന്റെ ഗുണനിലവാര പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. ഓണത്തോടനുബന്ധിച്ച് 10 ലക്ഷം ലിറ്റര്‍ പാലിന്റെ അധിക ഉപഭോഗമാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. ചെക്ക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ചാണ് താത്കാലിക പരിശോധനാസംവിധാനം ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ക്ഷീരാമൃതം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ തൈക്കാട് ഗാന്ധി ഭവനിലാണ് ക്ഷീരാമൃതം പരിപാടി സംഘടിപ്പിച്ചത്. പാലിന്റെയും പാലുത്പന്നങ്ങളുടെയും ഗുണമേന്മാ ബോധവത്കരണ പരിപാടിയും പ്രദര്‍ശനവുമായിരുന്നു ക്ഷീരാമൃതം. പരിപാടിയോടനുബന്ധിച്ച് രുചിക്കൂട്ടെന്ന പേരില്‍ പായസമത്സരവും നടന്നു.


പാല്‍പ്പായസങ്ങളായിരുന്നു മത്സരത്തില്‍ എത്തിയത്. 21 പേര്‍ പായസമത്സരത്തില്‍ പങ്കെടുത്തു. ജഗതി സ്വദേശിയായ ശൈലജാ വേണുഗോപാലാണ് പായസ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയത്. കേശവദാസപുരം സ്വദേശി രാജശ്രീ, അരുവിക്കര സ്വദേശി ജയശ്രീ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഇതു കൂടാതെ രണ്ടു പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരുന്നു. പത്മജാ രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു വിധിനിര്‍ണയം നടന്നത്.


പ്രദര്‍ശനത്തില്‍ പട്ടം ക്ഷീരപരിശീലന കേന്ദ്രത്തിന്റെയും ഡെയറി സയന്‍സ് കോളേജിന്റെയും സ്റ്റാളുകളാണ്  സജ്ജീകരിച്ചിട്ടുള്ളത്.പാലുത്പന്നങ്ങളായ നെയ്യ്, പനീര്‍, ഫ്‌ളേവേഡ് മില്‍ക്ക്, ഐസ്‌ക്രീം കുല്‍ഫി, സിപ്പ് അപ്പ്, ഖോവ, പേഡ, ബര്‍ഫി, ഗുലാബ്ജാമുല്‍, ചോക്ക്ലേറ്റ്, കോഫിബൈറ്റ് കോവകേക്ക്, രസഗുള, രസമലായി, കട്ലറ്റ് തുടങ്ങിയവയാണ് പ്രദര്‍ശനത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ഡെയറി സയന്‍സ് കോളേജിന്റെ സ്റ്റാളില്‍ സൗജന്യ പാല്‍ പരിശോധനയും ഉണ്ടായിരുന്നു.

ഗവ. ആയുര്‍വേദ കോളേജിലെ ഡോ. എസ്. ഗോപകുമാര്‍, നാഷണല്‍ അസോള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കമലാസനന്‍ പിള്ള എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

നഗരസഭാ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷയായി. വി.എസ്.ശിവകുമാര്‍.എം.എല്‍.എ, ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍. രാജന്‍, കൗണ്‍സിലര്‍ വിദ്യാമോഹന്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി. ജോസഫ്, ജോയിന്റ് ഡയറക്ടര്‍ ബിജി വി. ഈശോ എന്നിവര്‍ പങ്കെടുത്തു.