ചെങ്ങള്‍ നീര്‍ കിഴങ്ങ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചെങ്ങള്‍ നീര്‍ കിഴങ്ങ്

ഇഞ്ചി, കച്ചോലം, മഞ്ഞള്‍ ഇവയുടെ കുടുംബത്തില്‍പെടുന്ന ഔഷധ സസ്യമാണ് ചെങ്ങള്‍ നീര്‍കിഴങ്ങ്. രക്തം ശുദ്ധീകരിക്കാനും, നീര് വറ്റിക്കാനും ഉതകുന്ന ഈ സസ്യം അശോകാരിഷ്ടം, ച്യവനപ്രാശം, തുടങ്ങിയ ആയുര്‍വേദ ഔഷധങ്ങളുടെ ചേരുവയുമാണ്. ഇതിന്‍റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് പഴകിയ വ്രണങ്ങളിലും, ശരീരത്തില്‍ നീരുള്ളിടങ്ങളിലും പ്രയോഗിക്കുന്നു. പല സൗന്ദര്യ വര്‍ധക വസ്തുക്കളുടേയും ചേരുവയാണിത്. എന്നാല്‍ ദൗര്‍ലഭ്യം മൂലം പലപ്പോഴും ഇവ ഒഴിവാക്കാന്‍ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാകുന്നു.

സൗഗന്ധികം (സുഗന്ധമുള്ളത്), ഹല്ലകം (വണ്ടിനാല്‍ ആകര്‍ഷിക്കപ്പെടുന്നത്), ഉല്‍പലം, ഭൂമി ചെന്പക, കല്‍ഹാരം എന്നിങ്ങനെ പല പേരുകളില്‍ ഈ ചെടി അറിയപ്പെടുന്നു.

ഭൂകാണ്ഡവും അതിനോടു ചേര്‍ന്ന വേരുകള്‍ രൂപാന്തരം പ്രാപിച്ചു വരുന്ന മണികളുമുള്ള സസ്യത്തിന്‍റെ മണികളാണ് ഔഷധ പ്രധാനം. ഹ്രസ്വകാല വിളയായി ഈ സസ്യം നമ്മുടെ നാട്ടില്‍ കൃഷി ചെയ്യാം. പരിചരണവും ഇഞ്ചി, കച്ചോലം എന്നിവയുടേതു പോലെ തന്നെ.

ഏപ്രില്‍, മേയ് മാസങ്ങളില്‍ നിലം നന്നായി കിളച്ചൊരുക്കി ഒരു മീറ്റര്‍ വീതിയില്‍ 15-20 സെ.മീ. ഉയരത്തില്‍ സൗകര്യപ്രദമായ നീളത്തില്‍ വാരങ്ങള്‍ ഉണ്ടാക്കണം. വാരങ്ങള്‍ തമ്മില്‍ 40-45 സെ. മീ. അകലം ഉണ്ടാക്കുന്നതു കൊള്ളാം. ഇവയില്‍ 20-25 സെ. മീ. അകലത്തില്‍ ചെറിയ കുഴികളെടുത്ത് ഉണക്കിപ്പൊടിച്ച കാലിവളം, കന്പോസ്റ്റ് ഇവ ചേര്‍ത്തിളക്കി ചെങ്ങള്‍ നീര്‍കിഴങ്ങിന്‍റെ ചെറിയ പ്രകന്ദങ്ങള്‍ (5 സെ. മീ.) നടണം. 

നട്ടു കഴിഞ്ഞാല്‍ ഉടന്‍ പച്ചില കൊണ്ട് പുതയിടണം. ആരോഗ്യമുള്ള മുളകള്‍ ഉണ്ടാകാനും കള വളര്‍ച്ച തടയാനും ഇതുപകരിക്കും. പുതയിടുന്ന പച്ചില വളവുമാകും. 

രണ്ടാമത്തെ ആഴ്ചയോടെ ചെടി മുളച്ച് പുതിയ ഇലകള്‍ വന്നു തുടങ്ങും. ഇലകള്‍ക്ക് മഞ്ഞിലയുടെ ആകൃതിയാണ്. എന്നാല്‍ ഇലയുടെ നടുഭാഗത്തിന് കടുത്ത പച്ച നിറവും, വശങ്ങളില്‍ ഇളം പച്ച നിറവുമായിരിക്കും. 

പണകളില്‍ ഇടയ്ക്ക് മണ്ണു കയറ്റി കൊടുക്കുന്നത് വളര്‍ച്ച ത്വരിതപ്പെടുത്തും. ഇ സസ്യങ്ങള്‍ക്ക് കീടാണു ബാധയെ കാണാറില്ല. ഏപ്രില്‍ - മേയ് മാസങ്ങളില്‍ നടുന്ന ചെടിയുടെ ഇലകള്‍ ഡിസംബര്‍, ജനുവരിയോടെ പഴുത്ത് ഉണങ്ങാന്‍ തുടങ്ങും. ആ സമയത്ത് വിളവെടുക്കാം. കിഴങ്ങുകളും മണികളും മുറിഞ്ഞ് പോകാതെ പറിച്ചെടുക്കണം. കിഴങ്ങ് നടീല്‍ വസ്തുവായും മണികള്‍ ഔഷധത്തിനായും ഉപയോഗിക്കാം. ഇവ പച്ചയായി തന്നെ ഔഷധത്തിനു ഉപയോഗിക്കുന്നതിനാല്‍ മണലില്‍ നിരത്തി സൂക്ഷിക്കാം. ഒരു സ്ഥലത്തു നിന്ന് ഏകദേശം 75 - 100 കി . ഗ്രാം ചെങ്ങള്‍ നീര്‍കിഴങ്ങ് കിട്ടും.


LATEST NEWS