നമ്മുടെ മണ്ണ് നമ്മുടെ ജീവന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നമ്മുടെ മണ്ണ് നമ്മുടെ ജീവന്‍

മനുഷ്യരുടെ വിവേചനമില്ലാത്ത പ്രകൃതിചൂഷണം മണ്ണിന്റെ സ്വാഭാവികതയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ പ്രകൃതിയൊരുക്കിയ വളക്കൂറുള്ള മേല്‍മണ്ണിന്റെ ഘടനതന്നെ മാറിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിയിലെ വിഭവങ്ങളില്‍ പകുതിയിലധികവും മനുഷ്യന്റെ നിയന്ത്രണമില്ലാത്ത ഇടപെടലിനെത്തുടര്‍ന്ന് നഷ്ടമാകുന്നു എന്ന തിരിച്ചറിവില്‍നിന്നാണ് 2015 മണ്ണിന്റെ അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലി ആഹ്വാനം ചെയ്തത്.കാലാവസ്ഥാ വ്യതിയാനവും വനശീകരണവും മലിനീകരണവും അമിതമായ നഗരവല്‍ക്കരണവും മൂലം മണ്ണിന്റെ ഫലഭൂയിഷ്ഠത നശിക്കുകയാണ്. ഇതാകട്ടെ കൃഷിയെ മാത്രമല്ല; കൃഷി അടിസ്ഥാനമായ ആവാസവ്യവസ്ഥയും ജലലഭ്യതയും ഇല്ലാതാക്കുകയാണ്.മനുഷ്യന്റെ നിലനില്‍പ്പിന് ഇതരജീവജാലങ്ങളുടെ സാന്നിധ്യം കൂടി അനിവാര്യമാണ്. ഇതിനെല്ലാം മണ്ണിന്റെ സമൃദ്ധി കൂടിയേ തീരൂ.

ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് മണ്ണെന്ന് എല്ലാവരും തിരിച്ചറിയണം. കൃഷിയുടെ അടിസ്ഥാനഘടകവും സസ്യങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും ആവാസകേന്ദ്രവുമാണ് മണ്ണ്. മണ്ണ് നന്നായാലേ മികച്ച വിളവ് ലഭിക്കൂ. അതുവഴി മാത്രമേ ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ കഴിയൂ. ആഹാരത്തിന് പുറമേ ജലം, ഊര്‍ജം,വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവയെല്ലാം പ്രദാനംചെയ്യുന്നതും ഭൂമിയില്‍ ജൈവവൈവിധ്യം നിലനിര്‍ത്തുന്നതും മണ്ണാണ്.

ഭൂമി കരയായി കാണുന്നിടത്തൊക്കെ വളക്കൂറുള്ള മണ്ണാണെന്ന് ധരിക്കരുത്. കരയുടെ 28ശതമാനം നിതാന്ത വരള്‍ച്ച നേരിടുന്ന മരുഭൂമിയാണ്. ധാതുക്കളും പോഷകങ്ങളുമില്ലാത്ത വന്ധ്യഭൂമി23ശതമാനംവരും. 22ശതമാനം ഭൂമിയിലെ മണ്ണ് വളരെ നേര്‍ത്തതും10ശതമാനം ഭൂമി വെള്ളംകെട്ടിക്കിടക്കുന്നതുമാണ്. ആറ് ശതമാനം ഭൂമി സ്ഥിരമായി മഞ്ഞുപാളികളാല്‍ മൂടികിടക്കുന്നതുമാണ്.ശേഷിക്കുന്ന 11ശതമാനമേ കൃഷിക്ക് യോഗ്യമായുള്ളൂ. ഏത് കൃഷിക്കും വിത്തിറക്കുന്ന മണ്ണ് പ്രധാനപ്പെട്ടതാണ്. 'മണ്ണറിഞ്ഞ് കൃഷി ചെയ്താല്‍ കിണ്ണം നിറയെ ചോറുണ്ണാം' എന്ന് പഴമൊഴി. ഒട്ടേറെ ജൈവ രാസ ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് മണ്ണ്. ഗുണമേന്മയുള്ള മണ്ണില്‍ 45% ധാതുലവണങ്ങളും, 5% ജൈവ വസ്തുക്കളും ഉണ്ടാവണം.അവശേഷിക്കുന്നതില്‍ 25% ഭാഗം വായുവും 25% ഭാഗം ജലവും ഉണ്ടാവണം. ഇതാണ് നല്ല മണ്ണിന്റെ ലക്ഷണം.


LATEST NEWS