കപ്പ പുഴുങ്ങിയ മണം പാമ്പിന്‍റെ വായ  പിളര്‍ത്തുന്നതോ...?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കപ്പ പുഴുങ്ങിയ മണം പാമ്പിന്‍റെ വായ  പിളര്‍ത്തുന്നതോ...?

കോഴിക്കോട്:  സന്ധ്യനേരങ്ങളില്‍ കപ്പ പുഴുങ്ങിയപോലൊരു മണം കിട്ടിയാല്‍ അതു പാമ്പ് വായ പിളര്‍ത്തുന്നതാണെന്ന് പഴമക്കാര്‍ പറയും എന്നാല്‍, ഉറപ്പിക്കാന്‍ വരട്ടെ. പാമ്പിന്റെ വായയില്‍നിന്ന് അങ്ങനെയൊരു മണമേ വരില്ല. പാമ്പുകളുടെ കാര്യത്തില്‍ സഞ്ചരിക്കുന്ന വിജ്ഞാനകോശമായി അറിയപ്പെടുന്ന വാവ സുരേഷാണ് പറയുന്നത്. അന്തിക്കു പൂക്കുന്ന സസ്യത്തിന്റെ മണമാണ് പാമ്പിന്റെ വായ്‌നാറ്റക്കഥയായി പ്രചരിക്കുന്നത്.

പാമ്പുകളെപ്പറ്റിയുള്ള ഇത്തരം കഥകള്‍ പലതും കെട്ടിച്ചമച്ചവയും അതിശയോക്തി നിറഞ്ഞവയുമാണെന്ന തിരിച്ചറിവിലേക്കെത്തുകയായിരുന്നു സെയ്ന്റ് ജോസഫ്‌സ് കോളേജ് ദേവഗിരിയിലെ ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞ സദസ്സ്. അന്ധവിശ്വാസവും കെട്ടുകഥകളുംകൊണ്ട് പാവം പാമ്പുകളെ തെറ്റിദ്ധരിച്ചുപോയതിന്റെ വിഷമം ആത്മാര്‍ഥമായി പങ്കുവെച്ചുകൊണ്ടാണ് കുട്ടികള്‍ പിരിഞ്ഞത്.

പാമ്പുകളെക്കുറിച്ചുള്ള പേടി മാറ്റാനായി പെരുമ്പാമ്പിനെയും മൂര്‍ഖനെയും മണ്ണൂലിയെയും സദസ്സിനുമുമ്പില്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു വാവ സുരേഷിന്റെ ക്ലാസ്. പെരുമ്പാമ്പിനെ തൊട്ടുനോക്കാന്‍ അവസരം കിട്ടിയതിന്റെ ആവേശത്തിലായിരുന്നു കുട്ടികള്‍. പേടിയൊട്ടുമില്ലാതെ പാമ്പുകളെ സദസ്സിലേക്കെത്തിക്കാന്‍ മുന്നില്‍നിന്നത് കോളേജിലെ ജന്തുശാസ്ത്രവിദ്യാര്‍ഥികള്‍. 

പാമ്പുകള്‍ ശപിക്കുമോ? പ്രതികാരം ചെയ്യുമോ? പലതവണ പാമ്പുകടിയേറ്റ വാവ സുരേഷിന് രക്തം ദാനം ചെയ്യാന്‍ പാടുണ്ടോ...? പലതരം സംശയങ്ങളായിരുന്നു സദസ്സിന്. രണ്ടരമണിക്കൂര്‍ നീണ്ട സംവാദത്തില്‍ മിക്കവയ്ക്കും ഉത്തരമായി.

കോളേജിലെ സുവോളജി അസോസിയേഷനാണ് പരിപാടിയൊരുക്കിയത്. പ്രിന്‍സിപ്പല്‍ ഡോ. സിബിച്ചന്‍ എം. തോമസ്, ഡോ. ജോര്‍ജ് മാത്യു, ഡി. അനുദീപ് എന്നിവര്‍ സംസാരിച്ചു.
 


LATEST NEWS