കേരളത്തില്‍ ഒരുവര്‍ഷം  30 കോടി ചക്ക

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളത്തില്‍ ഒരുവര്‍ഷം  30 കോടി ചക്ക

തിരുവനന്തപുരം: കേരളത്തില്‍ ഒരുവര്‍ഷമുണ്ടാകുന്നത് 30 കോടി ചക്ക. ഏതാണ്ട് 96,000 ഹെക്ടര്‍ സ്ഥലത്ത് പ്ലാവുകളുണ്ട്. ഇതിന്റെ പകുതിയെങ്കിലും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് പ്രയോജനപ്പെടുത്തിയാല്‍ വര്‍ഷം 1500 കോടി രൂപ ഉറപ്പാണെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.

ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ കൃഷിവകുപ്പിന്റെയും സ്വകാര്യസംരംഭകരുടെയും ചക്കസംസ്‌കരണ ഫാക്ടറികളുടെയും ശൃംഖല രൂപവത്കരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഈ വര്‍ഷം 15 കോടി ചെലവിടും.

മാളയില്‍ കൃഷിവകുപ്പിന്റെ ചക്കസംസ്‌കരണശാല ഓണത്തിന് തുടങ്ങും. ഇവിടേക്ക് വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ സംഘങ്ങള്‍വഴി കര്‍ഷകരില്‍നിന്ന് ചക്ക സംഭരിക്കും. നഷ്ടമുണ്ടാകാത്ത വിലയും ഇതിനു നിശ്ചയിക്കും.

മാളയിലെ ചക്കസംസ്‌കരണശാലയില്‍ ചക്കമിഠായി ഉള്‍പ്പടെ ഏഴു ചക്കയുത്പന്നങ്ങള്‍ വിജയകരമായി നിര്‍മിച്ചിട്ടുണ്ട്. ഇവിടത്തെ സാങ്കേതികപ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു. സാധാരണക്കാര്‍ക്ക് വാങ്ങാവുന്ന വിലയിലുള്ള പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കും.

ചക്കക്കൃഷിയെയും ചക്കവിഭവങ്ങളുടെ നിര്‍മാണത്തെയും പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചക്കമഹോത്സവം ഓഗസ്റ്റ് ഒമ്പതുമുതല്‍ 14 വരെ വയനാട് അമ്പലവയല്‍ മേഖലാ കാര്‍ഷികഗവേഷണ കേന്ദ്രത്തില്‍ നടക്കും. 14 രാജ്യങ്ങള്‍ പങ്കെടുക്കും. മലേഷ്യയിലെ ട്രോപ്പിക്കല്‍ ഫ്രൂട്ട് നെറ്റ് വര്‍ക്കും സംഘാടനത്തില്‍ പങ്കുവഹിക്കും.

കാര്‍ഷികോത്പന്ന കമ്മിഷണര്‍ ടിക്കാറം മീണ, കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.